Sunday 29 June 2008

മിനിക്കുട്ടിയുടെ ബുദ്ധി

മിനിക്കുട്ടിയും അമ്മുവും ഒന്നാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയല്‍പക്കകാരായ രണ്ടുപേരും വരുന്നതും പോകുന്നതും, ഊണുകഴിക്കുന്നതും എല്ലാം ഒരുമിച്ച്‌. ഒരിക്കല്‍പോലും വഴക്കിടാത്ത കൂട്ടുകാരായിരുന്ന അവര്‍ തമ്മില്‍ ഒരിക്കല്‍ പിണങ്ങി. മിനിക്കുട്ടിയേക്കാള്‍ നന്നായി പഠിക്കുന്നത്‌ അമ്മുവായിരുന്നു, ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ കിട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്‌ എന്നും അമ്മുവായിരുന്നു, മിനിയാവട്ടെ പുറകില്‍നിന്നും ഒന്നാമതും. വീട്ടില്‍നിന്നും കണക്കിന്‌ ശകാരം മിനിക്കുട്ടിക്ക്‌ ദിവസവും കിട്ടിക്കൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും അമ്മുവിനേക്കാള്‍ മാര്‍ക്ക്‌ വാങ്ങിവരണമെന്നു പറഞ്ഞാണ്‌ എല്ലാ പരീക്ഷക്കും മിനിയുടെ അമ്മ മകളെ വിരട്ടി വിടുന്നത്‌. അങ്ങനെയൊരിക്കല്‍ പരീക്ഷക്കു പോകുന്ന ദിവസം അമ്മുവിനോട്‌ മിനിക്കുട്ടി പറഞ്ഞു.

"അമ്മു, എനിക്ക്‌ പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ കിട്ടാത്തത്‌ ഈ ഭാഗ്യമില്ലാത്ത സ്ളേറ്റുംകൊണ്ട്‌ പോയിട്ടാ. ഇന്നത്തേക്ക്‌ നിണ്റ്റെ ആ ഭാഗ്യമുള്ള സ്ളേറ്റെനിക്കു തരുമോ ? "
സ്ളേറ്റ്‌ കൊടുക്കുന്നതില്‍ അമ്മുവിന്‌ ഒരെതിര്‍പ്പുമില്ലായിരുന്നു. ഒരു ദിവസമെങ്കിലും സ്ളേറ്റിണ്റ്റെ ഭാഗ്യത്താല്‍ അവള്‍ക്ക്‌ മാര്‍ക്ക്‌ കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ! അമ്മു മനസ്സില്‍ വിചാരിച്ചു.

പരീക്ഷ കഴിഞ്ഞു . അമ്മുവിന്‌ അന്‍പതില്‍ 45 , മിനിക്കുട്ടിക്ക്‌ ഒരല്‍പ്പം മാര്‍ക്ക്‌ കൂടിയിട്ടുണ്ട്‌ എന്നത്തേക്കാളും അന്‍പതില്‍ 15. വിഷമത്തോടെ പുറത്ത്‌ വന്ന മിനിക്കുട്ടി അമ്മുവിനോട്‌ പറഞ്ഞു.
“ നിണ്റ്റെ സ്ളേറ്റ്‌ വച്ചെഴുതിയിട്ടും എനിക്ക്‌ കൂടുതല്‍ മാര്‍ ക്കൊന്നും കിട്ടിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എണ്റ്റെ സ്ളേറ്റ്‌ ചോദിക്കും . നീ എണ്റ്റെ സ്ളേറ്റിങ്ങു താ.”
അമ്മുഞെട്ടിപ്പോയി.
അന്‍പതില്‍ 45എന്ന് സ്ളേറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്‌.
.മിനിക്കുട്ടി ആ സ്ളേറ്റും വാങ്ങിച്ച്‌ സന്തോഷത്തോടെ വീട്ടിലേക്ക്‌ ഓടി.
അമ്മുസ്ളേറ്റിലെ 15 മാര്‍ക്കിനെ നോക്കി ,കരഞ്ഞുകൊണ്ട്‌ വീട്ടിലേക്ക്‌ നടന്നു.

Saturday 21 June 2008

വിവാദം ഒന്ന്, സാമൂഹ്യശാസ്ത്രം സ്റ്റാന്‍ഡേര്‍ഡ്‌-VII (Controversy No1. Social Science Standard-VII)

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണ്‌?

ലോകത്തുള്ള എല്ലാ മലയാളികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സമകാലീനപ്രശ്നമെന്താണ്‌ ?
ഉത്തരം നല്‍കാന്‍ രണ്ടുവട്ടം ആലോചിക്കണ്ട.
ഏഴാം ക്ളാസ്സിലെ സാമൂഹ്യശാസ്ത്രപുസ്തകത്തിലെ മതവിരുദ്ധ പരാമര്‍ശങ്ങള്‍.

ഇനി മതവിരുദ്ധപരാമര്‍ശങ്ങള്‍ നമുക്കൊന്നു വായിക്കാം

മതമില്ലാത്ത ജീവന്‍.എന്ന താണ്‌ തലക്കെട്ട്‌.”

സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

"മോണ്റ്റെ പേരെന്താ?"

"ജീവന്‍"

"കൊള്ളാം ............. നല്ല പേര്‌, അച്ഛണ്റ്റെ പേര്‌?"

"അന്‍വര്‍ റഷീദ്‌"

"അമ്മയുടെ പേര്‌"

"ലക്ഷ്മീദേവി"

ഹെഡ്മാസ്റ്റര്‍ മുഃഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:

"കുട്ടിയുടെ മതം ഏതാ ചേര്‍ ക്കേണ്ടത്‌"

"ഒന്നും ചേര്‍ക്കണ്ട. മതമില്ലെന്ന് ചേര്‍ ത്തോളൂ"

"ജാതിയോ"

"അതും വേണ്ട"

ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക്‌ ചാരിയിരുന്ന് അല്‍പം ഗൌരവത്തോടെ ചോദിച്ചു

"വലുതാകുമ്പോള്‍ ഇവന്‌ ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ ?"

"അങ്ങനെ വേണമെന്ന് തോന്നുന്നുമ്പോള്‍ അവന്‌ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ. "

പാഠഭാഗം ഇങ്ങനെ തീരുന്നു.

ഇത്തരം തീവ്രമായ മതവിരുദ്ധ ആശയങ്ങള്‍ കുട്ടികള്‍ പഠിച്ചാല്‍ നമ്മുടെ നാടിണ്റ്റെ അവസ്ഥയെന്താവും അല്ലേ!

വിലക്കയറ്റത്തിനെതിരെയോ, സര്‍വകലാശാലകളിലെ നിയമനങ്ങളിലെ അഴിമതിക്കെതിരെയോ, വിദ്യാഭ്യാസകച്ചവടങ്ങള്‍ക്കെതിരെയോ ഒരു പ്രകടനം പോലും നടത്താത്ത വലതുപക്ഷയുവജനസംഘടന ഇപ്പോള്‍ നാട്ടിലങ്ങോളമിങ്ങോളം ക്ളസ്റ്റര്‍മീറ്റിങ്ങുകള്‍ അലങ്കോലപ്പെടുത്തിയും വിദ്യാഭ്യാസബന്ദ്‌ പ്രഖ്യാപിച്ചും ചോരപ്പുഴ ചീന്തുമ്പോള്‍ ഇവരോട്‌ പറയാന്‍ ഇതു മാത്രം

"ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരേ അറിയുന്നുള്ളൂ. അതുകൊണ്ട്‌ ഇവരോട്‌ പൊറുക്കരുത്‌"!

Monday 16 June 2008

കേരളസര്‍വകലാശാലയുടെ മാജിക്കുകള്‍ ! (Magic of Kerala University)

SSLC ഫലം വന്നപ്പോള്‍ നാമേവരും സന്തോഷിച്ചു, കാരണം റിസള്‍ട്ടില്‍ കമ്മ്യുണിസം വന്നിരിക്കുന്നു. പേരെഴുതാനറിയാവുന്ന എല്ലാവരും ജാതിമതഭേദമന്യേ പാസ്സായിരിക്കുന്നു. മജീഷ്യന്‍ മന്ത്രിയുടെ അത്ഭുത പ്രകടനങ്ങള്‍ ഇതിനു മുന്‍പ്‌ കണ്ടിട്ടുള്ള (സ്വാശ്രയ നിയമമെന്ന Burning Illusion മാജിക്ക്‌ നമുക്ക്‌ മറക്കാന്‍ കഴിയില്ലല്ലോ ) നമുക്ക്‌ ഇതൊന്നും കണ്ട്‌ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ ഈ റിസള്‍ട്ടുകളെയെല്ലാം കടത്തിവെട്ടുന്ന ഒരു മാജിക്ക്‌ കാട്ടി കേരളസര്‍വ്വകലാശാല നമ്മളെ അത്ഭുതപ്പെടുത്തുമ്പോള്‍ പുളകം കൊള്ളാത്ത ആരെങ്കിലും ഭൂമി മലയാളത്തിലുണ്ടോ ?



കേരള യൂണിവേഴ്സിറ്റി എന്ന വിശ്വവിദ്യാലയത്തിലേക്ക്‌ ക്ളറിക്കല്‍ സ്റ്റാഫിനെ നിയമിക്കാന്‍ ഒരു പരീക്ഷാമാമാങ്കം നടത്തി. അതിനെ വെല്ലുന്ന Interviewപിന്നീട്‌ അരങ്ങേറി. അതിനു ശേഷം റാങ്ക്‌ ലിസ്റ്റ്‌ വന്നപ്പോള്‍ പരീക്ഷക്ക്‌ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയവര്‍ ക്ളീന്‍ ബൌള്‍ഡ്‌. ആധുനിക Marxisa ത്തിണ്റ്റെ പ്രതിരൂപങ്ങളും വീസിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന വാലറ്റം ഇണ്റ്റര്‍വ്യുവില്‍ ധീരമായി പൊരുതി ആദ്യത്തെ നൂറ്റമ്പത്‌ റാങ്കുകള്‍ കരസ്ഥമാക്കി. അങ്ങനെ ഈ വെട്ടിനിരത്തലില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയും നേടി. ഇതുകൊണ്ടൊന്നും ഈ സിനിമാലക്കു തിരശ്ശീല വീഴുന്നില്ല. യൂണിവേഴ്സിറ്റിയുടെ മുന്‍പില്‍ കപ്പലണ്ടി കച്ചവടം നടത്തുന്നവര്‍ കേണപേക്ഷിച്ചപ്പോള്‍ കലാശാലയുടെ ഹൃദയം തേങ്ങി. പിന്നെ രണ്ടുവട്ടം ആലോചിക്കാന്‍ നിന്നില്ല. പരീക്ഷയെഴുതിയ 39,000ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരക്കടലാസ്സ്‌ കച്ചവടക്കാര്‍ക്ക്‌ ദാനം ചെയ്തു. അല്ലെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും ദാനം ചെയ്തുകഴിയുമ്പോല്‍ അവകാശത്തിനു വേണ്ടി ധാരാളം പേര്‍ ഓടിയെത്തുമല്ലൊ. ഇപ്പോള്‍ ലോകായുകത പരീക്ഷപേപ്പര്‍ ചോദിച്ചത്രേ. പാവം സര്‍വകലാശാല എന്ത്‌ ചെയ്യും. ഒന്നുരണ്ട്‌ പേരെ വിനോദയാത്രെക്കെന്നപോലെ ഉത്തരപ്പേപ്പര്‍ നോക്കിയ സ്ഥലത്തേക്ക്‌ അയച്ചു. ഇതെല്ലാം കണ്ട്‌ കപ്പലണ്ടിക്കച്ചവടക്കാര്‍, ഉത്തരക്കടലാസു വീശിക്കൊണ്ട്‌ ഉഷ്ണമകറ്റി ചിരിക്കുന്നുണ്ടായിരുന്നു.


ചോരച്ചാലുകള്‍ നീന്തിക്കയറിയ കുട്ടിസഖാക്കള്‍ചോരയൊന്നും തിളപ്പിക്കാന്‍ പോയില്ല. അവരാകട്ടെ പിതൃശൂന്യമായ നിലപാടെടുക്കരുതെന്നു കരുതി, ഇതൊന്നുംശ്രദ്ധിക്കാതെ, പണപ്പെരുപ്പ്‌ നിരക്ക്‌ കണ്ട്‌ കണ്ണും തള്ളിയിരുന്നു. കാരണം നമ്മള്‍ പണ്ട്‌ പഠിച്ച ബാലപാഠം മറക്കരുതല്ലോ

"ഞമ്മണ്റ്റെ പാര്‍ട്ടി ചെയ്യുന്നതെല്ലാം നല്ലതിന്‌!, ചെയ്തതെല്ലാം നല്ലതിന്‌ ! ചെയ്യാനിരിക്കുന്നതും നല്ലതിന്‌!"

“ആരുടെ നല്ലതിന്‌” എന്നു ചോദിക്കരുത്‌.

അങ്ങനെ ചോദിച്ചാല്‍ ഞാനും നിങ്ങളും മാധ്യമസിന്‍ഡിക്കേറ്റിണ്റ്റെ വക്താക്കളായി മാറും. അതിനാല്‍ ജാഗ്രതൈ. നമുക്ക്‌ കണ്ണടച്ച്‌, സഖാക്കള്‍ക്ക്‌ ദീര്‍ഘായുസ്സുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം അല്ലേ !

Friday 6 June 2008

കാവിലേക്കൊരു യാത്ര

കുട്ടിക്കാലത്ത്‌ വീടിനടുത്തുള്ള കാവ്‌ ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായിരുന്നു. കാവിനു സമീപം ഒരു ചെറിയകുടിലില്‍ കഴിഞ്ഞിരുന്ന, കാവിലെ പൂജകളുടെയൊക്കെ മേല്‍നോട്ടം വഹിച്ചിരുന്ന എച്ചൂട്ടിയമ്മ എന്ന അമ്മൂമ്മ ഞങ്ങള്‍ കുട്ടികളെ യക്ഷിയുടെ ഭയം ജനിപ്പിക്കുന്ന ധാരാളം കഥകള്‍ കൊണ്ട്‌ ആ കാവിനെ ഞങ്ങളുടെ ബാലികേറാമലയാക്കി മാറ്റി.

എങ്കിലും ഞങ്ങളുടെയൊക്കെ മനസ്സില്‍ കാവിനുള്ളില്‍ എങ്ങനെയും കയറണമെന്ന ഒരാഗ്രഹം ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. പക്ഷികളുടെയും മറ്റ്‌ ജീവികളുടെയും ആവാസകേന്ദ്രമായ കാവില്‍ ധാരാളം വിഷപ്പാമ്പുകളും ഉണ്ടെന്ന് എച്ചൂട്ടിയമ്മ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ഉള്ള ധര്യം കൂടി ചോര്‍ന്നു പോയി.ആയിടക്കാണ്‌ ഞങ്ങളുടെ കൂട്ടത്തിലെ ധൈര്യശാലിയായ അപ്പു എന്തായാലും കാവിനുള്ളിലെ നാഗക്ഷേത്രം കാണാന്‍ പോകുന്നു എന്ന വിവരം ഞങ്ങളെ അറിയിച്ചത്‌. യക്ഷിയേയും പാമ്പിനെയും പറ്റി ഞങ്ങള്‍ ആവോളം പറഞ്ഞു അവനെ വിലക്കാന്‍ നോക്കിയെങ്കിലും അവണ്റ്റെ ചുണ്ണാമ്പ്‌-വെളുത്തുള്ളി പ്രയോഗത്തില്‍ ഞങ്ങളും അവണ്റ്റെ കൂടേ പോവാന്‍ തീരുമാനിക്കുകയായിരുന്നു. ചുണ്ണാമ്പ്‌ കയ്യില്‍ കരുതിയാല്‍ യക്ഷി ഒന്നും ചെയ്യില്ലെന്ന എച്ചൂട്ടിയമ്മയുടെ വിലയേറിയ അറിവും വെളുത്തുള്ളിയുടെ മണമുള്ള ഭാഗത്തേക്ക്‌ പാമ്പുകള്‍ വരില്ലെന്ന അപ്പുവിണ്റ്റെ വാദവും ഞങ്ങളുടെ സാഹസികസംഘത്തിന്‌ പ്രചോദനമേകി.


ഒരു തിങ്കളാഴ്ച ഞങ്ങള്‍ ഉച്ചസമയത്ത്‌ എല്ലാവരും ശാപ്പാട്‌ കഴിച്ച്‌ മയങ്ങുന്ന സമയം നോക്കി കാവിലേക്ക്‌ നടന്നു കയറി. കൈവെള്ളയില്‍ ചുണ്ണാമ്പും നിക്കറിണ്റ്റെ പോക്കറ്റില്‍ വെളുത്തുള്ളിയും കരുതി കാവിണ്റ്റെ കാണാപ്പുറങ്ങള്‍ തേടി ഞങ്ങള്‍ യാത്രയാരംഭിച്ചു. കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ വെളിയിലുള്ള ശബ്ദങ്ങളെല്ലാം പോയി. കാവിണ്റ്റെ നിഗൂഡതയില്‍ ചീവിടുകളുടെയും ഇതുവരെ കേട്ടിട്ടില്ലാത്ത ചില പക്ഷികളുടെയും ശബ്ദങ്ങളും ചെറിയ തണുപ്പും ഞങ്ങളില്‍ ഭയവും കുറച്ചൊരു രസവും പകര്‍ന്നു. കൂട്ടത്തില്‍ നടുക്കുണ്ടായിരുന്ന ഒരേയൊരു പെണ്‍കൊടി അമ്മു രാമനാമജപവും തുടങ്ങിയിരുന്നു. അതും കൂടി കേട്ടപ്പോള്‍ അപ്പുവിന്‌ അരിശം കൂടി. "അവളോട്‌ പല തവണ പറഞ്ഞതാ കൂടെ വരരുതരുന്ന്. " അമ്മു അതൊന്നു ശ്രദ്ധിക്കാതെ നാമജപം തുടര്‍ന്നു.



കാവിണ്റ്റെ നടുക്കുള്ള അമ്പലത്തിണ്റ്റെ സമീപമെത്തിയപ്പോള്‍ അപ്പു ഞങ്ങളോട്‌ എല്ലാവരും നടത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഞങ്ങള്‍ ബ്രേക്കിട്ടതുപോലെ നിന്നു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം വീണ്ടുംകേട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ ഭയം വര്‍ദ്ധിച്ചു. "പാമ്പായിരിക്കും അത്‌"
നേതാവിനെപ്പോലെ അപ്പു അഭിപ്രായം പാസ്സാക്കിയപ്പോള്‍ ഞങ്ങള്‍ വെളുത്തുള്ളി കയ്യിലെടുത്ത്‌ ഞെവിടുവാന്‍ തുടങ്ങി. ശബ്ദം അടുത്തടുത്ത്‌ വന്നപ്പോള്‍ എല്ലാവരും അപ്പുവിണ്റ്റെ അടുത്തേക്ക്‌ അറിയാതെ തന്നെ നീങ്ങുവാന്‍ തുടങ്ങി. കരിയിലയുടെ ശബ്ദത്തോടൊപ്പം മണി കിലുങ്ങുന്ന ശബ്ദം കൂടി വരുവാന്‍ തുടങ്ങി. മണിയുടെ ശബ്ദം കേട്ട്‌ ഒരു കൂട്ടം കിളികള്‍ കൂട്ടത്തോടെ പറന്നപ്പോള്‍ അമ്മേ എന്ന്‌ വിളിച്ച്‌ അമ്മു കരഞ്ഞു. അപ്പു അമ്മുവിനെ തോളിലെടുത്തു.

"ആരും പേടിക്കരുത്‌ ഞാനില്ലേകൂടെ"
അപ്പു ഞങ്ങള്‍ക്ക്‌ ധൈര്യം പകര്‍ന്നു. മരങ്ങള്‍ക്കിടയിലൂടെ മണികെട്ടിയ രണ്ട്‌ കാലുകള്‍ മാത്രം കണ്ട്‌ തരിച്ചിരുന്ന ഞങ്ങള്‍ക്ക്‌ ആ രൂപത്തിണ്റ്റെ മറ്റു ഭാഗങ്ങള്‍ തുണിവച്ച്‌ മറച്ചിരുന്നതിനാല്‍ ഒട്ടും കാണാന്‍ കഴിയാതിരുന്നത്‌ ഏറെ ഭയംജനിപ്പിച്ചു. അപ്പു നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു, അപ്പുവിണ്റ്റെ കയ്യിലിരുന്ന അമ്മുവിണ്റ്റെ രാമനമ ജപം നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്നുണ്ടായിരുന്നു.



പെട്ടെന്ന് ആ രൂപം ശക്തിയോടെ നിലം പതിച്ചപ്പോള്‍ അപ്പുവിണ്റ്റെ സര്‍വ്വനിയന്ത്രണവും വിട്ടു. “ഓടിക്കോ” എന്നുച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട്‌ അപ്പു അമ്മുവിനെയും എടുത്തു സര്‍വ്വശക്തിയും എടുത്തോടി. കൂടെ ഓട്ടമത്സരത്തിലെന്നോണം ഞങ്ങളും. സാഹസികദൌത്യം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി വെളിയിലെത്തിയ ഞങ്ങള്‍ക്ക്‌ സ്വാഗതമേകിക്കൊണ്ട്‌ ഉച്ചവെയിലും തെളിഞ്ഞ ആകാശവും കാത്തിരിക്കുന്നുണ്ടായിരുന്നു.

വെള്ളമടിച്ച്‌ സമനിലതെറ്റി കാവിലെ പൂജാരിയണവിടെ മറിഞ്ഞ്‌ വീണു കിടന്നതെന്ന് പിന്നീട്‌ അറിഞ്ഞപ്പോഴും വീണ്ടും കാവിലേക്ക്‌ ഒരു യാത്രക്ക്‌ അപ്പുവിന്‌ പോലും ധൈര്യമില്ലായിരുന്നു, പിന്നെ‌ ഞങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ !

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS