Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, 8 August 2008

ഷോക്ക്‌ ട്രീറ്റ്മെന്‍റ്റ്‌(Shock Treatment)

തോമാച്ചന്‍ കൈക്കൂലി വാങ്ങിക്കാറുണ്ട്‌, പക്ഷെ ചോദിച്ച്‌ വാങ്ങിക്കുന്ന ശീലം അയാള്‍ക്കില്ല. പാവപ്പെട്ടവരുടെ വീട്ടില്‍ ഫ്യസ്‌ പോയാല്‍ പലപ്പോഴും ഒരു നയാപൈസ പോലും വാങ്ങാതെ അയാള്‍ അത്‌ ശരിയാക്കികൊടുക്കുമായിരുന്നു. പണക്കാര്‍ അറിഞ്ഞു തരുന്ന പണം (കറണ്ട്‌ പോകുമ്പോള്‍ വിളിച്ചാല്‍ വീണ്ടും വരണമെന്ന ഉദ്ദേശത്തോടെ തരുന്ന പണം) ഒരു ഉളുപ്പുമില്ലാതെ വാങ്ങാനും തോമ മടികാട്ടിയിരുന്നില്ല.

അങ്ങനെയിരിക്കെ തോമാക്കൊരുനാള്‍ പോലീസ്‌ സ്റ്റേഷനില്‍ കയറേണ്ടി വന്നു. കൈക്കൂലികേസിനൊന്നുമല്ല. തോമ ബൈക്കില്‍ ഡ്യൂട്ടി കഴിഞ്ഞുവന്നപ്പോള്‍ വളവില്‍ വച്ച്‌ ഒരാട്ടോയുമായി തട്ടി. നിസ്സാരമായി ഒതുക്കാവുന്ന സംഭവം രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനിലെത്തി. അപ്പോഴാണ്‌ വാദിക്കും പ്രതിക്കും യഥാര്‍ത്ഥ അമളി മനസ്സിലാവുന്നത്‌, വണ്ടി ശരിയാക്കുന്നതിനേക്കാളും നല്ലൊരു തുക സ്റ്റേഷനില്‍ കോഴ നല്‍കിയാലെ വണ്ടി തിരിച്ചു കിട്ടു എന്ന അവസ്ഥയെത്തി. ഓട്ടോക്കാരന്‌ പോലീസുകാരുമായി പരിചയം ഉള്ളതിനാല്‍ ചെറിയ തുക നല്‍കി അയാള്‍ രക്ഷപെട്ടു. സ്റ്റേഷന്‍ തോമായുടെ കറണ്ടിണ്റ്റെ അധികാരപരിധിയില്‍ വരുന്ന മേഖലയായതിനാല്‍ തോമാക്ക്‌ എസ്‌ ഐയെ പരിചയമുണ്ടായിരുന്നു. പക്ഷെ എസ്‌. ഐ അന്നത്തെ ദിവസം ലീവ്‌ ആയതിനാല്‍ തോമ വലഞ്ഞു. അഡീഷണല്‍ എസ്‌ ഐ കോഴയുടെ ഉസ്താദാണെന്ന് തോമ കേട്ടിട്ടുണ്ടായിരുന്നു.


തോമ 250 രൂപയുമെടുത്ത്‌ ASI രാജനെ സമീപിച്ചു. പണം കൈപ്പറ്റിയശേഷം രാജന്‍ പറഞ്ഞു. "എടേ ഇതൊന്നിനും ഇല്ലല്ലോ വണ്ടി കൊണ്ട്‌ പോകണ്ടേടേ?"
250 കൂടി എടുത്ത്‌ നീട്ടിയപ്പോള്‍ ആ കറുത്ത മുഖത്ത്‌ മിന്നല്‍ വീഴുന്നതുപോലെ കുറെ പല്ലുകള്‍ തെളിഞ്ഞ്‌ഒരു ചിരി വന്നത്‌ തോമാ കണ്ടു. എല്ലാം ഒതുക്കി എന്നാശ്വാസത്തോടെ ബൈക്കെടുക്കാന്‍ ചെന്ന തോമായെ എ എസ്‌ ഐ കൈ കൊട്ടി വിളിച്ചു.
"എടെ താനാളു കൊള്ളാമല്ലോ, അകത്ത്‌ എഴുതാനൊക്കെ ആളിരിക്കുന്നത്‌ കണ്ടില്ലേ, അവര്‍ക്കുള്ള പങ്ക്‌ ഞാന്‍ കൊടുക്കണോ ? "
തോമ 250 രൂപകൂടി കൊടുത്തശേഷം ഇനിയും പടിയുണ്ടോ എന്ന് ശങ്കിച്ചു നിന്നു. അപ്പോള്‍ രാജനെസ്സൈ പാറാവുനിന്ന വനിതാപോലീസിനോട്‌ ഒരു ചോദ്യം
"ഒരു 50 രൂപ കാപ്പികുടിക്കാന്‍ തന്നാല്‍ താന്‍ വാങ്ങിക്കുമോ ?"
അവര്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏടേ ഒരന്‍പത്‌ രൂപ കൂടി എടുത്തേക്കൂ" തോമ അന്‍പതിണ്റ്റെ നോട്ടെടുത്ത്‌ നീട്ടി
“താന്‍ ഏതാപ്പീസിലാ വര്‍ക്ക്‌ ചെയ്യുന്നത്‌ ?
“K.S.E.B”
തോമ കലിയടക്കി പറഞ്ഞു. അപ്പോള്‍ ഇനി കറണ്ട്‌ ബില്ലടക്കാന്‍ വരുമ്പോള്‍ കാണാം ! ഇങ്ങനെ പറഞ്ഞ്‌ പാറാവുകാരിക്ക്‌ അന്‍പതുരൂപയും കൊടുത്ത്‌ കുടവയറും കുലുക്കി എ എസ്‌ ഐ അകത്തേക്ക്‌ കയറി.


ഒരു ബൈക്കപകടത്തിന്‌ തനിക്ക്‌ നല്‍കേണ്ടിവന്ന വിലയോര്‍ത്ത്‌ തോമാക്കുറക്കം വന്നില്ല. രാത്രി പത്ത്‌ മണിയായപ്പോള്‍ തന്നെ അയാള്‍ സഹലൈന്‍മാനെ ഫോണില്‍ വിളിച്ചെന്തൊക്കെയോ പറഞ്ഞു. അരമണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ തോമാ പ്രതീക്ഷിച്ചിരുന്ന പോലെ ഫോണ്‍ വന്നു. "ഹലോ തോമായല്ലേ ഞാന്‍ ASI രാജന്‍ , എടോ എണ്റ്റെ വീട്ടില്‍മാത്രം കറണ്ട്‌ പോയി. അടുത്ത വീട്ടിലൊക്കെ കറണ്ടുണ്ട്‌, താന്‍ ഒന്നു ശരിയാക്കണേ , ഉഷ്ണം കാരണം ഉറങ്ങാന്‍ കഴിയുന്നില്ല"


"ഏത്‌ രാജന്‍ എനിക്കറിയില്ലല്ലോ , ആരാ മനസ്സിലായില്ലല്ലോ "

"എടേ തണ്റ്റെ ബൈക്കിണ്റ്റെ കാര്യം സോള്‍വ്‌ ചെയ്ത "
"ഓ സാറാണോ, അയ്യോ സാറേ എനിക്കിന്നു ഓഫാ, ഇല്ലെങ്കില്‍ശരിയാക്കിത്തരാമായിരുന്നു.”
"ശരിയാക്കിത്തരാടാ" തോമാ മനസ്സില്‍ പറഞ്ഞു
അന്നു രാത്രി മുഴുവന്‍ ASI വിയര്‍ത്ത്‌ കുളിച്ച്‌ കിടന്നുറങ്ങി.
പിറ്റേന്ന് പകല്‍ സമയം മുഴുവന്‍ കറണ്ടില്ലായിരുന്നു. സന്ധ്യക്ക്‌ തോമാ രാജണ്റ്റെ വീട്ടിലെത്തി 200 രൂപയും വാങ്ങിച്ച്‌ കറണ്ട്‌ ശരിയാക്കിക്കൊടുത്തു. പക്ഷെ രാത്രി 8 മണിയായപ്പോള്‍ വീണ്ടും ഇരുട്ട്‌ വീണു. രാജന്‍ ദേഷ്യത്തോടെ ഫോണെടുത്ത്‌ തോമായെ വിളിച്ചു.
"എടോ താന്‍ എന്തോന്നാ ചെയ്തിട്ടു പോയത്‌, രാത്രി വീണ്ടും കറണ്ട്‌ പോയല്ലോ "
"സാര്‍ ഞാന്‍ ശരിയാക്കിയതാണല്ലോ, ലോഡ്‌ നില്‍ക്കുന്നില്ലായിരിക്കും" തോമ കള്ളച്ചിരിയോടെ പറഞ്ഞു.

വീണ്ടും ഉറക്കമില്ലാത്ത രാത്രി, രാജനെസ്സൈ പല്ലുകടിച്ച്‌ കൈകള്‍ കൂട്ടിത്തിരുമ്മി എന്തോ മനസ്സിലുറപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ തോമയുടെ ഫോണില്‍ ഒരു വിളി. "ഹലോ തോമായല്ലെ, സ്റ്റേഷനില്‍ വരെ വരണം, കറണ്ടിണ്റ്റെ കാര്യം സംസാരിക്കാന്‍ !" തോമ അറച്ചറച്ച്‌ സ്റ്റേഷനിലെത്തി , അകത്ത്‌ നിന്നുകൊണ്ട്‌ രാജനെസ്സൈ കൈ കാട്ടിവിളിച്ചു. പക്ഷെ തോമ അതു ശ്രദ്ധിക്കാതെ എസ്‌ ഐ യുടെ റൂമിലേക്ക്‌ നടന്നു കയറി.
"സാര്‍ സ്റ്റേഷനില്‍ കറണ്ടില്ലേ ! "
“ ഉണ്ടല്ലോ തോമാ എന്താ കാര്യം "

“അല്ല ഇവിടെനിന്നും കറണ്റ്റിണ്റ്റെ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞൊരു ഫോണ്‍ വന്നിരുന്നു"
“തോമാ പൊയ്ക്കോളൂ, ഇവിടെ ഒരു കുഴപ്പവുമില്ല”
. ഉടന്‍ തന്നെ തോമാ സ്റ്റേഷന്‍ വിട്ടിറങ്ങി. പുറകെ രാജനെസ്സൈയും
"തോമാ വെറുതെ നീ കറണ്റ്റില്ലാതാക്കി രാത്രി പണിതരരുത്‌. ആകപ്പാടെ വല്ലവിധേനയും ക്ഷീണം തീര്‍ക്കുന്നത്‌ രാത്രിയില്‍ ഉറങ്ങിയാ! ഇതാ നിണ്റ്റെ കൈയ്യില്‍ നിന്നും വാങ്ങിയ 350 രൂപ, 200നീ നേരത്തെ വാങ്ങിയല്ലോ”
"സാര്‍ സാറൊന്നുകൊണ്ടും വിഷമിക്കണ്ട ഞാന്‍ വിശദമായൊന്നുനോക്കട്ടെ! നമുക്ക്‌ പരിഹാരമുണ്ടാക്കാം "
കാശും വാങ്ങിച്ച്‌ തോമ ബൈക്കില്‍ കയറി ഓഫീസിലേക്ക്‌ വാണം വിട്ടപോലെ പോയി.

Tuesday, 11 March 2008

“ഒന്നിനു പോണം ഒന്നിനു പോണം ഒന്നോ രണ്ടോ ഞങ്ങളുടെ ഇഷ്ടം”

കോളേജില്‍ കൊച്ചു കൊച്ചു റാഗിംഗും, പഞ്ചാരയടിയും തകൃതിയായി നടന്നുവരികയാണ്‌.അപ്പോഴാണ്‌ ജൂനിയര്‍ക്ക്‌ ആശ്വാസമേകിക്കൊണ്ട്‌ സീനിയേഴ്സിന്‌ Internal Exam ണ്റ്റെ Date പ്രഖ്യാപിച്ചത്‌. Institute Director സീനിയേഴ്സിനോടുള്ള ഞൊരുക്ക്‌ തീര്‍ക്കാനാണ്‌ അപ്പോള്‍ പതിവില്ലാതെ internal Exam ണ്റ്റെ Date നേരത്തെ ഇട്ടതെന്ന് കോളേജിലൊക്കെ ഒരു അണിയറസംസാരവും നടക്കുന്നുണ്ടായിരുന്നു.


സീനിയേഴ്സിലെ ബുജികള്‍ എങ്ങനെയെങ്കിലും ഈ പരീക്ഷ മുടക്കണം എന്ന് തലകുത്തി ആലോചിക്കുവാന്‍ തുടങ്ങി. അവസാനം അവര്‍ ബുജിരാക്ഷസന്‍ മനോജേട്ടനെ തന്നെ അഭയം തേടി. പുള്ളിക്കാരനെ പറ്റി രണ്ട്‌ വാക്ക്‌. ആള്‍ രസികനും പഞ്ചാരയടിയില്‍ ഗവേഷണം നടത്തുന്നവനും അവസരം കിട്ടിയാല്‍ അദ്ധ്യാപകര്‍ക്കിട്ടു തെന്നെ വേല വക്കുന്നവനും എങ്കില്‍ക്കൂടി ആള്‍ ഒരു വലിയ സുഹൃത്‌ ബന്ധത്തിനുടമയുമായിരുന്നു.



പിറ്റെ ദിവസം കോളേജില്‍ വച്ച്‌ മനോജേട്ടന്‍ ഞങ്ങളെയുംകൂട്ടി കോളേജിണ്റ്റെ പുറകിലേക്ക്‌ നടന്നു. എന്നിട്ട്‌ കാടുപിടിച്ചുകിടക്കുന്ന മൂത്രപ്പുരയും, അവിടം സ്വര്‍ഗമാക്കി വിശ്രമിക്കുന്ന പട്ടിക്കൂട്ടത്തെയും കാട്ടി തന്നു.
"പരീക്ഷ മറ്റന്നാള്‍ തുടങ്ങുകയല്ലേ, നാളെ നമ്മള്‍ മൂത്രപ്പുരക്ക്‌ വേണ്ടിയുള്ള സമരം ആരംഭിക്കുന്നു. നമ്മുടെ പ്രിന്‍സിപ്പാള്‍ സാര്‍ എങ്ങനെയും ഈ സമരം മുടക്കാന്‍ നോക്കും. ജൂനിയേഴ്സിനെ എങ്ങനെയും കൂടെ നിര്‍ത്തി നമ്മള്‍ സമരം തുടരണം. നയാപൈസ കോളേജിലെ ആവശ്യങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ നമ്മുടെ പ്രിന്‍സിപ്പാള്‍ ശ്രമിക്കുകയില്ല എന്നുറപ്പുള്ളതിനാല്‍ നമ്മുടെ ആവശ്യം എന്തായാലും ഉടനെയെങ്ങും അദ്ദേഹം അംഗീകരിച്ചു തരില്ല. നാലഞ്ച്‌ ദിവസം എങ്ങനെയും പഠിപ്പുമുടക്കിയാല്‍ പിന്നെ ഓണാവധി കഴിഞ്ഞേ പരീക്ഷയുണ്ടാവുകയുള്ളൂ. "

മനോജേട്ടണ്റ്റെ കൂര്‍മ്മബുദ്ധിയില്‍ ഞങ്ങള്‍ അഭിമാനിച്ചു. പക്ഷെ അദ്ദേഹത്തിണ്റ്റെ സൃഷ്ടിപരമായ കഴിവ്‌ പിറ്റേന്നുള്ള മുദ്രാവാക്യത്തിലൂടാണ്‌ ഞങ്ങള്‍ അറിഞ്ഞത്‌.

"ഒന്നേ ഒന്ന് ഒന്നേ ഒന്ന്
ഞങ്ങളുടെ ലക്ഷ്യം
ഒന്നിനുവേണ്ടി ഒന്നിച്ചുള്ള
ഒന്നാമത്തെ ഞങ്ങടെ സമരം.
ഒന്നിനു പോണം ഒന്നിനു പോണം
ഒന്നോ രണ്ടോ ഞങ്ങളുടെ ഇഷ്ടം
ഒന്നിനുപോകാനിടമില്ലന്നോ
കന്നിനുപോലും സ്ഥലമുണ്ടല്ലോ "


ഈ മുദ്രാവാക്യം ഒരു തരംഗമായി അലയടിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ചില അധ്യാപകരും അത്‌ നന്നായി ആസ്വദിച്ചു. ഞങ്ങള്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. പ്രിന്‍സിപ്പാള്‍ തീരെ വഴങ്ങിയില്ല. സമരം കനത്തു.അതുപൊളിക്കാന്‍ പ്രിന്‍സിപ്പാള്‍ പരമാവധി ശ്രമിച്ചു. ജൂനിയര്‍ കുട്ടികളെ internal markണ്റ്റെ പേരില്‍ ഭീഷണിപ്പെടുത്തി. പക്ഷേ സീനിയേഴ്സിണ്റ്റെ External mark ദേഹത്ത്‌ വീഴാണ്‍ സാധ്യതയുള്ളതിനാല്‍ ജൂനിയേഴ്സും സമരത്തില്‍ നിന്നും പിന്‍ വാങ്ങിയില്ല. ഫലമോ കോളേജ്‌ ഒരാഴ്ച്ച അടച്ചിട്ടു. പരീക്ഷയൊട്ട്‌ നടന്നതുമില്ല.

പക്ഷെ ഓണാവധി കഴിഞ്ഞ്‌ വന്നപ്പോള്‍ വളരെ വേദനയോടെ ഞങ്ങള്‍ ആ കാഴ്ച്ച കണ്ടു. മനോഹരമായി, നല്ല പെയിണ്റ്റടിച്ചിട്ടിരിക്കുന്നു മൂത്രപ്പുര. നോക്കിയപ്പോള്‍ ഒരാള്‍ വളരെ സന്തോഷത്തോടെ അവിടെനിന്നും ഇറങ്ങിവരുന്നു. ഞങ്ങളുടെ മനോജേട്ടന്‍. ഞങ്ങളുടെ നേര്‍ക്ക്‌ മുഷ്ടിചുരുട്ടി അണ്ണന്‍ വിളിച്ചു കൂവി

"ഒന്നേ ഒന്ന് ഒന്നേ ഒന്ന്
ഒന്നേ ഒന്ന് ഞങ്ങളുടെ ലക്ഷ്യം
ഒന്നിനുവേണ്ടി ഒന്നിച്ചുള്ള
ഒന്നാമത്തെ നമ്മുടെ സമരം"

Monday, 12 November 2007

ഇസഹാക്കിണ്റ്റെ ഇസങ്ങള്‍.

മമ്മൂക്കായുടെ പുതിയ പടം കണ്ടോ ? എന്താപടം, ഇക്കായ്ക്ക്‌ ഇത്തവണ മികച്ചനടനുള്ള ദേശീയ അവാര്‍ഡ്‌ ഉറപ്പാ

താന്‍ ഏത്‌ സിനിമയുടെ കാര്യമാ പറയുന്നത്‌ ? ജമാല്‍ അല്‍പ്പം ആകാംക്ഷയോടെ ചോദിച്ചു.

എടാ ജമാലേ, "ഒരേ കടല്‍" നീ ഇതുവരെ കണ്ടില്ലെ ?"

കണ്ടു ഇസഹാക്കെ, പക്ഷെ എനിക്ക്‌ അതത്ര മനസ്സിലായില്ല, ഇടക്കൊന്നു ഉറങ്ങിപ്പോവുകയും ചെയ്തു.

“എടാ മമ്മൂട്ടിയുടെ അഭിനയം കണ്ടാല്‍ എങ്ങനെ ഉറങ്ങാന്‍ തോന്നൂമെടാ?”

“എന്നാല്‍ കണ്ട നീ, അതിണ്റ്റെ കഥയൊന്നു പറഞ്ഞേ?” ജമാല്‍ വാശിയോടെ ചോദിച്ചു.

“മമ്മൂട്ടിയുടെ അഭിനയം കണ്ടിരുന്നപ്പോള്‍ കഥ ഞാനങ്ങ്‌ മറന്ന്‌ പോയി”. ഇസഹാക്ക്‌ ഒന്നു തപ്പിതടഞ്ഞു.

രോഗം മനസ്സിലാക്കി ജമാല്‍ ചോദിച്ചു.
“ഇക്കാ പടം വിജയിക്കുമോ? എടാ മണ്ടാ ഈ വര്‍ഷത്തെ മെഗാ ഹിറ്റായിരിക്കും ആ സിനിമാ !”

“താന്‍ ലാലിണ്റ്റെ സിനിമയൊന്നും കാണാറില്ലേ?”

“ഓ ഞാന്‍ അവണ്റ്റെ സിനിമയൊന്നും കാണാറില്ലന്നേ? അവണ്റ്റെ അഭിനയം മമ്മൂട്ടിയുടെ അത്രയും പോരാ !”

“അപ്പോള്‍ തണ്റ്റെ അഭിപ്രായത്തില്‍ മമ്മൂട്ടിയാണ്‌ മലയാളസിനിമയിലെ മികച്ച നടന്‍‍?”

“ഏയ്‌ അങ്ങനെയൊന്നുമില്ല, നസീര്‍ മോശമാണോ? ഉമ്മര്‍ മോശമാണോ ?

മാമുക്കോയയുടെ തമാശകള്‍ മോശമാണോ ? ”


കടുത്ത മോഹന്‍ലാല്‍ അരാധകനായിരുന്ന ജമാലിന്‌, ഇസഹാക്കിനെ കുനിച്ച്‌ നിര്‍ത്തി രണ്ടിടികൊടുക്കാനാണാദ്യം തോന്നിയത്‌.

പിന്നെ ഇസഹാക്കിണ്റ്റെ ഇസം കണ്ട്‌ രസിക്കുന്നതാണ്‌ കൂടുതല്‍ നല്ലതെന്ന് തോന്നി ജമാല്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട്‌ ചോദിച്ചു.

"എന്നാലും ഇസഹാക്കെ പാകിസ്താണ്റ്റെ 20-20 Cricket ഫൈനലിലെ തോല്‍വി നാണം കെട്ടതായിരുന്നു അല്ലേ ? "
ഇസഹാക്കിണ്റ്റെ മുഖം ദേഷ്യം കൊണ്ട്‌ തുടുത്തു.

“നിന്നെപ്പോലെ അഹങ്കാരികളായ മുസ്ളീങ്ങളെ ഇങ്ങനെയൊക്കെയേ പറയൂ.”

ഇത്‌ കേട്ടപ്പോള്‍ നിയന്ത്രണം വിട്ട്‌ ജമാല്‍ ചോദിച്ചു.

“നിങ്ങള്‍ക്ക്‌ നാണമില്ലേ ഇസഹാക്കെ, ഇങ്ങനെ എല്ലാത്തിലും ഇസം കാണാന്‍. പാകിസ്താനില്‍ നമ്മള്‍ മാത്രമാണ്‌ കൂടുതല്‍, എന്നിട്ടും എല്ലാം വെട്ടിച്ചാവുകയല്ലെ ? ”


"നിങ്ങളുടെ വീട്‌ ജപ്തിചെയ്യാന്‍ പോയപ്പോള്‍, സഹായിക്കാന്‍ വന്നതാരാ, ഒരു നാരായണന്‍ മാഷ്‌, നിങ്ങളുടെ മകളുടെ നിക്കാഹിന്‌ സ്ത്രീധനം നല്‍കാനില്ലാതെ വന്ന് നിക്കാഹ്‌ മുടങ്ങുമെന്നു വന്നപ്പോള്‍ ജോര്‍ജ്‌ സാറല്ലെ സഹായിച്ചത്‌. തണ്റ്റെ അയലത്തുള്ള സന്തോഷിനെ ഗള്‍ഫിലേക്കയക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത്‌ നമ്മളുടെ മൂസാക്കയല്ലെ ,ഇനിയെങ്കിലും ശേഷിക്കുന്ന കാലം മനുഷ്യനായി ജീവിച്ചു കാണിക്ക്‌ എണ്റ്റെ ഇസഹാക്കെ ? "

തലയില്‍ നിന്ന് ഒരു ഇസക്കിളി പറന്നു പോയതു പോലെ ഇസഹാക്കിനു തോന്നി.

തണ്റ്റെ കൂട്ടരില്‍ പലരെയും തനിക്ക്‌ തിരുത്താനുണ്ടെന്ന് തീരുമാനിച്ച്‌ അയാള്‍ നടന്നകന്നു.


സന്ദേശം:- എല്ലാ മതങ്ങളിലും, ഇസം പ്രകടിപ്പിക്കുന്ന ന്യൂനപക്ഷങ്ങളുണ്ട്‌.അവര്‍ക്കുവേണ്ടി മാത്രം എഴുതിയ ഒന്നാണിത്‌.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS