Showing posts with label ക്രിക്കറ്റ്‌ ചിന്തകള്‍. Show all posts
Showing posts with label ക്രിക്കറ്റ്‌ ചിന്തകള്‍. Show all posts

Thursday, 21 January 2010

ഐ പി എല്ലും പാകിസ്താനും




പാകിസ്ഥാന്‍ ക്രിക്കറ്റ്‌ വിശാരദന്‍മാരെല്ലാം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്‌ ക്രിക്കറ്റര്‍മാരെ ഉള്‍പ്പെടുത്താത്തതില്‍ രോഷം പൂണ്ടിരിക്കുകയാണ്‌. ഐ പി എല്‍ സംഘാടകരും ഫ്രാഞ്ചൈസികളും രാഷ്ട്രീയം കളിച്ചതിനാലാണ്‌ തങ്ങളുടെ ചുണക്കുട്ടന്‍മാര്‍ പുറത്തിരുന്നതെന്നാണ്‌ അവരുടെ കണ്ടുപിടുത്തം. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്‍ഡ്യയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ്‌ കപ്പ്‌ ഹോക്കിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യവും പാകിസ്താന്‍റെ ആലോചനയിലുണ്ടത്രേ!.
അധോലോക നായകനായ ദാവൂദ്‌ ഇബ്രഹാമിന്‍റെ മകളുടെ അമ്മായി അപ്പനായി വിരാജിക്കുന്ന ക്രിക്കറ്റ്‌ ഗുരു ജാവിദ്‌ മിയാന്‍ദാദിനാണ്‌ ഇതില്‍ ശക്തിയായ പ്രതിഷേധം.
"ഐ.സി. സി, ഐ പി എല്ലിലിടപെടണമെന്നാണ്‌ അദ്ദേഹത്തിന്‍റെ വാദം"

പ്രിയപ്പെട്ട മിയാന്‍ദാദാ, ലോകത്തിലെ രണ്ടാമത്തെ ശക്തിയേറിയ Sports ‌സംഘടനയായ ബി.സി.സി. ഐ യെ വരുതിയിലാക്കാന്‍ ഐ.സി.സിയോട്‌ പറയുന്നത്‌ അമേരിക്കയെ നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസംഘടനയോട്‌ പറയുന്നതുപോലെ ആന മണ്ടത്തരമാണ്‌. ഈ വിഷയം കൈകാര്യം ചെയ്യുന്ന പാക്‌ നയതന്ത്രജ്ഞന്‍മാര്‍ പറയുന്നത്‌ ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ ബന്ധത്തിലും , ഇന്ത്യ -പാക്‌ നയതന്ത്ര ബന്ധങ്ങളിലും ഇത്‌ ഭാവിയില്‍ വിള്ളലുണ്ടാക്കുമെന്നാണ്‌. ബസ്‌ നയതന്ത്രവും ട്രെയിന്‍ നയതന്ത്രവും തുടരെ തുടരെയുള്ള ക്രിക്കറ്റ്‌ നയതന്ത്രവുമൊക്കെ നമ്മള്‍ ഒത്തിരി കണ്ടതാണല്ലോ? ഒടുവില്‍ എന്തായിരുന്നു ഫലം. കുറെയധികം നിരപരാധികളായ മനുഷ്യരെ താജ്‌ ഹോട്ടലിലിട്ട്‌ കൊലപ്പെടുത്തിയല്ലേ പാകിസ്താന്‍ കൂറ്‌ കാട്ടിയത്‌. സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴക്കരുതെന്ന് നമുക്ക്‌ എളുപ്പം പറഞ്ഞു വെക്കാം. പക്ഷെ ഇതുരണ്ടും ഇണപിരിയാത്ത സുഹൃത്തുക്കളാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ട്‌ പാകിസ്ഥാന്‍റെ മുന്‍പില്‍ ഇനി ഒരു വഴിയേ ഉള്ളൂ.

ഐ പി എല്ലിനു പകരം ടി.പി. എല്‍ സംഘടിപ്പിക്കുക.
അതായത്‌ "താലിബാന്‍ പ്രീമിയര്‍ ലീഗ്‌"
ലേലമൊന്നും നടത്തി വെറുതെ വിവാദത്തിനൊന്നും പോകരുത്‌. അരെയൊക്കെ കളിപ്പിക്കണമെന്ന് താലിബാനങ്ങ്‌ തീരുമാനിക്കുക! എന്നിട്ട്‌ അവരുടെ ഒരു ലിസ്റ്റ്‌ പുറത്തിറക്കുക. ഈ ലിസ്റ്റില്‍ പറയുന്ന ഓരോ കളിക്കാരും പ്രതിഫലമൊന്നും കൂടാതെ ടി.പി. എല്ലില്‍ കളിക്കണമെന്നും ആവശ്യപ്പെടുക. വിസമ്മതിക്കുന്നവരെ തട്ടിക്കളയുമെന്നും പറഞ്ഞേക്കുക!
ടി പി എല്‍ പരിപൂര്‍ണവിജയമാവും തീര്‍ച്ച! വേറെ ഏതുരാജ്യക്കാരില്ലെങ്കിലും ശ്രീലങ്കക്കാരുണ്ടാകും. തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ ?

Monday, 10 November 2008

ഗാംഗുലി പടിയിറങ്ങുമ്പോള്‍.




ഇന്ത്യക്ക്‌ ഏറ്റവുമധികം ടെസ്റ്റ്‌ വിജയങ്ങള്‍ സമ്മാനിച്ച " മഹാരാജ" ക്രിക്കറ്റിനോട്‌ വിട ചൊല്ലുമ്പോള്‍ ഓഫ്‌ സൈഡിലെ രാജാവിന്‌ പകരം വക്കാന്‍ ഒരു പിന്‍ഗാമിയെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ്‌ ടീം ഇന്ത്യ. സൌരവിണ്റ്റെ വിവാദഭരിതമായ ക്രിക്കറ്റ്‌ കരിയര്‍ അദ്ദേഹത്തിണ്റ്റെ ഇന്നിംഗ്സ്‌ പോലെ തന്നെ വിസ്മയകരമാണ്‌. ഒരുവര്‍ഷത്തോളം മോശം ഫോമിനേക്കാളുപരി ക്രിക്കറ്റിണ്റ്റെ അകത്തളങ്ങളിലുള്ള കളികളിലൂടെ പുറത്തിരുന്നശേഷം ഉജ്ജ്വലമായ തിരിച്ച്‌ വരവ്‌ നടത്തിയ സൌരവ്‌ നല്ല രീതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും ഏകദിനടീമില്‍ നിന്നും പുറത്തായ ദുരന്തം കൂടി നമുക്ക്‌ കാണേണ്ടി വന്നു.

"ഞാന്‍ ചീഫ്‌ സെലക്ടര്‍ ആയി തുടരുന്നോളം സൌരവ്‌ ഇന്ത്യന്‍ ടീമിലുണ്ടാവില്ല" എന്ന് പ്രഖ്യാപിച്ച കിരണ്‍ മോറെ എന്ന കോമാളി കീപ്പറിനുള്ള മറുപടി തണ്റ്റെ ശക്തമായ രണ്ടാം വരവിലൂടെ സൌരവ്‌ നല്‍കി. വെംഗ്സാര്‍ക്കര്‍ സെലക്ടറായിരിക്കുമ്പോള്‍ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ ടീമില്‍പോലും നിലനിര്‍ത്താത്തതില്‍ നിരാശനായ ഗാംഗുലി, പിന്നീട്‌ സെലക്ടര്‍ ആയ ശ്രീകാന്തിണ്റ്റെ താല്‍പ്പര്യം കൊണ്ട്‌ മാത്രം ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിലെത്തുകയായിരുന്നു. ആസ്ത്രേലിയക്കെതിരെയുള്ള ഈ പരമ്പരയില്‍ 54 റണ്‍സ്‌ ശരാശരിയില്‍ 324 റണ്‍സെടുത്ത ഗാംഗുലി മികച്ച പ്രകടനമാണ്‌ കാഴ്ച വച്ചത്‌.

നന്നായി പ്രകടനം കാഴ്ചവച്ചിട്ടും എപ്പോഴും സെലക്ടര്‍മാരുടെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കാന്‍ അഭിമാനിയായ മുന്‍ ക്യാപ്റ്റന്‌ കഴിയുമായിരുന്നില്ല. അതിണ്റ്റെ ഫലമായി വന്ന പൊടുന്നനെയുള്ള റിട്ടയര്‍മണ്റ്റ്‌ തീരുമാനം ഏവരെയും അത്ഭുതപ്പെടുത്തി. എങ്കിലുംഅവസാനടെസ്റ്റിലെ ഉജ്ജ്വല വിജയത്തോടെ ഗാംഗുലിക്ക്‌ രാജകീയമായ വിടവാങ്ങലാണ്‌ ടീം ഇന്ത്യ നല്‍കിയത്‌.


ശ്രികാന്തിനെപ്പോലെ കാണികളെ രസിപ്പിക്കുന്ന കളിയാണ്‌ ഗാംഗുലിയുടേതെന്ന് സച്ചിന്‍ പറയുമ്പോള്‍ Opening Partnership ല്‍ ഈ ജോഡി വാരിക്കൂട്ടിയ റണ്‍സ്‌ ആയിരിക്കും ഏവരുടെയും മനസ്സിലേക്ക്‌ കടന്ന് വരിക . ഇന്ത്യയുടെ വിജയങ്ങള്‍ വളരെ വികാരതീഷ്ണതയോടെ വേദിയില്‍ പ്രകടിപ്പിച്ച ഈ ക്യാപ്റ്റന്‍, ലോഡ്സില്‍ ഇംഗ്ളണ്ടിനെതിരെ ഉടുപ്പൂരി വിജയം ആഘോഷിച്ച ആ ചിത്രം ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക.
കോഴക്കാറ്റില്‍ ആടിയുലഞ്ഞ്‌ നിന്നിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‌ നവജീവന്‍ പകരാനും ഗാംഗുലിക്ക്‌ കഴിഞ്ഞുവെന്നത്‌ മറ്റൊരു സത്യം




ഗാംഗുലിക്ക്‌ മാത്രം അര്‍ഹതപ്പെട്ട ഒരു Record ഇനിയൊരു കളിക്കാരന്‌ കരസ്ഥമാക്കാന്‍ കഴിയുമോ എന്ന് സംശയമാണ്‌. അതായത്‌ തുടര്‍ച്ചയായ 4 ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ ബഹുമതി കരസ്ഥമാക്കിയ നേട്ടം, അതും ചിരവൈരികളായ പാകിസ്ഥാനെതിരെ. ഒരു കളിക്കാരനും ഇതുവരെ തുടര്‍ച്ചയായി ഇത്രയും ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ കിട്ടിയിട്ടില്ല എന്നത്‌ ഇ നേട്ടത്തിന്‌ മാറ്റ്‌ കൂട്ടുന്നു.




ഗാംഗുലി ഭാര്യ ഡോണയോടൊപ്പം

ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സും 100വിക്കറ്റും, 100ക്യാച്ചും എടുത്തിട്ടുള്ള മൂന്നേ മൂന്ന് കളിക്കാരില്‍ ഒരാളാണ്‌ ഗംഗുലി എന്ന് പറയേണ്ടി വരുമ്പോള്‍ അദ്ദേഹത്തിണ്റ്റെ വിമര്‍ശകര്‍ക്ക്‌ പോലും തല കുനിക്കേണ്ടി വരുന്നു. മറ്റ്‌ രണ്ട്‌ കളിക്കാര്‍ സച്ചിനും ജയസൂര്യയെന്നതും ഈനേട്ടത്തിന്‌ സുഗന്ധം പരത്തുന്നു.

ആസ്ത്രേലിയക്കെതിരെ അവരുടെ മണ്ണില്‍ വച്ച്‌ ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം ഗാംഗുലിയാണെന്ന സത്യം പല ക്രിക്കറ്റ്‌ പ്രേമികളും അറിയാനിടയുണ്ടാവില്ല.


ആസ്ത്രേലിയക്കെതിരെ ഉജ്ജ്വലവിജയം നേടി ക്രിക്കറ്റിലെ ഈ മഹാരാജാവിന്‌ വീരോചിതമായ രീതിയില്‍ വിരമിക്കാന്‍ അവസരമൊരുക്കിയ ധോണിക്കും കൂട്ടുകാര്‍ക്കും അഭിമാനിക്കാം. കളിയുടെ അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ സ്ഥാനം ഗാംഗുലിക്ക്‌ തിരികെ നല്‍കി ആ പഴയ നിമിഷങ്ങള്‍ക്ക്‌ പുനര്‍ജന്‍മം നല്‍കിയ ധോണിയുടെ മാന്യതയില്‍ നമുക്കും അഭിമാനിക്കാം



Friday, 21 March 2008

ധോണി പറഞ്ഞത്‌ ശരിയാണോ ?

Sourav Ganguly യേയും Rahul Dravidനെയും ടീമില്‍നിന്ന് ഒഴിവാക്കിയത്‌ ഒരു സന്ദേശമായിരുന്നുവെന്ന ധോണിയുടെ പ്രഖ്യാപനം ശരിയാണോ ? ആസ്ത്രേലിയക്കെതിരെ ഏകദിനവിജയം നേടുന്നതില്‍, രണ്ട്‌ ഫൈനലുകളിലും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വച്ച സീനിയര്‍ താരമായ Sachinണ്റ്റെ പ്രകടനത്തെ കുറച്ചുകാണാന്‍ കഴിയുമോ ? ധോണിയുടെ അഭിപ്രായത്തില്‍ ജൂനിയര്‍ താരങ്ങള്‍ ഉണ്ടായതിനാല്‍ ഏകദിനപരമ്പര ജയിച്ചു എന്നൊരു തോന്നലാണ്‌ നമുക്കെല്ലാം ഉണ്ടാവുക.

ഭാവിയിലേക്ക്‌ ടീമിനെ വാര്‍ത്തെടുക്കുന്നത്‌ നല്ലതുതന്നെ , അത്‌ “Perform or Perish”എന്ന Policy വച്ചായിരിക്കണം അല്ലാതെ , സച്ചിനുമായി ചേര്‍ന്ന് Ganguly മികച്ച തുടക്കം ഏകദിനക്രിക്കറ്റില്‍ നല്‍കിക്ക്കൊണ്ടിരിക്കുന്ന വേളയില്‍ അദ്ദേഹത്തെ പുറത്തിരുത്തി ഒത്തിരി പരീക്ഷണങ്ങള്‍ നടത്തിയത്‌ ധോണി എന്ന ക്യാപ്റ്റണ്റ്റെ മണ്ടത്തരമായിരുന്നുവെന്ന് കളികാണുന്ന ഏവര്‍ക്കും മനസ്സിലാകും. 300 ന്‌ മുകളില്‍ പോകുന്ന റണ്‍ചേസുകളില്‍ ഒരു നല്ല തുടക്കം കിട്ടാതെ വിഷമിക്കുന്ന അവസ്ഥ ഇന്ത്യക്കുണ്ടെന്നുള്ളത്‌ സത്യമല്ലേ .

സീനിയര്‍ താരങ്ങളെ മുഴുവന്‍ പുച്ഛത്തോടെ കാണാന്‍ ശ്രമിക്കുന്ന ധോണിയുടെ ഈ പ്രസ്താവന, പക്വതയില്ലാത്ത ഒരു ക്യാപ്ടണ്റ്റെ ജല്‍പ്പനങ്ങളായേ കാണാന്‍ കഴിയൂ !

Tuesday, 4 March 2008

ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം (What a Win !)

രണ്ടാം ഫൈനലില്‍ ആസ്ത്രേലിയയെ9 റണ്‍സിന്‌ തോല്‍പ്പിച്ച്‌ വേള്‍ഡ്‌ ചാമ്പ്യന്‍മാരുടെ അഹങ്കാരത്തിന്‌ ചുട്ട മറുപടി നല്‍കിയ ഇന്ത്യന്‍ ടീം അഭിനന്ദനമര്‍ഹിക്കുന്നു. മാനസികമായി എതിരാളികളെ തകര്‍ക്കാന്‍ എല്ലാ വിധത്തിലും ശ്രമിച്ച്‌, ഇന്ത്യന്‍ ടീമിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌, ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വിജയം കൊയ്യാമെന്നകുരുട്ടുബുദ്ധിയും അമിതമായ ആത്മവിശ്വാസവുമാണ്‌ പോണ്ടിംഗിനെയും കൂട്ടരെയും തോല്‍പ്പിച്ചത്‌

കള്ളത്തരങ്ങളിലൂടെ ടെസ്റ്റ്‌ ജയിച്ചതുമുതല്‍ ആസ്ത്രേലിയക്കാര്‍ക്ക്‌ ടീമെന്ന നിലയിലുള്ള മാന്യത നഷ്ടപ്പെടുകയായിരുന്നു. പിന്നെ ലോകചാമ്പ്യന്‍മാരെന്ന ധാര്‍ഷ്ട്യവും, ബോക്സിംഗ്‌ റിങ്ങില്‍ കിട്ടിയാല്‍ ഇഷാന്ത്‌ ശര്‍മായെ ഇടിച്ചിടുമായിരുന്നു എന്നു പറഞ്ഞ ഹെയ്ഡണ്റ്റെ വമ്പു പറച്ചിലും ഇതിനെല്ലാം പുറമെ ഹര്‍ഭജനെതിരെയുള്ള കള പ്രയോഗവും ഈ വിജയത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു

വാല്‍ക്കഷണം: വെറും കളയെന്ന് ഹെയ്ഡന്‍ വിശേഷിപ്പിച്ച ഹര്‍ഭജന്‍ തന്നെ ഹെയ്ഡനെയും സൈമണ്ട്സിനെയും രണ്ട്‌ ഫൈനലിലും പുറത്താക്കിയെന്നോര്‍ക്കുമ്പോള്‍ ഇവര്‍ക്കു രണ്ട്‌ പേര്‍ക്കും ഉറക്കം വരുമോ ?

Monday, 3 March 2008

ബീമര്‍ ബ്രെറ്റ്‌ലിയും ബ്ളാസ്റ്റര്‍ സച്ചിനും (Beamer Brett Lee & Blaster Sachin)

ആസ്ത്രേലിയയും ഇന്ത്യയും തമ്മിലുള്ള കോമണ്‍ വെല്‍ത്ത്‌ ബാങ്ക്‌ സീരീസിണ്റ്റെ ആദ്യ ഫൈനലില്‍ 99റണ്‍സില്‍ നില്‍ക്കുമ്പോള്‍ ബ്രെറ്റ്‌ലിയെറിഞ്ഞ ബീമറില്‍നിന്ന് കഷ്ടിച്ച്‌ രക്ഷപെട്ട സച്ചിന്‍ , സെഞ്ച്വറിയടിക്കുകയും ഇന്ത്യയെ നിര്‍ണ്ണായകമായ ആദ്യഫൈനലില്‍ വിജയിപ്പിക്കുകയും ചെയ്തു. പക്ഷെ അങ്ങനെ ഒരു ബീമറെറിയാന്‍ ലീയെ പ്രേരിപ്പിച്ചതെന്തായിരിക്കും. എന്തായാലും കൈയ്യില്‍നിന്നും ബാള്‍ വഴുതിപ്പോവാനുള്ള സാധ്യത വിരളമെന്ന് Umpire തന്നെ പോണ്ടിംഗിനോട്‌ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടായിരുന്നു 99 ല്‍ നില്‍ക്കുന്ന ടെണ്ടുല്‍ക്കറെ സമ്മര്‍ദത്തിലാഴ്ത്താനാണോ ലീ ഇത്തരം വൃത്തികെട്ട മാര്‍ഗം നോക്കിയത്‌. പക്ഷെ അങ്ങനെ ഏറിഞ്ഞതില്‍ ലീ ഉടനെ തന്നെ ഖേഃദം പ്രകടിപ്പിക്കുകയും സച്ചിന്‍ അത്‌ ഉള്‍ക്കൊള്ളുകയും ചെയ്തതു ക്രിക്കറ്റിലെ മാന്യതയായി നമുക്ക്‌ കാണാം. ആസ്ത്രേലിയക്കാരുടെ അപരാജിതരെന്ന അഹങ്കാരത്തിനും ഹെയ്ഡണ്റ്റെയും സൈമണ്ട്സിണ്റ്റെയും ധാര്‍ഷ്ട്യത്തിനും ഉള്ള നല്ല മറുപടിയായിരുന്നു ഇന്ത്യയുടെ അനായാസ വിജയം. ഹെയ്ഡണ്റ്റെയും സൈമണ്ട്സിണ്റ്റെയും വിക്കറ്റ്‌ വീഴ്ത്തി രണ്ടുപേരുടെയും വിടുവായത്തരങ്ങള്‍ക്ക്‌ മറുപടി ബൌളിങ്ങിലൂടെ നല്‍കിയ ഹര്‍ഭജനും, ക്ഷമയോടെ സച്ചിന്‌ നന്നായി പിന്തുണ നല്‍കിയ രോഹിത്‌ ശര്‍മ്മയും ഈ വിജയത്തില്‍ നിസ്തുലമായ പങ്കാണ്‌ വഹിച്ചത്‌.



പിന്നെ സച്ചിന്‍ ലോകോത്തര ബാറ്റ്സ്മാനായിട്ടു കൂടി, ലാറ ഒറ്റക്ക്‌ കളി ജയിപ്പിച്ചതുപോലെ ഒരു performance സച്ചിണ്റ്റെ ബാറ്റില്‍നിന്നും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനത്തിനു ഒരു താല്‍ക്കാലിക മറുപടിയായി ഇന്നലത്തെ മത്സരം. ആസ്ത്രേലിയക്കെതിരെ അവരുടെ നാട്ടില്‍ വച്ച്‌ ആദ്യ സെഞ്ച്വറി കരസ്ഥമാക്കിയ സച്ചിനും കൂട്ടരും ചൊവ്വാഴ്ച്ചത്തെ മത്സരവും ജയിച്ച്‌ ഇന്ത്യക്ക്‌ പരമ്പര നേടിക്കൊടുക്കട്ടെ !

Saturday, 1 March 2008

ആസ്ത്രേലിയയുടെ അഹങ്കാരത്തിന്‌ തിരിച്ചടി

ആസ്ത്രേലിയ ഒരു ടീമെന്ന നിലയില്‍ അപരാജിതരായിരുന്നപ്പോഴായിരിക്കാം "വിനാശകാലെ വിപരീതബുദ്ധി" എന്ന പോലെ മറ്റ്‌ ടീമുകളെ പുച്ഛത്തോടെ കാണുകയും ഒരു വല്യേട്ടന്‍ ചമയുകയും ചെയ്തുതുടങ്ങിയത്‌. എല്ലാ അഹങ്കാരികള്‍ക്കും പറ്റുന്ന ആസന്നമായ വിനാശത്തിലേക്ക്‌ ആ ടീമെത്തിക്കഴിഞ്ഞിരിക്കുന്നു, അതിന്‌ തെളിവാണ്‌ തോല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ sledgingണ്റ്റെ നാനാര്‍ത്ഥങ്ങള്‍ തേടി അലയുകയും തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ടീമിലെ കളിക്കാര്‍ക്കെതിരെ തെറിവിളിച്ചുകൊണ്ട്‌ സ്വയം കുഴി തോണ്ടുകയും ചെയ്യുന്നത്‌. ആജാനുബാഹുവായ ഹെയ്ഡണ്റ്റെ കുട്ടിത്തം നിറഞ്ഞ വിടുവായകള്‍ക്കുള്ള മറുപടി ശ്രീലങ്കന്‍ ടീമില്‍ നിന്നും കിട്ടിക്കഴിഞ്ഞിരിക്കുന്നു. ശ്രീലങ്കയുടെ ചെറിയ സ്കോറായ 221 നെതിരെ ശക്തമായ രീതിയില്‍ മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ആസ്ത്രേലിയ എതിരാളികളെ വെറും ദുര്‍ബലരായിക്കണ്ട്‌ ആഞ്ഞടിച്ചപ്പോള്‍ചീട്ടുകൊട്ടാരം പോലെ 208 ല്‍ തകര്‍ന്നുവീണു.


ജയവര്‍ധനയുടെ ക്യാപ്റ്റന്‍സിയില്‍ ആസ്ത്രേലിയക്കെതിരെ ശ്രീലങ്ക നേടിയ ആദ്യജയം ഇന്ത്യക്ക്‌ ആത്മവിശ്വാസം നല്‍കിയെങ്കില്‍ എന്നുമനസ്സുകൊണ്ട്‌ ആഗ്രഹിച്ചുപോകുകയാണ്‌. അഹങ്കാരത്തിണ്റ്റെ താരരാജാക്കന്‍മാരുള്ള ആസ്ത്രേലിയക്കാര്‍ക്ക്‌ ചുട്ട മറുപടി നല്‍കുമോ അതോ, സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുമോ നമ്മുടെ അത്യുജ്ജല യുവനിര. കാത്തിരുന്നു കാണാം

Thursday, 3 January 2008

അമ്പയേഴ്സ്‌ ബാറ്റിംഗ്‌, ഇന്ത്യ ബൌളിംഗ്‌

സ്റ്റീവ്‌ ബക്ക്നര്‍ എന്ന കിഴവന്‍ അമ്പയര്‍ (വയസ്സ്‌-62) ഇന്ത്യക്കെതിരെ ബാറ്റുവീശാന്‍ തുടങ്ങിയിട്ടു കുറെ നാളുകളായി. നമ്മുടെ സച്ചിനെതിരെ ഇയാള്‍ LBW എന്ന നികൃഷ്ടായുധം നിരവധി തവണ ഉപയോഗിച്ചപ്പോളൊക്കെ നമ്മള്‍ ഇന്ത്യാക്കാര്‍ മാന്യതയുടെ മുഖം മൂടിയിട്ടുകൊണ്ട്‌ മിണ്ടാതിരിക്കുകയായിരുന്നു. ഇന്‍സമാമിനെ പോലെ ടീമിനുവേണ്ടി തണ്റ്റേടം കാണിക്കാന്‍ ധൈര്യമുള്ള ഒരു ക്യാപ്റ്റന്‍ (ഗാംഗുലിയുടെ agressiveness കുറച്ചു കാട്ടുന്നില്ല) നമുക്കില്ലായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരുമ്പോഴും ഇതിലൊന്നും താല്‍പര്യമില്ലാതെ എങ്ങനെയെങ്കിലും കുറെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ മാത്രം തുനിഞ്ഞിറങ്ങിയിരിക്കുന്ന നമ്മുടെ BCCIയെ പറ്റി എന്തു പറയാന്‍. അവര്‍ക്ക്‌ കളി ജയിക്കണമെന്ന ആഗ്രഹമൊന്നും തീരെ ഇല്ലല്ലോ വരുമാനത്തില്‍ മാത്രം കണ്ണ്‌നട്ടിരിക്കുന്ന പവാറിനും കൂട്ടര്‍ക്കും ഇതൊക്കെ ശ്രദ്ധിക്കാന്‍ ഏവിടെ സമയം. ?


നമ്മുടെ കോമാളി അമ്പയറിലേക്ക്‌ തിരിച്ചുവരാം. പണ്ടൊരിക്കല്‍ രാഹുല്‍ ദ്രാവിഡിനെ അനുകരിച്ച്‌ കളിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു ആരോപണം ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്‌.. അപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌, ഇന്ത്യക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുന്ന ഈ അമ്പയറിനെ ബഹിഷ്ക്കരിക്കാനുള്ള തണ്റ്റേടം ഇന്ത്യന്‍ ടീമും മാനേജ്മെണ്റ്റും കാണിക്കണം എന്നതാണ്‌.


ഇനി ഔട്ടായിട്ടും കളി തുടരാനുള്ള സൈമണ്ട്സിണ്റ്റെ തറചങ്കൂറ്റത്തെയും അതിനുശേഷം Cricket is a game of human errors എന്ന ഗില്‍ക്രിസ്റ്റിണ്റ്റെ വേദവാക്യത്തെയും എതിര്‍ത്തുകൊണ്ട്‌ തന്നെ പറയട്ടെ Cricket is gentlemen game എന്നൊരു വെറും വാക്കുകൂടി നമ്മള്‍ എപ്പോഴും പറയാറുണ്ട്‌. എന്നാല്‍ തേര്‍ഡ്‌ അമ്പയറിന്‌ തെറ്റ്‌ പറ്റി എന്നറിഞ്ഞപ്പോളാണ്‌ ആസ്ത്രേലിയക്കാരുടെ സഹായത്തിന്‌ അമ്പയറെല്ലാവരും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന്‌ മനസ്സിലായത്‌. ഗില്‍ക്രിസ്റ്റ്‌ Technology യെ കുറ്റം പറയാന്‍ കഴിയാനാവാതെ വിഷമിക്കുന്നുണ്ടാവാം !

എന്തായാലും ആസ്ത്രേലിയന്‍ പിച്ചുകളേക്കാള്‍ സ്റ്റീവ്‌ ബക്ക്നര്‍ എന്ന കരുമാടികുട്ടണ്റ്റെ കറുത്ത കൈകളെയാവും ഇന്ത്യക്കാര്‍ ഏറെ ഭയപ്പെടുന്നത്‌!

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS