Wednesday, 28 October 2009

സിദ്ദിക്കിണ്റ്റെ സ്വന്തം ടൈപ്പിസ്റ്റ്‌


ഊണ്‌ കഴിച്ചതിനുശേഷമുള്ള വിശാലമായ കത്തിയടിക്കിടയിലേക്കാണ്‌ പോസ്റ്റുമാന്‍ കത്തുകളുമായി എത്തിച്ചേര്‍ന്നത്‌. കത്തെല്ലാം കൈക്കലാക്കിയ സിദ്ദിക്ക്‌ ആകാംക്ഷയോടെയിരുന്ന ഞങ്ങളുടെ ഇടയിലേക്ക്‌ ഓഫീസ്‌ സംബന്ധമായ കത്തുകള്‍ താല്‍പര്യമില്ലാതെ വലിച്ചെറിഞ്ഞു. രജിസ്റ്റേഡ്‌ ആയി വന്ന തപാലെടുത്ത്‌ പൊട്ടിച്ചുനോക്കിയ ഉടന്‍ തന്നെ സിദ്ദിക്ക്‌ അവണ്റ്റെ മേശപ്പുറം മുഴുവന്‍ വൃത്തിയാക്കുവാന്‍ തുടങ്ങി.. അലക്ഷ്യമായി ഇരുന്ന ഫയലുകള്‍ എല്ലാമെടുത്ത്‌ അലമാരയിലേക്ക്‌ വച്ച ശേഷം കസേരയില്‍ ഇരുന്ന് അധികാരഭാവത്തോടെ ആടുവാന്‍ തുടങ്ങി.

ഒന്നും മനസ്സിലാവാതെ ഇരുന്ന ഞങ്ങളുടെ മുന്‍പിലേക്കായി പൊടിപിടിച്ചിരുന്ന ടൈപ്പ്‌ റൈറ്റിംഗ്‌ മഷീന്‍ കൊണ്ടുവന്ന് വച്ച്‌ തുടച്ചുകൊണ്ട്‌ പറഞ്ഞു.
"നാളെ മുതല്‍ ഒരുത്തനും എണ്റ്റെ മേശയുടെ അടുത്ത്‌ വന്ന് ശല്യപ്പെടുത്തിയേക്കരുത്‌"
ഞങ്ങള്‍ "ഇവനിതെന്തു പറ്റി" എന്ന ഭാവത്തില്‍ പരസ്പരം നോക്കി.
"ജാസ്മിന്‍ എന്ന ടൈപ്പിസ്റ്റ്‌ നാളെ ഇവിടെ ജോയിന്‍ ചെയ്യാന്‍ വരുന്നു. മറ്റാരും അവളുടെ രക്ഷകര്‍ത്താവ്‌ ചമയാന്‍ മെനക്കെടേണ്ട. എണ്റ്റെ സമീപം കസേരയിട്ട്‌ അവള്‍ ഇവിടിരുന്നു ടൈപ്പ്‌ ചെയ്യും. എല്ലാ കുറുക്കന്‍മാര്‍ക്കും ഗുഡ്ബൈ!"

ബാച്ചിലേഴ്സ്‌ ആയ ഞങ്ങള്‍ക്കു മൂന്നുപേര്‍ക്കും ആ ഭാഗ്യവാനായ ബാച്ചിലറിനോട്‌ അസൂയ തോന്നി.

"പിന്നെ വേറൊരു കാര്യം. ഞമ്മണ്റ്റെ തന്നെ ജാതി ആയതിനാല്‍ മറ്റാരും വലിയ പ്രതീക്ഷകള്‍ വച്ച്‌ പുലര്‍ത്തേണ്ട. ജാസ്മിണ്റ്റെ കാര്യം സിദ്ധിക്കു നോക്കികൊള്ളാം"

അതുംകൂടി കേട്ടപ്പോള്‍ പെണ്‍വിഷയത്തില്‍ expert ആയ സ്റ്റീഫണ്റ്റെ മുഃഖം ഇരുണ്ടു. പിറ്റെ ദിവസം പതിവിലും നേരത്തെ സിദ്ദിക്ക്‌ ഓഫീസിലെത്തി. അവണ്റ്റെ മുഃഖത്തെ തിളക്കത്തില്‍ നിന്നു തന്നെ തലേ ദിവസം ബ്യുട്ടി പാര്‍ലറില്‍ കയറിയെന്ന സത്യം ഞങ്ങള്‍ കണ്ടെത്തി. പത്തുമണിക്കു മുന്‍പ്‌ തന്നെ കറണ്ടിണ്റ്റെ പരാതികള്യ്മായി ആളുകളെത്തിതുടങ്ങിയിരുന്നു. വനിതകളുടെ പരാതികള്‍ക്ക്‌ പരിഗണന നല്‍കിയിരുന്ന് സ്റ്റീഫന്‍ ആകപ്പാടെ മൂഡ്‌ ഓഫിലായിരുന്നു.

ഏകദേശം അന്‍പത്‌ വയസ്സിനോടടുത്ത്‌ പ്രായമുള്ള ഒരു സ്ത്രീ സ്റ്റീഫനോട്‌ സംസാരിച്ചതും സ്റ്റീഫന്‍ അടക്കിപ്പിടിച്ച ചിരിയുമായി അകത്തേക്ക്‌ പോകുന്നതും കണ്ട്‌ അന്ധാളിച്ചിരുന്ന ഞങ്ങളുടെ അടുത്തേക്ക്‌ അവര്‍ വന്നു ചോദിച്ചു.
"ഞാന്‍ ജാസ്മിന്‍. പുതുതായി വന്ന ടൈപ്പിസ്റ്റ്‌. ആരാ സിദ്ദിക്ക്‌? എണ്റ്റെ ഇരിപ്പിടം സിദ്ദിക്കിണ്റ്റെ മേശയുടെ അടുത്താണെന്ന് പറഞ്ഞു".
മേശയുടെ മുന്‍പില്‍നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയ സിദ്ദിക്കിനോട്‌ രഹസ്യമായി സ്റ്റീഫന്‍ പറഞ്ഞു!
"നിങ്ങള്‍ രണ്ടും ഒരു ജാതിക്കാര്‍. ഭാവിയില്‍ ബന്ധുക്കാരുമായേക്കാം. ഞങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്താന്‍ ഒരിക്കലും വരില്ല. അതിനാല്‍ കിട്ടിയ അവസരം നന്നായി മുതലാക്കുക!"

വാല്‍ക്കഷണം: ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിദ്ദിക്കിണ്റ്റെ മേശ ടൈപ്പിസ്റ്റിണ്റ്റെ മേശയായി മാറിക്കഴിഞ്ഞിരുന്നു. സിദ്ദിക്ക്‌ അവിടെ വല്ലപ്പോഴുമെത്തുന്ന അതിഥിയും!

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS