Monday, 29 September 2008

സാഹിത്യവാരഫലത്തെ എതിര്‍ക്കുന്നവര്‍

"സാഹിത്യവാരഫലം എഴുതി മലയാള ഭാവുകത്വത്തെ മലീമസപ്പെടുത്തിയ എം. കൃഷ്ണന്‍ നായരാണ് ആനുകാലികങ്ങളും പുസ്തകങ്ങളും ഓടിച്ചുനോക്കിയും ആധികാരികമായി അഭിപ്രായം പറയാം എന്ന അയഞ്ഞ മൂല്യബോധം നാല് ദശാബ്ദത്തെ സേവനകാലം കൊണ്ടുണ്ടാക്കിയത്. "

കെ.പി.നിര്‍മ്മല്‍കുമാര്‍


സാഹിത്യനിരൂപണം ജനകീയമാക്കുന്നതിനും , ആര്‍ക്കും മനസ്സിലാവാത്തവിധത്തില്‍ കഥയും കവിതയും എഴുതിപടച്ചുവിട്ടുകൊണ്ടിരുന്ന ബുദ്ധിജീവികോമരങ്ങളുടെ എഴുത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും ധൈര്യം കാട്ടിയ എം. കൃഷ്ണന്‍ നായര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അദ്ദേഹം മരിച്ചിട്ടും തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിര്‍മ്മല്‍ കുമാറിനെ പോലെയുള്ള "ജനപ്രിയ എഴുത്തുകാരുടെ " ഇത്തരം ജല്‍പ്പനങ്ങള്‍.

മുകളില്‍ സൂചിപ്പിച്ച ജനപ്രിയ എഴുത്തുകാരന്റെ ഏതെങ്കിലും പുസ്തകങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നവര്‍ വായിച്ചിട്ടുണ്ടാകും അല്ലേ. എന്നാല്‍ ഞാന്‍ ധൈര്യ പൂര്‍വ്വം പറയട്ടെ, ഒരു തവണയെങ്കിലും സാഹിത്യവാരഫലം വായിച്ചിട്ടുള്ളവര്‍ നിര്‍മ്മലിന്റെ ഇത്തരം അറുബോറന്‍ കണ്ടുപിടുത്തങ്ങളെ
പുച്ഛത്തോടെയേ വീക്ഷിക്കൂ.

വിദേശ സാഹിത്യത്തെയും അവിടിറങ്ങുന്ന ഓരോ പുതിയ പുസ്തകങ്ങളെ പറ്റിയും രസകരമായ ശൈലിയില്‍ വായനക്കാരോട് സംവദിച്ചിരുന്ന സാഹിത്യ വാരഫലം കലാകൌമുദിക്കും മലയാളം വാരികക്കും നേടിക്കൊടുത്ത പ്രചാരവും നമ്മള്‍ നേരിട്ടു കണ്ടതാണല്ലോ. സാഹിത്യവാരഫലം കലാകൌമുദിയില്‍നിന്നും മാറി മലയാളം വാരികയിലേക്ക് വന്നപ്പോള്‍സര്‍ക്കുലേഷന്റെ കാര്യത്തില്‍ മലയാളം കലാകൌമുദിയെ കടത്തിവെട്ടിയതും ചരിത്രം.


ഇതൊന്നും സ്വപ്നത്തില്‍പോലും നേടിയെടുക്കാന്‍ കഴിയാത്ത ഇന്നത്തെ എഴുത്തുകാര്‍ ആശയപരമായ ദാരിദ്ര്യം കാരണം ചിരകാലപ്രശസ്തി നേടിയ മറ്റ് എഴുത്തുകാരുടെ മേല്‍ കുതിര കയറി പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും ഇതുപോലെയുള്ള കണ്ടെത്തലുകള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ ബഷീറിനെയും എം.ടിയെയും ഒന്നും വെറുതെ വിടരുത്. അവരുടെയും കുറ്റങ്ങളും കുറവുകളും കണ്ടെത്തി മലയാള സാഹിത്യത്തിനു നവജീവന്‍ നല്‍കാന്‍ശ്രമിക്കുന്ന ഇത്തരം നിര്‍മ്മല ഹൃദയന്മാര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കൊതുകുകള്‍ക്കുംജീവിക്കണ്ടേ, അന്യന്റെ ചോര കുടിച്ചാണെങ്കിലും!

Friday, 19 September 2008

ബൂലോകശ്രദ്ധക്ക്‌.

ബ്ളോഗുകള്‍ ആവിഷ്ക്കാരസ്വാതന്തൃത്തിനും, അഭിപ്രായപ്രകടനങ്ങള്‍ക്കും ഉള്ള വേദിയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി ബ്ളോഗെഴുതുന്നവര്‍ ജാഗ്രതൈ! ഒരു വനിതാ ജഡ്ജിയെ ആക്ഷേപിച്ച്‌ ബ്ളോഗില്‍ ലേഖനമെഴുതിയമലയാളിയായ അമേരിക്കന്‍ പൌരന്‍ അറസ്റ്റിലായിരിക്കുന്നു. ഗോപാലന്‍ നായര്‍ (58) എന്ന അഭിഭാഷകനെയാണ്‌ കോടതി മൂന്ന് മാസത്തേക്ക്‌ ശിക്ഷിച്ചത്‌. നേരത്തെ സിംഗപ്പൂര്‍ പൌരത്വം ഉണ്ടായിരുന്ന ഇയാള്‍, ആധുനിക സിംഗപ്പൂരിണ്റ്റെ പ്രഥമ പ്രധാനമന്ത്രിയായ ലീ ക്വാന്‍ യൂവും ഇപ്പോഴത്തെ പ്രധാനമന്ത്രിയും കക്ഷികളായ കേസില്‍ ജഡ്ജിയായ ബെലിന്‍ഡ വിചാരണവേളയില്‍ ലീ ക്വാന്‍ യുവിണ്റ്റെ ദാസിയെപ്പോലെയാണ്‌ പെരുമാറിയത്‌ എന്ന് ബ്ളോഗിലെഴുതി. ജഡ്ജിയെ ആക്ഷേപിച്ച്‌ ലേഖനമെഴുതിയതിന്‌ കിട്ടിയത്‌ മൂന്ന് മാസം തടവ്‌ ശിക്ഷ.

ബ്ളോഗുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നകാലം വിദൂരമല്ല എന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു. ഭരണാധികാരികള്‍ തന്നെ ആശങ്കയോടെയാണ്‌ ബ്ളോഗുകളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ പാര്‍ട്ടിക്കെതിരെ ബ്ളോഗുകളിലൂടെ നടക്കുന്ന ആക്രമണങ്ങളെ ശ്രദ്ധിക്കണമെന്ന് സി. പി. എം രഹസ്യരേഃഖ ഇറക്കിയത്‌ വെറുതെയാണോ ?

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS