വികസനത്തെക്കുറിച്ചും, ജനസേവനത്തെക്കുറിച്ചും രാഷ്ട്രീയനേതാക്കന്‍മാര്‍ ഏറ്റവും കൂടുതല്‍ ബോധവാന്‍മാരാകുന്നത് അവര്‍ക്ക് ഭരണം നഷ്ടപ്പെടുമ്പോഴാണ്. എപ്പോള്‍ പ്രതിപക്ഷമാവുന്നോ, അപ്പോള്‍ തുടങ്ങും ജനങ്ങള്‍ക്ക് വേണ്ടി യുള്ള അവരുടെ യഥാര്‍ത്ഥപോരാട്ടം. അത് അച്ചുമാമനായാലും ചാണ്ടിച്ചായനായാലും.
നമുക്ക് അച്ചുമാമനില്‍ നിന്ന് തന്നെ തുടങ്ങാം. അദ്ദേഹം ഇതുവരെ ഉണ്ടാക്കിയ ഇമേജെല്ലാം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നേടിയെടുത്തത് തന്നെ എന്ന കാര്യത്തില്‍ എനിക്കും നിങ്ങള്‍ക്കും സംശയമുണ്ടാവാനിടയില്ല. പെണ്‍ വാണിഭങ്ങള്‍ക്കും, കുത്തകമുതലാളിമാര്‍ക്കും പെറ്റിബൂര്‍ഷ്വാക്കള്‍ക്കുമെതിരെ (കടപ്പാട്:നേതാക്കന്‍മാരുടെ കവലപ്രസംഗങ്ങള്‍ക്ക്) പ്രായത്തെ വകവെക്കാതെ പോരാടിയ നേതാവിനെ അധികാരത്തിലേറ്റാന്‍ തെരുവിലിറങ്ങി നാം. പക്ഷെ അധികാരം കിട്ടിപകുതിയിലേറെ വര്‍ഷം പിന്നിടുമ്പോഴും, മൂന്നാര്‍ പോലുള്ള ചില നാടകങ്ങളും, ഭരിക്കുന്നവര്‍ തമ്മിലുള്ള തെരുവു യുദ്ധവും അല്ലാതെ ശേഷം എന്തുണ്ട് കയ്യില്‍ എന്ന് ചോദിച്ചാല്‍ ഉത്തരം വട്ടപൂജ്യം.
പിന്നെ രണ്ട്
കരന്‍മാര്‍ ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ബോറടിച്ചില്ല. ഒരാള്‍ കോഴിമുട്ടയും മറ്റെയാള്‍ പട്ടിപ്രയോഗങ്ങള്‍ കൊണ്ടും ജനങ്ങള്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നുണ്ടായിരുന്നു.
അതെല്ലാം മറന്നേക്കൂ, നമ്മള്‍ക്ക് നമ്മുടെ ചാണ്ടിച്ചായനിലേക്ക് തിരിച്ചു വരാം അദ്ദേഹത്തിണ്റ്റെ പാര്‍ട്ടി വളരെ മാസത്തെ നിരീക്ഷണത്തിണ്റ്റെയും ഗവേഷണത്തിണ്റ്റെയും ഒടുവില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് രണ്ട് രൂപയും കുറച്ച് നമ്മളെയൊക്കെ ആനന്ദത്തിലാറാടിച്ചിരിക്കുന്നു. ഇത്രയും വില കുറച്ചപ്പോള്‍ ചാണ്ടിയുടെ ഹൃദയം ഉരുകി, മനസ്സില്‍ സോണിയയോടും, മനമോഹനനോടുമുള്ള സ്നേഹം അണപൊട്ടിയൊഴുകി. എങ്കിലും ഒരു വിഷമം മാത്രം അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. പെട്രോള്‍ വില കുറച്ചതിനാല്‍ ബസ് യാത്രാചാര്‍ജും ടാക്സി, ഓട്ടോ നിരക്കുകളും, എല്ലാം കുറച്ച് കേരള ജനതയെ എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റണം . ജനസേവനത്തിനുവേണ്ടി കൊതിക്കുന്ന ആ നേതാവ് ഈ ആവശ്യം പൊതുവേദികളില്‍ ഉന്നയിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം നമ്മുടെകൂടി ആവശ്യമായതിനാല്‍ നമ്മള്‍ക്ക് അദ്ദേഹത്തിന് ജയ് വിളിക്കാം. പക്ഷെ അദ്ദേഹത്തിണ്റ്റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിണ്റ്റെ വങ്കത്തരങ്ങള്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാവും. അതേതൊക്കെയൊന്ന് ഉമ്മന്‍ ചാണ്ടി അറിയുന്നത് നല്ലതാണ്
1. 2005 ജനവരിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന്
41ഡോളര്‍. അതിനുശേഷം 2008 ജൂലായില്‍ ക്രൂഡ് ഓയില്‍ വില
148 ഡോളര്‍ വരെ ഉയര്‍ന്നപ്പോള്‍ എണ്ണ കമ്പനികളുടെ നഷ്ടം കണ്ട് കണ്ണീര്‍വാര്‍ത്ത് പലതവണ നിരക്ക് കൂട്ടി പെട്രോള്‍ലിറ്ററിന് 52.50 ആക്കി. ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന്
40 ഡോളറായി താഴ്ന്നിരിക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ പെട്രോളിന്
35.73 രൂപയേ ഈടാക്കാവൂ. എന്നാല്‍ വാങ്ങുന്നതോ
45 രൂപക്ക് മുകളില്‍. അതായത്
16.77 രൂപ കുറവ് വരുത്തേണ്ട സ്ഥാനത്ത് കേന്ദ്രം കുറച്ചത് വെറും
5 രൂപ. ഇക്കാര്യത്തില്‍ ചാണ്ടിച്ചായന്‍ മൌനം പാലിക്കണം, കാരണം ഇവിടെ നാം ഭരണപക്ഷത്തല്ലെ, അതിനാല്‍ തല്‍ക്കാലം ജനസ്നേഹവും ജനസേവനവും മറക്കാം അല്ലേ
2. ഇനി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിണ്റ്റെ മറ്റൊരുവക്രബുദ്ധികൂടി കണ്ടുകൊള്ളൂ. 6 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പുലംഘനം ആകുമെന്ന് ഭയന്നിട്ടാണ് ഉടനെ പെട്രോള്‍വില കുറക്കാത്തതെന്ന് Congress പറയുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞു വില കുറക്കുമെന്ന് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ടു പ്രഖ്യാപിക്കുകയും ചെയ്തു . ദേശീയ താല്‍പര്യം കണക്കിലെടുത്ത് വിലകുറക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നയം വ്യക്തമാക്കിയപ്പോള്‍ ഇരുട്ടടികിട്ടിയത് കേന്ദ്രത്തിനാണ്, അങ്ങനെ ഗത്യന്തരമില്ലാതെയാണ് ചാണ്ടി ഊറ്റം കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍, വെറും 5 രൂപ പെട്രോളിനും 2 രൂപ ഡീസലിനും കുറച്ചത്. അതിനാല്‍ ഇതുപോലുള്ള കോമാളി വേഷങ്ങള്‍ കെട്ടി ആടാതിരിക്കാന്‍ ചാണ്ടിച്ചായന്‍ ശ്രദ്ധിക്കുക, കണ്ണടച്ച് ഇരുട്ടാക്കൂന്നതിനേക്കാള്‍ നല്ലത് അകകണ്ണ് തുറന്ന് അപ്രിയ സത്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് ചാണ്ടിച്ചായനായാലും അച്ചുമാമനായാലുംചെയ്യേണ്ടത്.