Thursday, 21 January 2010

ഐ പി എല്ലും പാകിസ്താനും




പാകിസ്ഥാന്‍ ക്രിക്കറ്റ്‌ വിശാരദന്‍മാരെല്ലാം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്‌ ക്രിക്കറ്റര്‍മാരെ ഉള്‍പ്പെടുത്താത്തതില്‍ രോഷം പൂണ്ടിരിക്കുകയാണ്‌. ഐ പി എല്‍ സംഘാടകരും ഫ്രാഞ്ചൈസികളും രാഷ്ട്രീയം കളിച്ചതിനാലാണ്‌ തങ്ങളുടെ ചുണക്കുട്ടന്‍മാര്‍ പുറത്തിരുന്നതെന്നാണ്‌ അവരുടെ കണ്ടുപിടുത്തം. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്‍ഡ്യയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ്‌ കപ്പ്‌ ഹോക്കിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യവും പാകിസ്താന്‍റെ ആലോചനയിലുണ്ടത്രേ!.
അധോലോക നായകനായ ദാവൂദ്‌ ഇബ്രഹാമിന്‍റെ മകളുടെ അമ്മായി അപ്പനായി വിരാജിക്കുന്ന ക്രിക്കറ്റ്‌ ഗുരു ജാവിദ്‌ മിയാന്‍ദാദിനാണ്‌ ഇതില്‍ ശക്തിയായ പ്രതിഷേധം.
"ഐ.സി. സി, ഐ പി എല്ലിലിടപെടണമെന്നാണ്‌ അദ്ദേഹത്തിന്‍റെ വാദം"

പ്രിയപ്പെട്ട മിയാന്‍ദാദാ, ലോകത്തിലെ രണ്ടാമത്തെ ശക്തിയേറിയ Sports ‌സംഘടനയായ ബി.സി.സി. ഐ യെ വരുതിയിലാക്കാന്‍ ഐ.സി.സിയോട്‌ പറയുന്നത്‌ അമേരിക്കയെ നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസംഘടനയോട്‌ പറയുന്നതുപോലെ ആന മണ്ടത്തരമാണ്‌. ഈ വിഷയം കൈകാര്യം ചെയ്യുന്ന പാക്‌ നയതന്ത്രജ്ഞന്‍മാര്‍ പറയുന്നത്‌ ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ ബന്ധത്തിലും , ഇന്ത്യ -പാക്‌ നയതന്ത്ര ബന്ധങ്ങളിലും ഇത്‌ ഭാവിയില്‍ വിള്ളലുണ്ടാക്കുമെന്നാണ്‌. ബസ്‌ നയതന്ത്രവും ട്രെയിന്‍ നയതന്ത്രവും തുടരെ തുടരെയുള്ള ക്രിക്കറ്റ്‌ നയതന്ത്രവുമൊക്കെ നമ്മള്‍ ഒത്തിരി കണ്ടതാണല്ലോ? ഒടുവില്‍ എന്തായിരുന്നു ഫലം. കുറെയധികം നിരപരാധികളായ മനുഷ്യരെ താജ്‌ ഹോട്ടലിലിട്ട്‌ കൊലപ്പെടുത്തിയല്ലേ പാകിസ്താന്‍ കൂറ്‌ കാട്ടിയത്‌. സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴക്കരുതെന്ന് നമുക്ക്‌ എളുപ്പം പറഞ്ഞു വെക്കാം. പക്ഷെ ഇതുരണ്ടും ഇണപിരിയാത്ത സുഹൃത്തുക്കളാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ട്‌ പാകിസ്ഥാന്‍റെ മുന്‍പില്‍ ഇനി ഒരു വഴിയേ ഉള്ളൂ.

ഐ പി എല്ലിനു പകരം ടി.പി. എല്‍ സംഘടിപ്പിക്കുക.
അതായത്‌ "താലിബാന്‍ പ്രീമിയര്‍ ലീഗ്‌"
ലേലമൊന്നും നടത്തി വെറുതെ വിവാദത്തിനൊന്നും പോകരുത്‌. അരെയൊക്കെ കളിപ്പിക്കണമെന്ന് താലിബാനങ്ങ്‌ തീരുമാനിക്കുക! എന്നിട്ട്‌ അവരുടെ ഒരു ലിസ്റ്റ്‌ പുറത്തിറക്കുക. ഈ ലിസ്റ്റില്‍ പറയുന്ന ഓരോ കളിക്കാരും പ്രതിഫലമൊന്നും കൂടാതെ ടി.പി. എല്ലില്‍ കളിക്കണമെന്നും ആവശ്യപ്പെടുക. വിസമ്മതിക്കുന്നവരെ തട്ടിക്കളയുമെന്നും പറഞ്ഞേക്കുക!
ടി പി എല്‍ പരിപൂര്‍ണവിജയമാവും തീര്‍ച്ച! വേറെ ഏതുരാജ്യക്കാരില്ലെങ്കിലും ശ്രീലങ്കക്കാരുണ്ടാകും. തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ ?

1 comment:

ശ്രീ said...

നമ്മള്‍ തമാശയ്ക്ക് പറയും. അവര് ശരിയ്ക്കും അങ്ങനെ ഒന്ന് സംഘടിപ്പിച്ചു കൂടായ്കയില്ല ;)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS