Friday, 6 June 2008

കാവിലേക്കൊരു യാത്ര

കുട്ടിക്കാലത്ത്‌ വീടിനടുത്തുള്ള കാവ്‌ ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായിരുന്നു. കാവിനു സമീപം ഒരു ചെറിയകുടിലില്‍ കഴിഞ്ഞിരുന്ന, കാവിലെ പൂജകളുടെയൊക്കെ മേല്‍നോട്ടം വഹിച്ചിരുന്ന എച്ചൂട്ടിയമ്മ എന്ന അമ്മൂമ്മ ഞങ്ങള്‍ കുട്ടികളെ യക്ഷിയുടെ ഭയം ജനിപ്പിക്കുന്ന ധാരാളം കഥകള്‍ കൊണ്ട്‌ ആ കാവിനെ ഞങ്ങളുടെ ബാലികേറാമലയാക്കി മാറ്റി.

എങ്കിലും ഞങ്ങളുടെയൊക്കെ മനസ്സില്‍ കാവിനുള്ളില്‍ എങ്ങനെയും കയറണമെന്ന ഒരാഗ്രഹം ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. പക്ഷികളുടെയും മറ്റ്‌ ജീവികളുടെയും ആവാസകേന്ദ്രമായ കാവില്‍ ധാരാളം വിഷപ്പാമ്പുകളും ഉണ്ടെന്ന് എച്ചൂട്ടിയമ്മ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ഉള്ള ധര്യം കൂടി ചോര്‍ന്നു പോയി.ആയിടക്കാണ്‌ ഞങ്ങളുടെ കൂട്ടത്തിലെ ധൈര്യശാലിയായ അപ്പു എന്തായാലും കാവിനുള്ളിലെ നാഗക്ഷേത്രം കാണാന്‍ പോകുന്നു എന്ന വിവരം ഞങ്ങളെ അറിയിച്ചത്‌. യക്ഷിയേയും പാമ്പിനെയും പറ്റി ഞങ്ങള്‍ ആവോളം പറഞ്ഞു അവനെ വിലക്കാന്‍ നോക്കിയെങ്കിലും അവണ്റ്റെ ചുണ്ണാമ്പ്‌-വെളുത്തുള്ളി പ്രയോഗത്തില്‍ ഞങ്ങളും അവണ്റ്റെ കൂടേ പോവാന്‍ തീരുമാനിക്കുകയായിരുന്നു. ചുണ്ണാമ്പ്‌ കയ്യില്‍ കരുതിയാല്‍ യക്ഷി ഒന്നും ചെയ്യില്ലെന്ന എച്ചൂട്ടിയമ്മയുടെ വിലയേറിയ അറിവും വെളുത്തുള്ളിയുടെ മണമുള്ള ഭാഗത്തേക്ക്‌ പാമ്പുകള്‍ വരില്ലെന്ന അപ്പുവിണ്റ്റെ വാദവും ഞങ്ങളുടെ സാഹസികസംഘത്തിന്‌ പ്രചോദനമേകി.


ഒരു തിങ്കളാഴ്ച ഞങ്ങള്‍ ഉച്ചസമയത്ത്‌ എല്ലാവരും ശാപ്പാട്‌ കഴിച്ച്‌ മയങ്ങുന്ന സമയം നോക്കി കാവിലേക്ക്‌ നടന്നു കയറി. കൈവെള്ളയില്‍ ചുണ്ണാമ്പും നിക്കറിണ്റ്റെ പോക്കറ്റില്‍ വെളുത്തുള്ളിയും കരുതി കാവിണ്റ്റെ കാണാപ്പുറങ്ങള്‍ തേടി ഞങ്ങള്‍ യാത്രയാരംഭിച്ചു. കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ വെളിയിലുള്ള ശബ്ദങ്ങളെല്ലാം പോയി. കാവിണ്റ്റെ നിഗൂഡതയില്‍ ചീവിടുകളുടെയും ഇതുവരെ കേട്ടിട്ടില്ലാത്ത ചില പക്ഷികളുടെയും ശബ്ദങ്ങളും ചെറിയ തണുപ്പും ഞങ്ങളില്‍ ഭയവും കുറച്ചൊരു രസവും പകര്‍ന്നു. കൂട്ടത്തില്‍ നടുക്കുണ്ടായിരുന്ന ഒരേയൊരു പെണ്‍കൊടി അമ്മു രാമനാമജപവും തുടങ്ങിയിരുന്നു. അതും കൂടി കേട്ടപ്പോള്‍ അപ്പുവിന്‌ അരിശം കൂടി. "അവളോട്‌ പല തവണ പറഞ്ഞതാ കൂടെ വരരുതരുന്ന്. " അമ്മു അതൊന്നു ശ്രദ്ധിക്കാതെ നാമജപം തുടര്‍ന്നു.



കാവിണ്റ്റെ നടുക്കുള്ള അമ്പലത്തിണ്റ്റെ സമീപമെത്തിയപ്പോള്‍ അപ്പു ഞങ്ങളോട്‌ എല്ലാവരും നടത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഞങ്ങള്‍ ബ്രേക്കിട്ടതുപോലെ നിന്നു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം വീണ്ടുംകേട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ ഭയം വര്‍ദ്ധിച്ചു. "പാമ്പായിരിക്കും അത്‌"
നേതാവിനെപ്പോലെ അപ്പു അഭിപ്രായം പാസ്സാക്കിയപ്പോള്‍ ഞങ്ങള്‍ വെളുത്തുള്ളി കയ്യിലെടുത്ത്‌ ഞെവിടുവാന്‍ തുടങ്ങി. ശബ്ദം അടുത്തടുത്ത്‌ വന്നപ്പോള്‍ എല്ലാവരും അപ്പുവിണ്റ്റെ അടുത്തേക്ക്‌ അറിയാതെ തന്നെ നീങ്ങുവാന്‍ തുടങ്ങി. കരിയിലയുടെ ശബ്ദത്തോടൊപ്പം മണി കിലുങ്ങുന്ന ശബ്ദം കൂടി വരുവാന്‍ തുടങ്ങി. മണിയുടെ ശബ്ദം കേട്ട്‌ ഒരു കൂട്ടം കിളികള്‍ കൂട്ടത്തോടെ പറന്നപ്പോള്‍ അമ്മേ എന്ന്‌ വിളിച്ച്‌ അമ്മു കരഞ്ഞു. അപ്പു അമ്മുവിനെ തോളിലെടുത്തു.

"ആരും പേടിക്കരുത്‌ ഞാനില്ലേകൂടെ"
അപ്പു ഞങ്ങള്‍ക്ക്‌ ധൈര്യം പകര്‍ന്നു. മരങ്ങള്‍ക്കിടയിലൂടെ മണികെട്ടിയ രണ്ട്‌ കാലുകള്‍ മാത്രം കണ്ട്‌ തരിച്ചിരുന്ന ഞങ്ങള്‍ക്ക്‌ ആ രൂപത്തിണ്റ്റെ മറ്റു ഭാഗങ്ങള്‍ തുണിവച്ച്‌ മറച്ചിരുന്നതിനാല്‍ ഒട്ടും കാണാന്‍ കഴിയാതിരുന്നത്‌ ഏറെ ഭയംജനിപ്പിച്ചു. അപ്പു നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു, അപ്പുവിണ്റ്റെ കയ്യിലിരുന്ന അമ്മുവിണ്റ്റെ രാമനമ ജപം നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്നുണ്ടായിരുന്നു.



പെട്ടെന്ന് ആ രൂപം ശക്തിയോടെ നിലം പതിച്ചപ്പോള്‍ അപ്പുവിണ്റ്റെ സര്‍വ്വനിയന്ത്രണവും വിട്ടു. “ഓടിക്കോ” എന്നുച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട്‌ അപ്പു അമ്മുവിനെയും എടുത്തു സര്‍വ്വശക്തിയും എടുത്തോടി. കൂടെ ഓട്ടമത്സരത്തിലെന്നോണം ഞങ്ങളും. സാഹസികദൌത്യം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി വെളിയിലെത്തിയ ഞങ്ങള്‍ക്ക്‌ സ്വാഗതമേകിക്കൊണ്ട്‌ ഉച്ചവെയിലും തെളിഞ്ഞ ആകാശവും കാത്തിരിക്കുന്നുണ്ടായിരുന്നു.

വെള്ളമടിച്ച്‌ സമനിലതെറ്റി കാവിലെ പൂജാരിയണവിടെ മറിഞ്ഞ്‌ വീണു കിടന്നതെന്ന് പിന്നീട്‌ അറിഞ്ഞപ്പോഴും വീണ്ടും കാവിലേക്ക്‌ ഒരു യാത്രക്ക്‌ അപ്പുവിന്‌ പോലും ധൈര്യമില്ലായിരുന്നു, പിന്നെ‌ ഞങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ !

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ഓടിക്കോ” എന്നുച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട്‌ അപ്പു അമ്മുവിനെയും എടുത്തു സര്‍വ്വശക്തിയും എടുത്തോടി. കൂടെ ഓട്ടമത്സരത്തിലെന്നോണം ഞങ്ങളും"

ഇത് വായിച്ചപ്പൊ പണ്ട് തട്ടിന്‍പുറത്തു നിന്ന് ഓടിയത് ഓര്‍ത്തുപോയി

ശ്രീ said...

ഇതു പോലെ എത്രയെത്ര ഓട്ടങ്ങള്‍ നടത്തിയിരിയ്ക്കുന്നു...
നല്ല ഓര്‍മ്മക്കുറിപ്പ്.
:)

കുഞ്ഞന്‍ said...

സാഹസികത നിറഞ്ഞ ബാല്യ കഥ നന്നായി..ശ്രീ പറഞ്ഞതുപോലെ എത്രെയെത്ര ഓട്ടങ്ങള്‍ ഓടീക്കണൂ...

Jayasree Lakshmy Kumar said...

രസകരമായ വിവരണം

ബഷീർ said...

അങ്ങിനെയൊക്കെയല്ലേ..പി.ടി.ഉഷമാര്‍ ഉണ്ടാവുന്നത്‌

Sureshkumar Punjhayil said...

Good work... Best Wishes...!

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS