Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Friday, 6 June 2008

കാവിലേക്കൊരു യാത്ര

കുട്ടിക്കാലത്ത്‌ വീടിനടുത്തുള്ള കാവ്‌ ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായിരുന്നു. കാവിനു സമീപം ഒരു ചെറിയകുടിലില്‍ കഴിഞ്ഞിരുന്ന, കാവിലെ പൂജകളുടെയൊക്കെ മേല്‍നോട്ടം വഹിച്ചിരുന്ന എച്ചൂട്ടിയമ്മ എന്ന അമ്മൂമ്മ ഞങ്ങള്‍ കുട്ടികളെ യക്ഷിയുടെ ഭയം ജനിപ്പിക്കുന്ന ധാരാളം കഥകള്‍ കൊണ്ട്‌ ആ കാവിനെ ഞങ്ങളുടെ ബാലികേറാമലയാക്കി മാറ്റി.

എങ്കിലും ഞങ്ങളുടെയൊക്കെ മനസ്സില്‍ കാവിനുള്ളില്‍ എങ്ങനെയും കയറണമെന്ന ഒരാഗ്രഹം ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. പക്ഷികളുടെയും മറ്റ്‌ ജീവികളുടെയും ആവാസകേന്ദ്രമായ കാവില്‍ ധാരാളം വിഷപ്പാമ്പുകളും ഉണ്ടെന്ന് എച്ചൂട്ടിയമ്മ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ഉള്ള ധര്യം കൂടി ചോര്‍ന്നു പോയി.ആയിടക്കാണ്‌ ഞങ്ങളുടെ കൂട്ടത്തിലെ ധൈര്യശാലിയായ അപ്പു എന്തായാലും കാവിനുള്ളിലെ നാഗക്ഷേത്രം കാണാന്‍ പോകുന്നു എന്ന വിവരം ഞങ്ങളെ അറിയിച്ചത്‌. യക്ഷിയേയും പാമ്പിനെയും പറ്റി ഞങ്ങള്‍ ആവോളം പറഞ്ഞു അവനെ വിലക്കാന്‍ നോക്കിയെങ്കിലും അവണ്റ്റെ ചുണ്ണാമ്പ്‌-വെളുത്തുള്ളി പ്രയോഗത്തില്‍ ഞങ്ങളും അവണ്റ്റെ കൂടേ പോവാന്‍ തീരുമാനിക്കുകയായിരുന്നു. ചുണ്ണാമ്പ്‌ കയ്യില്‍ കരുതിയാല്‍ യക്ഷി ഒന്നും ചെയ്യില്ലെന്ന എച്ചൂട്ടിയമ്മയുടെ വിലയേറിയ അറിവും വെളുത്തുള്ളിയുടെ മണമുള്ള ഭാഗത്തേക്ക്‌ പാമ്പുകള്‍ വരില്ലെന്ന അപ്പുവിണ്റ്റെ വാദവും ഞങ്ങളുടെ സാഹസികസംഘത്തിന്‌ പ്രചോദനമേകി.


ഒരു തിങ്കളാഴ്ച ഞങ്ങള്‍ ഉച്ചസമയത്ത്‌ എല്ലാവരും ശാപ്പാട്‌ കഴിച്ച്‌ മയങ്ങുന്ന സമയം നോക്കി കാവിലേക്ക്‌ നടന്നു കയറി. കൈവെള്ളയില്‍ ചുണ്ണാമ്പും നിക്കറിണ്റ്റെ പോക്കറ്റില്‍ വെളുത്തുള്ളിയും കരുതി കാവിണ്റ്റെ കാണാപ്പുറങ്ങള്‍ തേടി ഞങ്ങള്‍ യാത്രയാരംഭിച്ചു. കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ വെളിയിലുള്ള ശബ്ദങ്ങളെല്ലാം പോയി. കാവിണ്റ്റെ നിഗൂഡതയില്‍ ചീവിടുകളുടെയും ഇതുവരെ കേട്ടിട്ടില്ലാത്ത ചില പക്ഷികളുടെയും ശബ്ദങ്ങളും ചെറിയ തണുപ്പും ഞങ്ങളില്‍ ഭയവും കുറച്ചൊരു രസവും പകര്‍ന്നു. കൂട്ടത്തില്‍ നടുക്കുണ്ടായിരുന്ന ഒരേയൊരു പെണ്‍കൊടി അമ്മു രാമനാമജപവും തുടങ്ങിയിരുന്നു. അതും കൂടി കേട്ടപ്പോള്‍ അപ്പുവിന്‌ അരിശം കൂടി. "അവളോട്‌ പല തവണ പറഞ്ഞതാ കൂടെ വരരുതരുന്ന്. " അമ്മു അതൊന്നു ശ്രദ്ധിക്കാതെ നാമജപം തുടര്‍ന്നു.



കാവിണ്റ്റെ നടുക്കുള്ള അമ്പലത്തിണ്റ്റെ സമീപമെത്തിയപ്പോള്‍ അപ്പു ഞങ്ങളോട്‌ എല്ലാവരും നടത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഞങ്ങള്‍ ബ്രേക്കിട്ടതുപോലെ നിന്നു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം വീണ്ടുംകേട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ ഭയം വര്‍ദ്ധിച്ചു. "പാമ്പായിരിക്കും അത്‌"
നേതാവിനെപ്പോലെ അപ്പു അഭിപ്രായം പാസ്സാക്കിയപ്പോള്‍ ഞങ്ങള്‍ വെളുത്തുള്ളി കയ്യിലെടുത്ത്‌ ഞെവിടുവാന്‍ തുടങ്ങി. ശബ്ദം അടുത്തടുത്ത്‌ വന്നപ്പോള്‍ എല്ലാവരും അപ്പുവിണ്റ്റെ അടുത്തേക്ക്‌ അറിയാതെ തന്നെ നീങ്ങുവാന്‍ തുടങ്ങി. കരിയിലയുടെ ശബ്ദത്തോടൊപ്പം മണി കിലുങ്ങുന്ന ശബ്ദം കൂടി വരുവാന്‍ തുടങ്ങി. മണിയുടെ ശബ്ദം കേട്ട്‌ ഒരു കൂട്ടം കിളികള്‍ കൂട്ടത്തോടെ പറന്നപ്പോള്‍ അമ്മേ എന്ന്‌ വിളിച്ച്‌ അമ്മു കരഞ്ഞു. അപ്പു അമ്മുവിനെ തോളിലെടുത്തു.

"ആരും പേടിക്കരുത്‌ ഞാനില്ലേകൂടെ"
അപ്പു ഞങ്ങള്‍ക്ക്‌ ധൈര്യം പകര്‍ന്നു. മരങ്ങള്‍ക്കിടയിലൂടെ മണികെട്ടിയ രണ്ട്‌ കാലുകള്‍ മാത്രം കണ്ട്‌ തരിച്ചിരുന്ന ഞങ്ങള്‍ക്ക്‌ ആ രൂപത്തിണ്റ്റെ മറ്റു ഭാഗങ്ങള്‍ തുണിവച്ച്‌ മറച്ചിരുന്നതിനാല്‍ ഒട്ടും കാണാന്‍ കഴിയാതിരുന്നത്‌ ഏറെ ഭയംജനിപ്പിച്ചു. അപ്പു നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു, അപ്പുവിണ്റ്റെ കയ്യിലിരുന്ന അമ്മുവിണ്റ്റെ രാമനമ ജപം നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്നുണ്ടായിരുന്നു.



പെട്ടെന്ന് ആ രൂപം ശക്തിയോടെ നിലം പതിച്ചപ്പോള്‍ അപ്പുവിണ്റ്റെ സര്‍വ്വനിയന്ത്രണവും വിട്ടു. “ഓടിക്കോ” എന്നുച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട്‌ അപ്പു അമ്മുവിനെയും എടുത്തു സര്‍വ്വശക്തിയും എടുത്തോടി. കൂടെ ഓട്ടമത്സരത്തിലെന്നോണം ഞങ്ങളും. സാഹസികദൌത്യം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി വെളിയിലെത്തിയ ഞങ്ങള്‍ക്ക്‌ സ്വാഗതമേകിക്കൊണ്ട്‌ ഉച്ചവെയിലും തെളിഞ്ഞ ആകാശവും കാത്തിരിക്കുന്നുണ്ടായിരുന്നു.

വെള്ളമടിച്ച്‌ സമനിലതെറ്റി കാവിലെ പൂജാരിയണവിടെ മറിഞ്ഞ്‌ വീണു കിടന്നതെന്ന് പിന്നീട്‌ അറിഞ്ഞപ്പോഴും വീണ്ടും കാവിലേക്ക്‌ ഒരു യാത്രക്ക്‌ അപ്പുവിന്‌ പോലും ധൈര്യമില്ലായിരുന്നു, പിന്നെ‌ ഞങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ !

Thursday, 3 April 2008

മമ്മൂട്ടിയും ലാലും ദിലീപേട്ടനും

ഒരു ദിവസം ബസ്‌ സ്റ്റോപ്പില്‍ വണ്ടികാത്ത്‌ നിന്ന് ബോറടിച്ച്‌ നിന്നപ്പോഴാണ്‌ സ്ക്കൂള്‍ വിട്ട്‌ കുറേ കുട്ടികള്‍ സ്റ്റോപ്പിലേക്കെത്തിച്ചേര്‍ന്നത്‌. ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും സീറ്റ്‌ കിട്ടുന്ന കാര്യത്തെ പറ്റി ചിന്തിക്കേണ്ടതില്ല, അതിവേഗത്തില്‍ ഈ വാനരപ്പട നുഴഞ്ഞുകയറിയാല്‍ നമുക്ക്‌ നില്‍ക്കാന്‍ ഇടം കിട്ടുമോ എന്ന് മാത്രം ചിന്തിച്ചാല്‍ മതി. ഇവര്‍ നിന്നാലോ, ബാഗും ഭണ്ഡാരവും വെക്കാനുള്ള സ്ഥലമായി നമ്മുടെ ദേഹം അവര്‍ കണ്ടെത്തും. പക്ഷെ എണ്റ്റെ ബോറടി ശരിക്കും മാറി മൂന്ന് പെണ്‍കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍. മൂന്നിലോ നാലിലോ മറ്റോ ആവാം ആ കുട്ടികള്‍ പഠിച്ചിരുന്നതെന്നു തോന്നുന്നു. കുട്ടികളുടെ ഒരു പ്രത്യേകത അവര്‍ എപ്പോഴും അവരുടേതായ ലോകത്തായിരിക്കും എന്നതാണ്‌. ചുറ്റുപാടുകളെ പറ്റി പലപ്പോഴും അവര്‍ ചിന്തിക്കാറേയില്ല.

കൂട്ടത്തില്‍ ഒരാള്‍ ആവേശത്തോടെ മറ്റ്‌ രണ്ട്‌ പേരോടും പറയുകയാണ്‌.

“Mammoottyയുടെ പുതിയ പടം ഞങ്ങള്‍ ഈ ആഴ്ച കാണുമല്ലോ തിയേറ്ററില്‍ പോയി?”
അപ്പോള്‍ നടുക്ക്‌ ഇരുന്ന മഹതിയുടെ കമണ്റ്റ്‌.
“എനിക്കിഷ്ടം മോഹന്‍ ലാലിനെയാ, Mohanlal നന്നായി ഡാന്‍സ്‌ കളിക്കും, തമാശപറയും, മമ്മൂട്ടിയെ അതിനെങ്ങാനും കൊള്ളാമോ ? “
മൂന്നാമത്തെ ആള്‍ Dileep ഫാന്‍ ആയിരുന്നു
“ദിലീപേട്ടണ്റ്റെ സിനിമയാ കാണാന്‍ രസം, എല്ലാത്തിലും അടിപൊളി തമാശയുണ്ടാവും ?”


“എന്നാടെ ദിലീപ്‌ നിണ്റ്റെ ഏട്ടനായതു ?”
ലാല്‍ ഫാണ്റ്റെ ചോദ്യം കേട്ട്‌ മമ്മൂട്ടിഫാന്‍ പൊട്ടിച്ചിരിച്ചു. ഇതൊക്കെ കണ്ട്‌ ദിലീപ്‌ ഫാണ്റ്റെ മുഃഖം വല്ലാതെ വാടി.


“നോക്കിക്കോ നിങ്ങള്‍ രണ്ടാള്‍ക്കും എണ്റ്റെ മാമന്‍ ഗള്‍ഫില്‍നിന്നും വരുമ്പോള്‍ കൊണ്ടുവരുന്ന മുട്ടായിയും പേനയും തരത്തില്ല.”

അപ്പോഴേക്കും ബസ്സ്‌ വന്നു. മൂവര്‍സംഘം ബസ്സിലേക്ക്‌ തള്ളിക്കയറി. ഞെങ്ങിഞ്ഞെരുങ്ങി ഒരറ്റത്ത്‌ ഞാനും നിന്നു. എണ്റ്റെ കുട്ടിക്കാലത്ത്‌ ലാലിനും മമ്മൂട്ടിക്കുവേണ്ടി വക്കാലത്ത്‌ പിടിച്ച്‌ കൂട്ടുകാരുമായി വഴക്കിട്ടസംഭവങ്ങള്‍ , ഓര്‍മ്മകള്‍ക്ക്‌ സുഗന്ധം പരത്തുന്നുണ്ടായിരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS