Friday, 26 February 2010

അഴീക്കോടും മോഹന്‍ലാലും.ആ വിഷയത്തിലേക്ക്‌ കടക്കും മുന്‍പ്‌ ഈ നിര്‍വചനം വായിക്കുന്നത്‌ നല്ലതായിരിക്കും!

സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്‌, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്‌, പത്രങ്ങളില്‍ തങ്ങളുടെ പേര്‌ എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത്‌ അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍!

കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്ക്കാരികനായകനാണ്‌ ശ്രീ.സുകുമാര്‍ അഴീക്കോട്‌. നിര്‍വചനത്തില്‍ നിന്നും ഒരു വ്യത്യാസമേ ഉള്ളൂ. അഴീക്കോട്‌ ബുദ്ധിജീവിയാണ്‌, അതിണ്റ്റെ ജാട അദ്ദേഹം പ്രകടിപ്പിക്കാറുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

പ്രശസ്തിയിലിരിക്കുന്നവരെപറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഇരയെ തേടിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഏറെ സന്തോഷമായി. പത്രമാധ്യമങ്ങളില്‍ താന്‍ നിറഞ്ഞ്‌ നില്‍ക്കണമെന്ന്‌ വളരെയധികം ആഗ്രഹിക്കുന്ന ഒരു നിഷ്കളങ്ക മനസ്സിണ്റ്റെ ഉടമയായിപ്പോയത്‌ അഴീക്കോടിണ്റ്റെ കുറ്റമല്ല.

പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമുണ്ട്‌. ആദ്ദേഹത്തിണ്റ്റെ വിമര്‍ശനത്തിണ്റ്റെ കൂരമ്പേറ്റ ഒരു പ്രശസ്തനും ഇതുവരെയും രക്ഷപെട്ടിട്ടില്ല!. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഏതോ ഒരു മത്സരത്തില്‍ സച്ചിന്‍ നന്നായി കളിക്കാതിരുന്നതിന്‌ അദ്ദേഹം ക്രിക്കറ്റ്‌ മതിയാക്കി വീട്ടിലിരിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഈ മഹാനുഭാവന്‍. അന്നത്‌ സച്ചിന്‍ അനുസരിച്ചിരുന്നെങ്കില്‍ ഇന്ന്‌ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി അടിക്കേണ്ട ഗതികേട്‌ സച്ചിനുണ്ടാവുമായിരുന്നോ ?


കുറച്ച്‌ ദിവസമായി അഴീക്കോട്‌ വളരെ അസ്വസ്ഥനായിരുന്നു. വി. എസുമായുള്ള വഴക്കിനുശേഷം മാധ്യമങ്ങള്‍ ഒന്നും തന്നെ ഗൌനിക്കാറേയില്ല!. അപ്പോഴല്ലെ തിലകന്‍ പ്രശ്നം കൊടുമ്പിരിക്കൊണ്ടത്‌. എന്നാല്‍ പിന്നെ രണ്ട്‌ സൂപ്പര്‍സ്റ്റാറിനെയും ചീത്ത വിളിച്ചാല്‍ മാധ്യമങ്ങളില്‍ തണ്റ്റെ പേര്‌ മിന്നി മറയുന്നത്‌ കാണാമല്ലോ?

അഭിനയ രാജാവായ ലാലില്‍ അദ്ദേഹം കണ്ടെത്തിയ കുറ്റം അദ്ദേഹം കൊച്ചുപെണ്‍കുട്ടികളുമായി ആടിത്തിമിര്‍ക്കുന്നു എന്നതാണ്‌. അപ്പോഴല്ലെ നമുക്ക്‌ മനസ്സിലായത്‌ ലോക സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരൊറ്റ നടന്‍ മാത്രമാണ്‌ ഇങ്ങനെ അഭിനയിച്ചിട്ടുള്ളതെന്ന്‌. നിത്യഹരിതനായകനായ പ്രേംനസീറുപോലും ഇങ്ങനെ അഭിനയിച്ചിട്ടില്ലെന്ന് നമുക്ക്‌ അറിയാം. കമലാഹാസണ്റ്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ!

അറുപത്‌ കഴിഞ്ഞ രജനികാന്തിണ്റ്റെ പുതിയ സിനിമയിലെ നായിക ഐശ്വര്യ റായ്‌ ആണെന്ന കാര്യം മൂപ്പര്‍ക്കറിയില്ലായിരിക്കും. അല്ലെങ്കില്‍ രജനീകാന്ത്‌ അഴീക്കോടിനെ ഫോണില്‍ വിളിച്ച്‌ താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു കാണും.

എല്ലാവരെയും ഉപദേശിച്ച്‌ നന്നാക്കാന്‍ അഹോരാത്രം പണിയെടുത്തുകൊണ്ടിരിക്കുന്ന അഴിക്കോടിനോട്‌ ഒരു അപേക്ഷ.

താങ്കള്‍ ഒരു മലയാള സിനിമയെടുക്കുക. അതില്‍ നായകനായി തിലകന്‍ ചേട്ടനെയും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അങ്ങും അഭിനയിക്കുക. ഒരു വിനയന്‍ ചിത്രം ആയിരിക്കുകയും വേണം.(പുള്ളിക്കാരന്‍ ആകുമ്പോള്‍ വൈകല്യമുള്ളവരുടെ ചിത്രം എടുക്കാം, വേണമെങ്കില്‍ ഹൊറര്‍ ചിത്രവുമാവാം!). ഹൊറര്‍ ചിത്രമാണെങ്കില്‍ നായകവേഷത്തിണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുത്‌!.
അതുവഴി അഭിനയത്തിണ്റ്റെ കെമിസ്ട്രി തിലകന്‍ ചേട്ടന്‌ അറിയാനും പറ്റും.

വാല്‍കഷണം.
Azhikode Proposes Everybody Disposes!

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS