Showing posts with label പൊളിട്രിക്സ്‌. Show all posts
Showing posts with label പൊളിട്രിക്സ്‌. Show all posts

Tuesday, 19 May 2009

എല്‍. ഡി എഫ്‌ തോറ്റതിണ്റ്റെ നാല്‌(4) പ്രധാനകാരണങ്ങള്‍

എല്‍. ഡി എഫ്‌ തോറ്റതിണ്റ്റെ നാല്‌(4) പ്രധാനകാരണങ്ങള്‍

1.”വിജയം പരാജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌.”

കഴിഞ്ഞ പരീക്ഷയില്‍ 20 ല്‍ 19 മാര്‍ക്ക്‌ നേടി ജയിച്ചപ്പോള്‍ തനിക്കെല്ലാമറിയാം ഇനി എന്നെ അധ്യാപകന്‍ പഠിപ്പിക്കണ്ട, വേണമെങ്കില്‍ ഞാന്‍ അധ്യാപകന്‌ ക്ളാസ്സെടുക്കാം എന്ന് വാശിപിടിച്ചാണ്‌ ഇത്തവണ പരീക്ഷയെഴുതിയത്‌. ജയിപ്പിച്ച അദ്ധ്യാപകന്‍ തന്നെ തോല്‍പ്പിച്ചു വിട്ടു.

2. ക്രിസ്തീയ ഗാനം

ചാനലുകളിലൂടെ പുറത്തുവന്ന കൊച്ചിഗായികയുടെ ക്രിസ്തിയ ഭക്തി ഗാനം ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ നിന്നകറ്റി.



3. വിഡ്ഢിപ്പെട്ടിയുടെ വിവരണങ്ങള്‍
സീരിയലിനു പകരം ജനങ്ങള്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങിയത്‌. ചീത്തവിളിയും , കസേരയേറുംനിറഞ്ഞുനിന്ന ഇലക്ഷന്‍ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോ!
ആടിനെ പട്ടിയാക്കുന്ന ചര്‍ച്ചകളില്‍ സഖാക്കള്‍ പങ്കെടുത്തത്‌.
ഇതെല്ലാം കണ്ട്‌ മതിപ്പുകൂടിയ ജനം വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് മനസ്സിലുറപ്പിച്ചത്‌.



4.പുതിയ രണ്ടാം ബീവി വന്നത്‌

ഒരു വയനാടന്‍ സാരി കൊടുത്ത്‌ ഒന്നാം ഭാര്യയെ മയക്കി.
വയനാടന്‍ സാരി വേണ്ട, കോഴിക്കോടന്‍ ഹല്‍വ മതിയെന്ന് പറഞ്ഞ രണ്ടാം ബീവിയെ മൊഴി ചൊല്ലി.
എന്നിട്ട്‌ ചാരിത്ര്യശുദ്ധിയില്ലാത്തവളെ പിടിച്ച്‌ രണ്ടാം ബീവിയാക്കി.

Monday, 16 March 2009

ചില രാഷ്ട്രീയ ചിന്തകള്‍

ഒരു പൊതുതിരഞ്ഞെടുപ്പു കൂടി കടന്ന് വരികയായി. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ്‌ കേരളത്തിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസ്സും സി.പി.എമ്മും . പൊന്നാനിയിലൂം കോഴിക്കോടും മാത്രം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മതിയെന്ന വാശിയിലാണ്‌ സി.പി.എം. അതിനുവേണ്ടി ലാവ്‌ലിന്‍ വിജയനായകന്‍ മദയാനയെ കൂട്ടുപിടിച്ച്‌ സി.പി.ഐയുടെ സീറ്റിനെതിരെ വാദിക്കുകയാണ്‌. രണ്ടത്താണിയെപ്പോലെ ഒരു പാവം സ്ഥാനാര്‍ത്ഥിയെ പീഡിപ്പിക്കുന്നതിനെതിരെ ഇന്ത്യരാജ്യത്തിലെ ഏറ്റവും വലിയ മതേതരകക്ഷിയായ പി.ഡി.പി വന്നിട്ടുപോലും വെളിയം കുലുങ്ങിയില്ല. എന്നു മാത്രമല്ല, വാക്കിലും നോക്കിലും പ്രവൃത്തികളിലും വരെ വിനയവും നിഷ്കളങ്കതയും പുലര്‍ത്തിവരുന്ന പാര്‍ട്ടി സെക്രട്ടറിക്കെതിരെ വാളോങ്ങിയിരിക്കുന്നു വെളിയം. "പ്രായത്തെ ബഹുമാനിക്കുന്നു, പിന്നെ പാര്‍ട്ടിയാപ്പീസുമായിപോയി" എന്നു വളരെ വിനയാന്വിതനയി സൌമ്യനായി പറഞ്ഞ പിണറായിയെ പിണക്കണ്ട വല്ല കാര്യവുമുണ്ടായിരുന്നോ വെളിയത്തിന്‌.

കേരളത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന്‌ തീരുമാനിക്കുവാനുള്ള അധികാരം മൂന്ന്‌ പേര്‍ക്ക്‌ വീതിച്ചുകൊടുത്തിരിക്കുന്ന കാര്യം വെളിയം അറിഞ്ഞിട്ടുണ്ടാവില്ല. പിണറായി, മദനി, പിന്നെ നമ്മുടെ സമുദായ നേതാക്കന്‍മാര്‍. അതംഗീകരിച്ചുകൊടുത്താല്‍ എല്ലാ പ്രശ്നവും സോള്‍വാവില്ലെ. പൊന്നാനിയില്‍ രണ്ടത്താനി എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍. ചില പിതൃശൂന്യന്‍മാരും, മാധ്യമസിന്‍ഡിക്കേറ്റും സി.പി.ഐ.(എം)സ്വതന്തന്‍ എന്ന് പറഞ്ഞു വിരട്ടാന്‍ വരും . അപ്പോള്‍ നമ്മുടെ പാര്‍ട്ടിയുടെ പേര്‌ മാറ്റിയ വിവരം അവരെ ധരിപ്പിച്ചാല്‍ മതി അതായത്‌, കമ്മ്യുണല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മദനി). അതോടെ അവര്‍ ശാന്തരാകുമല്ലോ



ലോട്ടറി, ലാവ്‌ലിന്‍, ഫാരിസ്‌ അബൂബക്കര്‍ എന്നിവയുപയോഗിച്ച്‌ കേരളത്തിണ്റ്റെ വികസനത്തെ (എന്നു വച്ചാല്‍ പാര്‍ട്ടിയുടെ വികസനത്തെ) മുരടിപ്പിക്കാന്‍ ശ്രമിച്ച മാധ്യമസിന്‍ഡിക്കേറ്റിണ്റ്റെ വക്താവായ വീരേന്ദ്രകുമാറിണ്റ്റെ സ്ഥാനാര്‍ത്ഥിത്വം എങ്ങനെ പാര്‍ട്ടി അംഗീകരിക്കും.

ഇനി കോണ്‍ഗ്രസ്സിലേക്ക്‌ വരാം. എല്‍.ഡി.എഫ്‌ 19 സീറ്റില്‍ തോറ്റാലും ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് കരുതിയതാണ്‌ തൃശൂര്‍ സീറ്റ്‌. ടോം വടക്കന്‍ പിന്‍മാറിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. എന്തോ വലുത്‌ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന സി. പി. എമ്മിണ്റ്റെ സിന്‍ഡിക്കേറ്റായ (ഇപ്പോള്‍ പിണറായി സിന്‍ഡിക്കേറ്റ്‌ എന്നറിയപ്പെടാനാണ്‌ മൂപ്പര്‍ക്കിഷ്ടം) ബുദ്ധിജീവി, നന്നായി മലയാളം പോലും അറിയില്ലെന്ന് പറഞ്ഞു വടക്കനെതിരെ വാളോങ്ങിയതോടെ "ഒരു വടക്കന്‍ വീരഗാഥ" അവസാനിക്കൂകയായിരുന്നു. നന്നായി മലയാളം അറിയാമായിരുന്ന മൂപ്പരെന്നിട്ടും പണ്ടൊന്ന് മത്സരിച്ചപ്പോള്‍ തോറ്റ്‌ പോയത്‌ മറ്റൊരു യാഥാര്‍ത്ഥ്യം. അന്ന് കോണ്‍ഗ്ര്‍സ്‌ ടിക്കറ്റില്‍ നിയമസഭയിലേക്ക്‌ മത്സരിച്ച ബുദ്ധിജീവിയെ നാട്ടുകാര്‍ നന്നായി മനസ്സിലാക്കിയതോടെ തിരഞ്ഞെടുപ്പില്‍ നന്നായങ്ങ്‌ തോറ്റു. അന്ന് മുതല്‍ തത്വങ്ങള്‍ മാറ്റിപറയാന്‍ തുടങ്ങിയ അദ്ദേഹത്തിണ്റ്റെ രോഗം ഇന്ന് മൂര്‍ദ്ദന്യാവസ്ഥയിലെത്തിയിരിക്കുന്നു.

സഃഖാവ്‌ പിണറായിയും, സഃഖാവ്‌ മദനിയും, സഃഖാവ്‌ മുരളീധരനും നയിക്കുന്ന എല്‍. ഡി എഫില്‍ ഇടത്പക്ഷം ഉണ്ടാവുമോ എന്ന് മാത്രം ആലോചിച്ചാല്‍ മതി അല്ലെ?

Friday, 6 March 2009

പൊന്നാനിയിലെ ഹിഡന്‍ അജന്‍ഡ

ബുദ്ധിരാക്ഷസന്‍മാരാല്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കുടില തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ പൊന്നാനിയിലെ രാഷ്ട്രീയനാടകങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ മതിയാകും. പൊന്നാനിയില്‍ ഇടതുമുന്നണിക്കുവേണ്ടി ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്‌ ചാനല്‍ മാധ്യമങ്ങളിലൂടെ വിടുവായത്തങ്ങള്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പൂന്തുറ സിറാജിണ്റ്റെ പാര്‍ട്ടിയായ പി.ഡി.പിയാണെന്ന് പറയുമ്പോള്‍ തന്നെ സി.പി. എമ്മിണ്റ്റെ ഈ നാടകത്തിലുള്ള പങ്ക്‌ വളരെ വ്യക്തമാകുകയാണ്‌.

അതായത്‌, പൊതുസമ്മതനായ ഒരു “പി.ഡി.പി വക്താവിനെ” സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുന്നത്‌ വഴി മദനിയെ തൃപ്തിപ്പെടുത്തുകയും ചുളുവില്‍ പി.ഡി.പിക്ക്‌ ഒരു സീറ്റ്‌ നല്‍കിയെന്ന തോന്നലുണ്ടാക്കാനുമാണ്‌ നെറികെട്ട രാഷ്ട്രീയത്തിണ്റ്റെ തലതൊട്ടപ്പന്‍മാരായ മാര്‍ക്സിസ്റ്റുകാര്‍ ശ്രമിക്കുന്നത്‌. അതിനായി സി.പി.ഐയുടെ കഴുത്തില്‍ കത്തി വക്കാന്‍ ശ്രമിക്കുന്ന സി.പി. എം ചില സത്യങ്ങള്‍ മനഃപൂര്‍വ്വം വിസ്മരിക്കുന്നു. ലോനപ്പന്‍ നമ്പാടനെ സ്വതന്ത്രനാക്കി നിര്‍ത്തി പാര്‍ട്ടിയിലേക്കെടുത്തതും ഒടുവില്‍ കെ.ടി. ജലീലിനെ സി.പി.എമ്മിണ്റ്റെ രാഷ്ട്രീയകോമരമാക്കിയതും നമ്മള്‍ കണ്ടതാണ്‌.

അതിനാല്‍ സി.പി.ഐക്കവകാശപ്പെട്ട സീറ്റ്‌ വിട്ടുകൊടുത്താല്‍ അത്‌ പി.ഡി.പി-സി.പി.എം അവിശുദ്ധബന്ധത്തിണ്റ്റെ വിജയം കൂടിയാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ട്‌ വെളിയം ഭാര്‍ഗവന്‍ ഉള്‍പ്പടെയുള്ള സി.പി.ഐ നേതാക്കള്‍ അണികളുടെ വികാരത്തെ മാനിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കണം. അല്ലെങ്കില്‍ ആര്‍.എസ്‌.പി നാറിയതിനേക്കാള്‍ നാറാന്‍ പോകുന്നത്‌ സി.പി.ഐ ആയിരിക്കും.

വാല്‍ക്കഷണം
വെളിയം ഭാര്‍ഗവനെ പോലെ തലമുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവിനോട്‌ സോഷ്യലിസത്തിണ്റ്റെയും മാര്‍ക്സിസത്തിണ്റ്റെയും വക്താവെന്ന്‌ സ്വയം അവകാശപ്പെടുന്ന പാര്‍ട്ടി സെക്രട്ടറി ,പണറായി വിജയന്‍ എല്‍.ഡി. ഏഫ്‌ യോഗത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക
"പ്രായത്തെ ബഹുമാനിക്കുന്നു, പിന്നെ ഇത്‌ ഞങ്ങളുടെ ഓഫീസുമായി പോയി"

സ്വന്തം ഘടകകക്ഷിയുടെ സമുന്നതനായ നേതാവിനോട്‌ ഒരു ഗുണ്ടാനേതാവിനെ പോലെ ധാര്‍ഷ്ട്യത്തില്‍ സംസാരിക്കുന്ന വിജയനേപോലുള്ളവരെ ദുഃര്‍ഗുണപരിഹാര പാഠശാലയിലേക്കയച്ച്‌ സമചിത്തതയോടെ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നത്‌ മാര്‍ക്സിറ്റ്‌ പാര്‍ട്ടിക്കാര്‍ക്ക്‌ നല്ലത്‌. അല്ലെങ്കില്‍ ഈ വരുന്ന ഇലക്ഷനില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ദുഃര്‍മരണത്തിന്‌ സാക്ഷിയാകാനാവും ആ പാര്‍ട്ടിയുടെ വിധി.

Monday, 26 January 2009

മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കണമെന്ന്‌ ഇ.പി. ജയരാജന്‍.

ഒരു റിപ്പബ്ളിക്ക്ഡേ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു സി.പി. എം കേന്ദ്ര കമ്മിറ്റി അംഗം, സഖാവ്‌ ഇ. പി,. ജയരാജന്‍. മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കണമെന്നാണ്‌ ജയരാജന്‍ പറഞ്ഞിരിക്കുന്നത്‌. കേരളത്തിന്‌ ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്നത്‌ മദ്യവ്യവസായമാണെന്നും അതിനാല്‍ മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കിയാല്‍ അത്‌ വഴി കേരളത്തിണ്റ്റെ റവന്യു വരുമാനം ഇരട്ടിയാവുമെന്നുമാണ്‌ സഖാവിണ്റ്റെ കണ്ടെത്തല്‍.

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി ഇരുട്ടില്‍ തപ്പുമ്പോള്‍ പുതിയൊരു വിവാദം വഴി ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ മൊത്തത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ രക്ഷപെട്ടു. മദ്യം ആഹാരത്തിണ്റ്റെ ഭാഗമാക്കുന്നത്‌ വളരെ നല്ലത്‌ ഭരിക്കുന്നവര്‍ക്കാണ്‌. ബോധം നഷ്ടപ്പെട്ട ഒരു ജനതയെ ഭരിക്കുന്നതില്‍ പരം ഒരു ആനന്ദം വേറെയുണ്ടോ ? അവിടെ ലാവ്‌ലിനായാലും ലോട്ടറിയായാലും അടിച്ച്‌ പാമ്പായാരു ജനത ഇതൊക്കെ എവിടെ ശ്രദ്ധിക്കാന്‍? വി എസിണ്റ്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും വിലപ്പെട്ട "മഹദ്‌ വചനങ്ങള്‍" പകര്‍ന്ന്‌ തന്നുകൊണ്ടിരിക്കുന്ന സുധാകരനും ദിവാകരനും ഒരു പിന്‍ഗാമിയെക്കിട്ടിയതില്‍ ഓരോപാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാം

സി.പി. ഐ(എം) എന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) എന്ന്‌ മാറ്റി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മദ്യപാനി) എന്നാക്കട്ടെ എന്ന് നമുക്ക്‌ പ്രത്യാശിക്കാം

Monday, 8 December 2008

അച്ചുവും കൊള്ളാം ഉമ്മനും കൊള്ളാം

വികസനത്തെക്കുറിച്ചും, ജനസേവനത്തെക്കുറിച്ചും രാഷ്ട്രീയനേതാക്കന്‍മാര്‍ ഏറ്റവും കൂടുതല്‍ ബോധവാന്‍മാരാകുന്നത്‌ അവര്‍ക്ക്‌ ഭരണം നഷ്ടപ്പെടുമ്പോഴാണ്‌. എപ്പോള്‍ പ്രതിപക്ഷമാവുന്നോ, അപ്പോള്‍ തുടങ്ങും ജനങ്ങള്‍ക്ക്‌ വേണ്ടി യുള്ള അവരുടെ യഥാര്‍ത്ഥപോരാട്ടം. അത്‌ അച്ചുമാമനായാലും ചാണ്ടിച്ചായനായാലും.

നമുക്ക്‌ അച്ചുമാമനില്‍ നിന്ന് തന്നെ തുടങ്ങാം. അദ്ദേഹം ഇതുവരെ ഉണ്ടാക്കിയ ഇമേജെല്ലാം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നേടിയെടുത്തത്‌ തന്നെ എന്ന കാര്യത്തില്‍ എനിക്കും നിങ്ങള്‍ക്കും സംശയമുണ്ടാവാനിടയില്ല. പെണ്‍ വാണിഭങ്ങള്‍ക്കും, കുത്തകമുതലാളിമാര്‍ക്കും പെറ്റിബൂര്‍ഷ്വാക്കള്‍ക്കുമെതിരെ (കടപ്പാട്‌:നേതാക്കന്‍മാരുടെ കവലപ്രസംഗങ്ങള്‍ക്ക്‌) പ്രായത്തെ വകവെക്കാതെ പോരാടിയ നേതാവിനെ അധികാരത്തിലേറ്റാന്‍ തെരുവിലിറങ്ങി നാം. പക്ഷെ അധികാരം കിട്ടിപകുതിയിലേറെ വര്‍ഷം പിന്നിടുമ്പോഴും, മൂന്നാര്‍ പോലുള്ള ചില നാടകങ്ങളും, ഭരിക്കുന്നവര്‍ തമ്മിലുള്ള തെരുവു യുദ്ധവും അല്ലാതെ ശേഷം എന്തുണ്ട്‌ കയ്യില്‍ എന്ന് ചോദിച്ചാല്‍ ഉത്തരം വട്ടപൂജ്യം.
പിന്നെ രണ്ട്‌ കരന്‍മാര്‍ ഉള്ളതിനാല്‍ ജനങ്ങള്‍ക്ക്‌ ബോറടിച്ചില്ല. ഒരാള്‍ കോഴിമുട്ടയും മറ്റെയാള്‍ പട്ടിപ്രയോഗങ്ങള്‍ കൊണ്ടും ജനങ്ങള്‍ക്ക്‌ ചിരിക്കാന്‍ വക നല്‍കുന്നുണ്ടായിരുന്നു.

അതെല്ലാം മറന്നേക്കൂ, നമ്മള്‍ക്ക്‌ നമ്മുടെ ചാണ്ടിച്ചായനിലേക്ക്‌ തിരിച്ചു വരാം അദ്ദേഹത്തിണ്റ്റെ പാര്‍ട്ടി വളരെ മാസത്തെ നിരീക്ഷണത്തിണ്റ്റെയും ഗവേഷണത്തിണ്റ്റെയും ഒടുവില്‍ പെട്രോളിന്‌ അഞ്ച്‌ രൂപയും ഡീസലിന്‌ രണ്ട്‌ രൂപയും കുറച്ച്‌ നമ്മളെയൊക്കെ ആനന്ദത്തിലാറാടിച്ചിരിക്കുന്നു. ഇത്രയും വില കുറച്ചപ്പോള്‍ ചാണ്ടിയുടെ ഹൃദയം ഉരുകി, മനസ്സില്‍ സോണിയയോടും, മനമോഹനനോടുമുള്ള സ്നേഹം അണപൊട്ടിയൊഴുകി. എങ്കിലും ഒരു വിഷമം മാത്രം അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. പെട്രോള്‍ വില കുറച്ചതിനാല്‍ ബസ്‌ യാത്രാചാര്‍ജും ടാക്സി, ഓട്ടോ നിരക്കുകളും, എല്ലാം കുറച്ച്‌ കേരള ജനതയെ എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റണം . ജനസേവനത്തിനുവേണ്ടി കൊതിക്കുന്ന ആ നേതാവ്‌ ഈ ആവശ്യം പൊതുവേദികളില്‍ ഉന്നയിക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം നമ്മുടെകൂടി ആവശ്യമായതിനാല്‍ നമ്മള്‍ക്ക്‌ അദ്ദേഹത്തിന്‌ ജയ്‌ വിളിക്കാം. പക്ഷെ അദ്ദേഹത്തിണ്റ്റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിണ്റ്റെ വങ്കത്തരങ്ങള്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാവും. അതേതൊക്കെയൊന്ന് ഉമ്മന്‍ ചാണ്ടി അറിയുന്നത്‌ നല്ലതാണ്‌

1. 2005 ജനവരിയില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 41ഡോളര്‍. അതിനുശേഷം 2008 ജൂലായില്‍ ക്രൂഡ്‌ ഓയില്‍ വില 148 ഡോളര്‍ വരെ ഉയര്‍ന്നപ്പോള്‍ എണ്ണ കമ്പനികളുടെ നഷ്ടം കണ്ട്‌ കണ്ണീര്‍വാര്‍ത്ത്‌ പലതവണ നിരക്ക്‌ കൂട്ടി പെട്രോള്‍ലിറ്ററിന്‌ 52.50 ആക്കി. ഇപ്പോള്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 40 ഡോളറായി താഴ്ന്നിരിക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ പെട്രോളിന്‌ 35.73 രൂപയേ ഈടാക്കാവൂ. എന്നാല്‍ വാങ്ങുന്നതോ 45 രൂപക്ക്‌ മുകളില്‍. അതായത്‌ 16.77 രൂപ കുറവ്‌ വരുത്തേണ്ട സ്ഥാനത്ത്‌ കേന്ദ്രം കുറച്ചത്‌ വെറും 5 രൂപ. ഇക്കാര്യത്തില്‍ ചാണ്ടിച്ചായന്‍ മൌനം പാലിക്കണം, കാരണം ഇവിടെ നാം ഭരണപക്ഷത്തല്ലെ, അതിനാല്‍ തല്‍ക്കാലം ജനസ്നേഹവും ജനസേവനവും മറക്കാം അല്ലേ

2. ഇനി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിണ്റ്റെ മറ്റൊരുവക്രബുദ്ധികൂടി കണ്ടുകൊള്ളൂ. 6 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പുലംഘനം ആകുമെന്ന് ഭയന്നിട്ടാണ്‌ ഉടനെ പെട്രോള്‍വില കുറക്കാത്തതെന്ന് Congress പറയുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞു വില കുറക്കുമെന്ന് തിരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചുകൊണ്ടു പ്രഖ്യാപിക്കുകയും ചെയ്തു . ദേശീയ താല്‍പര്യം കണക്കിലെടുത്ത്‌ വിലകുറക്കാമെന്ന് തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നയം വ്യക്തമാക്കിയപ്പോള്‍ ഇരുട്ടടികിട്ടിയത്‌ കേന്ദ്രത്തിനാണ്‌, അങ്ങനെ ഗത്യന്തരമില്ലാതെയാണ്‌ ചാണ്ടി ഊറ്റം കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍, വെറും 5 രൂപ പെട്രോളിനും 2 രൂപ ഡീസലിനും കുറച്ചത്‌. അതിനാല്‍ ഇതുപോലുള്ള കോമാളി വേഷങ്ങള്‍ കെട്ടി ആടാതിരിക്കാന്‍ ചാണ്ടിച്ചായന്‍ ശ്രദ്ധിക്കുക, കണ്ണടച്ച്‌ ഇരുട്ടാക്കൂന്നതിനേക്കാള്‍ നല്ലത്‌ അകകണ്ണ്‌ തുറന്ന് അപ്രിയ സത്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്‌ ചാണ്ടിച്ചായനായാലും അച്ചുമാമനായാലുംചെയ്യേണ്ടത്‌.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS