Wednesday, 26 March 2008

അവര്‍ക്ക്‌ പണം, പണം എന്ന ചിന്ത മാത്രം.

"അവര്‍ക്ക്‌ പണം, പണം എന്ന ചിന്ത മാത്രമേയുള്ളൂ. മറ്റുള്ളവരുടെ വിഷമതകള്‍ വിഷയമേയല്ല. പ്രിന്‍സിപ്പലിനോട്‌ പറഞ്ഞേക്കണം, മരിക്കുവോളം എണ്റ്റെ ശാപം കൂടെയുണ്ടാവും വെളുത്ത ളോഹയ്ക്കുള്ളില്‍ കറുത്ത മനസ്സാണ്‌ അദ്ദേഹത്തിനുള്ളത്‌ "


സ്വാശ്രയ കോളേജ്‌ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ അത്മഹത്യ ചെയ്ത M.C.Aവിദ്യര്‍ത്ഥിനി കൊല്ലത്ത്‌ ചവറയിലുള്ള സുമിയുടെ ആത്മഹത്യക്കുറിപ്പിലെ ചിലവരികളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌..

തിരുവല്ല മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ ഫോര്‍ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസിലെ (മാക്‌ ഫാസ്റ്റ്‌)ലെ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിയായിരുന്നു സുമി. കോളേജില്‍നിന്നും കൊടുത്ത Laptop സുമിയുടെ ഹോസ്റ്റലില്‍നിന്നും മോഷണം പോയിരുന്നു.ലാപ്ടോപ്പിണ്റ്റെ വിലയായ 44,000രൂപ തവണകളായി അടച്ചുതീര്‍ത്തിരുന്നു. ലാപ്ടോപ്പ്‌ മോഷണം നടന്ന മുറിയുടെ ജനാലകളിലൊന്ന് ആര്‍ക്കും കടന്ന് വരാവുന്നതരത്തിലാണെന്നും ലാപ്ടോപ്പ്‌ നഷ്ടപ്പെട്ടശേഷം കതക്‌ തുറന്ന് കിടന്നതായും സൂചനയുണ്ട്‌. പ്രിന്‍സിപ്പല്‍ ഫാ.എബ്രഹാം മുളമൂട്ടിനോട്‌ പരാതിപ്പെട്ട സുമി, ഇക്കാര്യം വീട്ടിലറിയിക്കാന്‍ പ്രയാസമാണെന്നും ഒരു പഴയ ലാപ്ടോപ്പ്‌ സംഘടിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ടത്രെ. എന്നാല്‍ പുതിയത്‌ വാങ്ങണമെന്നു അദ്ദേഹം വാശിപിടിച്ചതായി സഹപാഠികള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാണ്‌ സുമി ആത്മഹത്യ ചെയ്തത്‌. അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചാണ്‌ സുമി കോളേജ്‌ അധികൃതര്‍ വാങ്ങിക്കൊടുത്ത ലാപ്ടോപ്പിണ്റ്റെ വില തവണകളായി അടച്ചുതീര്‍ത്തത്‌. കഴിഞ്ഞമാസം 22 നാണ്‌ വില പൂര്‍ണ്ണമായും അടച്ചുതീര്‍ത്തത്‌.


സര്‍ക്കാര്‍ തങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇടയലേഖനങ്ങളും തെരുവുപ്രകടനങ്ങളും നടത്തുന്ന സ്വകാര്യമാനേജ്മെണ്റ്റുകളുടെ പണക്കൊതി എവിടെ ചെന്ന് നില്‍ക്കുന്നു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഈ ദുരന്തം. വെളുത്ത ളോഹക്കുള്ളിലെ കറുത്ത മനസ്സ്‌, മുന്‍പൊരിക്കല്‍ എല്ലാ ക്രിസ്ത്യാനികളും അവരുടെ മക്കളെ ക്രിസ്ത്യന്‍ മാനേജ്മണ്റ്റ്‌ നടത്തുന്ന സ്ക്കൂളുകളില്‍ പഠിപ്പിക്കണമെന്ന വര്‍ഗീയ വിഷം ചീറ്റിയത്‌ നാമൊരിക്കലും മറക്കില്ല. സമാധാനത്തിണ്റ്റെയും ശാന്തിയുടെയും ആത്മത്യാഗത്തിണ്റ്റെയും വിശുദ്ധ പ്രതിരൂപങ്ങളായ്‌ പ്രവര്‍ത്തിച്ചിരുന്ന, ഇട്ടിരിക്കുന്ന ളോഹയേക്കാള്‍ വെളുപ്പുള്ള മനസ്സിണ്റ്റെ ഉടമയായ സുവിശേഷകന്‍മാര്‍ നമുക്കുണ്ടായിരുന്നു. ഇന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണോ എന്ന് സംശയമുണ്ട്‌. പണക്കൊതി മനുഷ്യനെ മൃഗമാക്കും അതിന്‌ അച്ചനെന്നോ കുഞ്ഞാടെന്നോ വ്യത്യാസമില്ല. വിദ്യാവാണിഭം തകൃതിയായി ഇടയലേഖനങ്ങളുടെ അകമ്പടിയോടെ ആഘോഷമാക്കുന്ന നമ്മുടെ നാട്ടില്‍ ഇനിയും ഇത്തരം ആത്മഹത്യകള്‍ നടക്കും. ഇതൊക്കെ ആര്‌ ശ്രദ്ധിക്കാന്‍ !

Sunday, 23 March 2008

വീണ്ടും ഖുശ്ബു വാര്‍ത്തകളില്‍ (Again Kushboo



"പെന്‍സില്‍ പോലെയിരിക്കുന്ന സുന്ദരികളോട്‌ എനിക്ക്‌ വലിയ താത്പര്യമില്ല.സ്ത്രീശരീരം അല്‍പസ്വല്‍പം മാംസളമായിരിക്കണം. പുരുഷന്‍മാര്‍ക്ക്‌ സ്ത്രീശരീരത്തിലേക്ക്‌ നോക്കി സങ്കല്‍പ്പിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. " ഖുശ്ബു(നടി).



കാവ്യമാധവണ്റ്റെയൂം ഒരു പരിധി വരെ മീരാ ജാസ്മിണ്റ്റെയൂം ആരാധകര്‍ ഇതൊക്കെ ക്ഷമിച്ചേക്കാം. ഐശ്വര്യാറായിയുടെ ആരാധകരും, എത്രമാത്രം Slim ആവാം എന്ന് തലപുകഞ്ഞാലോചിച്ചുകൊണ്ട്‌, ഒരുനേരം മാത്രം ഭക്ഷണം കഴിച്ച്‌ മെലിയല്‍ പ്രക്രിയയില്‍ ഗവേഷണം നടത്തുന്ന ഇന്നത്തെ യുവതലമുറയും ഇതൊക്കെ സഹിച്ചേക്കുമോ ? മുന്‍പൊരു പരസ്യപ്രസ്താവനയുടെ പേരില്‍ കോടതി കയറിയിറങ്ങിയ ഖുശ്ബു, ഇപ്പോള്‍ പറഞ്ഞതൊന്നും വിവാദം സൃഷ്ടിച്ചേക്കില്ല. എങ്കിലും ഇത്തരം തുറന്നു പറച്ചിലുകള്‍ തുടര്‍ന്നാല്‍ വിവാദനായികയെ കൊണ്ട്‌ മാപ്പുപറയിപ്പിക്കാന്‍ മണ്ണിണ്റ്റെ മക്കള്‍ വാദക്കാര്‍ ശ്രമിച്ചേക്കാം അതുകൊണ്ട്‌ ജാഗ്രതെ ഖുശ്ബു !

ക്രിക്കറ്റിലെ ചില തമാശകള്‍.(Cricket Jokes)

നരേന്ദ്ര ഹിര്‍വാനി എന്നൊരു സ്പിന്‍ ബൌളര്‍ നമുക്കുണ്ടായിരുന്നു. കക്ഷി ബൌളിങ്ങില്‍ നല്ല പ്രകടനം കാഴ്ച്ചവച്ചിരുന്നെങ്കിലും ബാറ്റിംഗില്‍ നമ്മുടെ "മാടപ്രാവാ" യ മക്ഗ്രാത്തിനു തുല്യനായിരുന്നു. ഒന്നോ രണ്ടൊ ബാളുകള്‍ നേരിടുക, ബൌളര്‍ക്ക്‌ വിക്കറ്റ്‌ ദാനമായി നല്‍കുക ഇതായിരുന്നു പുള്ളിയുടെ ഹോബി. പതിനൊന്നാമനായി ഹിര്‍വാനി ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങുമ്പോഴെക്കും ഏറെക്കുറെ എതിര്‍ ടീം ആഹ്ളാദപ്രകടനം നടത്താനുള്ള തിടുക്കത്തിലായിരിക്കും. ഹിര്‍വാനിയുടെ ഇത്തരത്തിലുള്ള പ്രകടനം കണ്ടിട്ടാവാം, ഒരു പ്രശസ്ത്‌ ക്രിക്കറ്റ്‌ കമണ്റ്റേറ്ററോട്‌ മറ്റൊരു കമണ്റ്റേറ്റര്‍ ചോദിച്ചു.
" എങ്ങനെ നിങ്ങള്‍ ഹിര്‍വാനിയുടെ ബാറ്റിംഗ്‌ പ്രകടനത്തെ വിലയിരുത്തുന്നു?"

“ലോകക്രിക്കറ്റില്‍ പതിനൊന്നാമനായിറങ്ങുന്ന എല്ലാവരെയും വച്ച്‌ ഒരു ടീം ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ പതിനൊന്നാമന്‍ "ഹിര്‍വാനി" ആയിരിക്കും. “


വളരെ പണ്ട്‌ ക്രിക്കറ്റില്‍ ഇന്ത്യ അരങ്ങേറ്റം കുറിച്ച നാളുകളില്‍, അന്ന്‌ ഏകദിനമത്സരങ്ങള്‍, അറുപത്‌ ഓവര്‍ മത്സരങ്ങള്‍ ആയിരുന്നു. അന്നും, ഇന്നത്തെപ്പോലെ ഇന്ത്യക്കാര്‍ക്ക്‌ ബുദ്ധിമുട്ടുള്ള ഒരു മേഖല ഫീല്‍ഡിംഗ്‌ ആയിരുന്നു. അന്ന്‌ വളരെ ബുദ്ധിപരമായി ഒരു ഇന്ത്യന്‍ ഫീല്‍ഡര്‍ ഒരു റണ്‍സ്‌ സേവ്‌ ചെയ്തത്‌ ഇന്നും ഒരു വിസ്മയമാണ്‌. ബാറ്റ്സ്മാന്‍ അടിച്ച ഒരു ബൌണ്ടറി , വളരെ ദൂരത്തിലുള്ളതായിരുന്നു. ബാളിണ്റ്റെ പുറകെ നമ്മുടെ ഫീല്‍ഡര്‍ സര്‍വ്വശക്തിയുമെടുത്ത്‌ ഓടുകയാണ്‌. ഓടുന്നതിനിടയില്‍ ഇടക്കിടക്ക്‌, ഫീല്‍ഡര്‍ പുറകിലേക്ക്‌ തിരിഞ്ഞുനോക്കുന്നുമുണ്ട്‌. ബൌണ്ടറി ലൈനിനരികില്‍ എത്തി

തിരിഞ്ഞുനോക്കിയപ്പോള്‍ നമ്മുടെ ഫീല്‍ഡര്‍ ഞെട്ടി, കാരണം ബാറ്റ്സ്മാന്‍മാര്‍ നാല്‌ റണ്‍സ്‌ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചാമത്തെ റണ്‍സിനു വേണ്ടി ഓടുന്നു. പിന്നെ നമ്മുടെ ഫീല്‍ഡര്‍ രണ്ടു വട്ടം ചിന്തിച്ചില്ല, കാലുകൊണ്ട്‌ ശക്തിയായി തട്ടി ബാള്‍ ബൌണ്ടറിയിലേക്ക്‌ പായിച്ചു. സേവ്‌ ചെയ്തില്ലെ ഒരു റണ്‍സ്‌, എങ്ങനെയുണ്ട്‌ ബുദ്ധി.

Friday, 21 March 2008

ധോണി പറഞ്ഞത്‌ ശരിയാണോ ?

Sourav Ganguly യേയും Rahul Dravidനെയും ടീമില്‍നിന്ന് ഒഴിവാക്കിയത്‌ ഒരു സന്ദേശമായിരുന്നുവെന്ന ധോണിയുടെ പ്രഖ്യാപനം ശരിയാണോ ? ആസ്ത്രേലിയക്കെതിരെ ഏകദിനവിജയം നേടുന്നതില്‍, രണ്ട്‌ ഫൈനലുകളിലും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വച്ച സീനിയര്‍ താരമായ Sachinണ്റ്റെ പ്രകടനത്തെ കുറച്ചുകാണാന്‍ കഴിയുമോ ? ധോണിയുടെ അഭിപ്രായത്തില്‍ ജൂനിയര്‍ താരങ്ങള്‍ ഉണ്ടായതിനാല്‍ ഏകദിനപരമ്പര ജയിച്ചു എന്നൊരു തോന്നലാണ്‌ നമുക്കെല്ലാം ഉണ്ടാവുക.

ഭാവിയിലേക്ക്‌ ടീമിനെ വാര്‍ത്തെടുക്കുന്നത്‌ നല്ലതുതന്നെ , അത്‌ “Perform or Perish”എന്ന Policy വച്ചായിരിക്കണം അല്ലാതെ , സച്ചിനുമായി ചേര്‍ന്ന് Ganguly മികച്ച തുടക്കം ഏകദിനക്രിക്കറ്റില്‍ നല്‍കിക്ക്കൊണ്ടിരിക്കുന്ന വേളയില്‍ അദ്ദേഹത്തെ പുറത്തിരുത്തി ഒത്തിരി പരീക്ഷണങ്ങള്‍ നടത്തിയത്‌ ധോണി എന്ന ക്യാപ്റ്റണ്റ്റെ മണ്ടത്തരമായിരുന്നുവെന്ന് കളികാണുന്ന ഏവര്‍ക്കും മനസ്സിലാകും. 300 ന്‌ മുകളില്‍ പോകുന്ന റണ്‍ചേസുകളില്‍ ഒരു നല്ല തുടക്കം കിട്ടാതെ വിഷമിക്കുന്ന അവസ്ഥ ഇന്ത്യക്കുണ്ടെന്നുള്ളത്‌ സത്യമല്ലേ .

സീനിയര്‍ താരങ്ങളെ മുഴുവന്‍ പുച്ഛത്തോടെ കാണാന്‍ ശ്രമിക്കുന്ന ധോണിയുടെ ഈ പ്രസ്താവന, പക്വതയില്ലാത്ത ഒരു ക്യാപ്ടണ്റ്റെ ജല്‍പ്പനങ്ങളായേ കാണാന്‍ കഴിയൂ !

Thursday, 20 March 2008

നിങ്ങള്‍ക്കറിയാമോ ?

1.GOOGLE ഏത്‌ Programming Language ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌?

Asynchronous java-script and XML, or its acronym Ajax


2.YAHOOവിണ്റ്റെ പൂര്‍ണ്ണരൂപം?

Yet Another Hierarchy of Officious Oracle


3.“PERSONAL COMPUTER”എന്ന പദം ആരാണ്‌ ആദ്യമായി ഉപയോഗിച്ചത്‌ ?

Edward Roberts എന്ന ജോര്‍ജിയന്‍ ഡോക്ടര്‍


4.ഇന്ത്യയില്‍ ആദ്യമായി INTERNET CONNECTION കിട്ടിയ വ്യക്തി ?

ഷമ്മി കപൂര്‍


5.ഇന്ത്യയിലെ ആദ്യത്തെ Internet FILM ?

Heart Beat.


6.നിങ്ങള്‍ക്ക്‌ കമ്പ്യുട്ടറില്‍ CON എന്ന ഒരു FOLDER നിര്‍മ്മിക്കാന്‍ പറ്റുമോ ?

ഇതിണ്റ്റെ ഉത്തരം നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂ !

Tuesday, 18 March 2008

സമാന്തരസര്‍വ്വീസിനു പച്ചക്കൊടി, ഹെല്‍മറ്റ്‌ വേട്ട തുടരുന്നു.

നിയമത്തിണ്റ്റെ മുന്‍പില്‍ എല്ലാവരും തുല്യരാണ്‌. എന്നാണല്ലോ നാം നാഴിക്ക്‌ നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ട്‌ നടക്കുന്നത്‌. പക്ഷെ സാധാരണക്കാരെ ദ്രോഹിക്കുന്ന തരത്തില്‍ നിയമം നടപ്പിലാക്കാനാണ്‌ നമ്മുടെ പോലീസും, അധികാരികളും ശ്രമിക്കുന്നത്‌.സമാന്തരസര്‍വ്വീസുകള്‍ നിരോധിച്ചുകൊണ്ട്‌, ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിക്കൊണ്ട്‌ ഉത്തരവുകള്‍ ഒരുപോലെയാണ്‌ ഇറങ്ങിയത്‌. പോലീസുകാര്‍ ഹെല്‍മറ്റ്‌ വേട്ട ഒരു വിനോദമാക്കി ആസ്വദിക്കുമ്പോള്‍ മറുവശത്ത്‌ വമ്പന്‍മാരുടെ സമാന്തരസര്‍വ്വീസുകള്‍ തകര്‍ത്തോടുന്ന കാഴ്ചയാണ്‌ ഹൈവേയിലുടനീളം.

ഹെല്‍മറ്റുണ്ടെങ്കില്‍ വണ്ടിക്ക്‌ ബുക്കും പേപ്പറും പോലും വേണ്ട എന്ന സ്ഥിതിയാണ്‌ പ്രത്യേകിച്ചും കൊല്ലം ജില്ലയില്‍. ഹൈവേയുടെ രണ്ട്‌ വശത്തും നിന്നുകൊണ്ട്‌ ഏമാന്‍മാര്‍ ഇരയെ പിടിക്കാന്‍ നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ തോന്നും നാട്ടില്‍ പോലീസുകാരുടെ ഏക ജോലി ഇതാണെന്ന്. ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുന്നതിനോട്‌ നമ്മള്‍ എതിര്‍ക്കേണ്ടകാര്യമില്ല, എങ്കിലും അതുപോലെ അത്മാര്‍ത്ഥത, സമാന്തര സര്‍വ്വീസിനെതിരെ കാട്ടുന്നില്ല എന്നതാണ്‌ സത്യം. . ഇതിപ്പോഴെഴുതാന്‍ കാരണം, ഇന്നലെ കൊട്ടിയത്ത്‌ നടന്ന വാഹന ദുരന്തമാണ്‌. മക്കളെ ട്യുഷന്‍ സെണ്റ്ററിലെത്തിക്കാന്‍ ബൈക്കില്‍ പോയ അച്ഛന്‍ അമിതവേഗത്തില്‍ വന്ന വാനിടിച്ച്‌ മരിച്ചു. സമാന്തര സര്‍വ്വീസ്‌ നടത്തിയിരുന്ന ഈ വാഹനം ആളിനെപ്പിടിക്കാനുള്ള തത്രപ്പാടില്‍ KSRTC ബസ്സിനെ അതിവേഗത്തില്‍ മറികടന്നപ്പോഴാണ്‌ ഈ അത്യാഹിതം ഉണ്ടായത്‌. വാനിടിച്ച്‌ ബൈക്ക്‌ രണ്ടായി പിളര്‍ന്ന് പോയി എന്നു പറയുമ്പോള്‍ ആ ഇടിയുടെ ആഘാതം നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. (ചിത്രം ശ്രദ്ധിക്കുക) കുട്ടികള്‍ക്ക്‌ ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്‌.





ഫോട്ടോ-കടപ്പാട്‌ മാതൃഭൂമി

Sunday, 16 March 2008

രാത്രിയില്‍ SSLC പരീക്ഷ , വിശ്വാസം വിജയിക്കട്ടെ.

വിശ്വാസത്തിന്‌ പൂര്‍ണ്ണ പിന്തുണയേകി കോടതി ഉത്തരവു വന്നു. സെവന്‍ത്‌ ഡേ അഡ്വണ്റ്റിസ്റ്റ്‌ വിഭാഗത്തില്‍ പ്പെട്ട തങ്ങള്‍ക്ക്‌ ശനിയാഴ്ച വിശ്രമത്തിണ്റ്റെയും പ്രാര്‍ത്ഥനയുടെയും ദിവസമാണെന്നും അതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയുകയില്ലെന്നും കാട്ടി കൊട്ടാരക്കരക്കടുത്തുള്ള കരിക്കം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 10- ക്ളാസ്സിലെ വിദ്യാര്‍ത്ഥിനികളായ രമ്യയും ജിന്‍സിയുംശനിയാഴ്ച വൈകിട്ട്‌ ആറുമണിമുതല്‍ രാത്രി 8.45 വരെ English Exam എഴുതിയത്‌.

എന്തായാലും കേരളം എങ്ങോട്ടാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത്‌. നാളെ ഹിന്ദുക്കള്‍ ഉത്സവം നടക്കുന്നതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍, വെള്ളിയാഴ്ച പരീക്ഷ നടത്തരുതെന്ന് മുസ്ളീങ്ങള്‍ പറഞ്ഞാല്‍ നമുക്ക്‌ അതും അംഗീകരിച്ചുകൊടുക്കേണ്ടി വരില്ലേ! ഈ പരീക്ഷ ഏഴുതാന്‍ മടി കാട്ടിയ വിശ്വാസികള്‍, ശനിയാഴ്ച നടത്തുന്ന PSC EXAM ഭാവിയില്‍ ബഹിഷ്ക്കരിക്കുമോ ? മിടുക്കനായ ഒരു കുട്ടി, ഈ വിശ്വാസ പ്രകാരം IAS Interview ശനിയാഴ്ചയാണെങ്കില്‍ അതില്‍ പങ്കെടുക്കാതിരിക്കുമോ ? ചിലപ്പോള്‍ മാറ്റിവെച്ചേക്കും അല്ലേ. വിനാശകാലെ വിപരീത ബുദ്ധി അല്ലാതെന്തു പറയാന്‍.

Wednesday, 12 March 2008

ചന്ദ്രനില്‍ ആദ്യമായി പോയത്‌ ഇന്ത്യാക്കാര്‍.



ഇത്‌ ലോകത്തിനറിയാവുന്ന അമേരിക്കയുടെ അഭിമാനം





പക്ഷെ NASA അന്ന് ചിത്രത്തിണ്റ്റെ പകുതിയെ പുറത്തുവിട്ടുള്ളൂ, ഇതാ മുഴുവന്‍ ചിത്രം.

എന്താ ഇന്ത്യാക്കാരല്ലേ കേമന്‍മാര്‍

Tuesday, 11 March 2008

“ഒന്നിനു പോണം ഒന്നിനു പോണം ഒന്നോ രണ്ടോ ഞങ്ങളുടെ ഇഷ്ടം”

കോളേജില്‍ കൊച്ചു കൊച്ചു റാഗിംഗും, പഞ്ചാരയടിയും തകൃതിയായി നടന്നുവരികയാണ്‌.അപ്പോഴാണ്‌ ജൂനിയര്‍ക്ക്‌ ആശ്വാസമേകിക്കൊണ്ട്‌ സീനിയേഴ്സിന്‌ Internal Exam ണ്റ്റെ Date പ്രഖ്യാപിച്ചത്‌. Institute Director സീനിയേഴ്സിനോടുള്ള ഞൊരുക്ക്‌ തീര്‍ക്കാനാണ്‌ അപ്പോള്‍ പതിവില്ലാതെ internal Exam ണ്റ്റെ Date നേരത്തെ ഇട്ടതെന്ന് കോളേജിലൊക്കെ ഒരു അണിയറസംസാരവും നടക്കുന്നുണ്ടായിരുന്നു.


സീനിയേഴ്സിലെ ബുജികള്‍ എങ്ങനെയെങ്കിലും ഈ പരീക്ഷ മുടക്കണം എന്ന് തലകുത്തി ആലോചിക്കുവാന്‍ തുടങ്ങി. അവസാനം അവര്‍ ബുജിരാക്ഷസന്‍ മനോജേട്ടനെ തന്നെ അഭയം തേടി. പുള്ളിക്കാരനെ പറ്റി രണ്ട്‌ വാക്ക്‌. ആള്‍ രസികനും പഞ്ചാരയടിയില്‍ ഗവേഷണം നടത്തുന്നവനും അവസരം കിട്ടിയാല്‍ അദ്ധ്യാപകര്‍ക്കിട്ടു തെന്നെ വേല വക്കുന്നവനും എങ്കില്‍ക്കൂടി ആള്‍ ഒരു വലിയ സുഹൃത്‌ ബന്ധത്തിനുടമയുമായിരുന്നു.



പിറ്റെ ദിവസം കോളേജില്‍ വച്ച്‌ മനോജേട്ടന്‍ ഞങ്ങളെയുംകൂട്ടി കോളേജിണ്റ്റെ പുറകിലേക്ക്‌ നടന്നു. എന്നിട്ട്‌ കാടുപിടിച്ചുകിടക്കുന്ന മൂത്രപ്പുരയും, അവിടം സ്വര്‍ഗമാക്കി വിശ്രമിക്കുന്ന പട്ടിക്കൂട്ടത്തെയും കാട്ടി തന്നു.
"പരീക്ഷ മറ്റന്നാള്‍ തുടങ്ങുകയല്ലേ, നാളെ നമ്മള്‍ മൂത്രപ്പുരക്ക്‌ വേണ്ടിയുള്ള സമരം ആരംഭിക്കുന്നു. നമ്മുടെ പ്രിന്‍സിപ്പാള്‍ സാര്‍ എങ്ങനെയും ഈ സമരം മുടക്കാന്‍ നോക്കും. ജൂനിയേഴ്സിനെ എങ്ങനെയും കൂടെ നിര്‍ത്തി നമ്മള്‍ സമരം തുടരണം. നയാപൈസ കോളേജിലെ ആവശ്യങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ നമ്മുടെ പ്രിന്‍സിപ്പാള്‍ ശ്രമിക്കുകയില്ല എന്നുറപ്പുള്ളതിനാല്‍ നമ്മുടെ ആവശ്യം എന്തായാലും ഉടനെയെങ്ങും അദ്ദേഹം അംഗീകരിച്ചു തരില്ല. നാലഞ്ച്‌ ദിവസം എങ്ങനെയും പഠിപ്പുമുടക്കിയാല്‍ പിന്നെ ഓണാവധി കഴിഞ്ഞേ പരീക്ഷയുണ്ടാവുകയുള്ളൂ. "

മനോജേട്ടണ്റ്റെ കൂര്‍മ്മബുദ്ധിയില്‍ ഞങ്ങള്‍ അഭിമാനിച്ചു. പക്ഷെ അദ്ദേഹത്തിണ്റ്റെ സൃഷ്ടിപരമായ കഴിവ്‌ പിറ്റേന്നുള്ള മുദ്രാവാക്യത്തിലൂടാണ്‌ ഞങ്ങള്‍ അറിഞ്ഞത്‌.

"ഒന്നേ ഒന്ന് ഒന്നേ ഒന്ന്
ഞങ്ങളുടെ ലക്ഷ്യം
ഒന്നിനുവേണ്ടി ഒന്നിച്ചുള്ള
ഒന്നാമത്തെ ഞങ്ങടെ സമരം.
ഒന്നിനു പോണം ഒന്നിനു പോണം
ഒന്നോ രണ്ടോ ഞങ്ങളുടെ ഇഷ്ടം
ഒന്നിനുപോകാനിടമില്ലന്നോ
കന്നിനുപോലും സ്ഥലമുണ്ടല്ലോ "


ഈ മുദ്രാവാക്യം ഒരു തരംഗമായി അലയടിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ചില അധ്യാപകരും അത്‌ നന്നായി ആസ്വദിച്ചു. ഞങ്ങള്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. പ്രിന്‍സിപ്പാള്‍ തീരെ വഴങ്ങിയില്ല. സമരം കനത്തു.അതുപൊളിക്കാന്‍ പ്രിന്‍സിപ്പാള്‍ പരമാവധി ശ്രമിച്ചു. ജൂനിയര്‍ കുട്ടികളെ internal markണ്റ്റെ പേരില്‍ ഭീഷണിപ്പെടുത്തി. പക്ഷേ സീനിയേഴ്സിണ്റ്റെ External mark ദേഹത്ത്‌ വീഴാണ്‍ സാധ്യതയുള്ളതിനാല്‍ ജൂനിയേഴ്സും സമരത്തില്‍ നിന്നും പിന്‍ വാങ്ങിയില്ല. ഫലമോ കോളേജ്‌ ഒരാഴ്ച്ച അടച്ചിട്ടു. പരീക്ഷയൊട്ട്‌ നടന്നതുമില്ല.

പക്ഷെ ഓണാവധി കഴിഞ്ഞ്‌ വന്നപ്പോള്‍ വളരെ വേദനയോടെ ഞങ്ങള്‍ ആ കാഴ്ച്ച കണ്ടു. മനോഹരമായി, നല്ല പെയിണ്റ്റടിച്ചിട്ടിരിക്കുന്നു മൂത്രപ്പുര. നോക്കിയപ്പോള്‍ ഒരാള്‍ വളരെ സന്തോഷത്തോടെ അവിടെനിന്നും ഇറങ്ങിവരുന്നു. ഞങ്ങളുടെ മനോജേട്ടന്‍. ഞങ്ങളുടെ നേര്‍ക്ക്‌ മുഷ്ടിചുരുട്ടി അണ്ണന്‍ വിളിച്ചു കൂവി

"ഒന്നേ ഒന്ന് ഒന്നേ ഒന്ന്
ഒന്നേ ഒന്ന് ഞങ്ങളുടെ ലക്ഷ്യം
ഒന്നിനുവേണ്ടി ഒന്നിച്ചുള്ള
ഒന്നാമത്തെ നമ്മുടെ സമരം"

Wednesday, 5 March 2008

ഗണേശ്കുമാറും നാപ്കിനും

“Hostel Fees പോലും നല്‍കാതെ N.S.Sണ്റ്റെ സൌജന്യം പറ്റി പഠിച്ച മന്ത്രി സുധാകരണ്റ്റെ നന്ദികേട്‌ പറയുന്ന വായ ഉപയോഗം കഴിഞ്ഞ നാപ്കിന്‍ തിരുകിയാണ്‌ അടയ്ക്കേണ്ടത്‌. “
Ganesh Kumar.Former Transport Minister


മന്ത്രി സുധാകരണ്റ്റെ വിവാദ പ്രസ്താവനകളും വ്യക്തികളെ വിമര്‍ശിക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്ന കോഞ്ഞാണ്ട പ്രയോഗങ്ങളും നമുക്കേവര്‍ക്കുംസുപരിചിതമാണ്‌. ഓരോ തവണയും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിണ്റ്റെ നിലവാരതകര്‍ച്ചയെ സൂചിപ്പിക്കുന്നതായും ചിലപ്പൊഴൊക്കെ നമുക്കു തോന്നാറുണ്ട്‌. പക്ഷേ ഇപ്പൊള്‍ സുധാകരനെപ്പോലെ സംസാരിക്കാന്‍ പലനേതാക്കളും ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം അല്ലെങ്കില്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കുന്ന ബാലകൃഷ്ണപിള്ളയുടെ മകന്‍
ഇങ്ങനെ ഒരു നിലവാരം കുറഞ്ഞ പ്രസ്താവന നടത്തുമായിരുന്നോ ?


എന്തായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. രാഷ്ട്രീയക്കാര്‍ പണ്ടൊക്കെ വളരെ മാന്യമായ ഭാഷ വിമര്‍ശനങ്ങള്‍ക്കുപയോഗിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ നികൃഷ്ടമായ പദങ്ങള്‍ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ ഒരു പാര്‍ട്ടിയുടെ നേതാവു പോലും മടി കാട്ടുന്നില്ല എന്നതാണു വാസ്തവം.

Tuesday, 4 March 2008

ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം (What a Win !)

രണ്ടാം ഫൈനലില്‍ ആസ്ത്രേലിയയെ9 റണ്‍സിന്‌ തോല്‍പ്പിച്ച്‌ വേള്‍ഡ്‌ ചാമ്പ്യന്‍മാരുടെ അഹങ്കാരത്തിന്‌ ചുട്ട മറുപടി നല്‍കിയ ഇന്ത്യന്‍ ടീം അഭിനന്ദനമര്‍ഹിക്കുന്നു. മാനസികമായി എതിരാളികളെ തകര്‍ക്കാന്‍ എല്ലാ വിധത്തിലും ശ്രമിച്ച്‌, ഇന്ത്യന്‍ ടീമിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌, ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വിജയം കൊയ്യാമെന്നകുരുട്ടുബുദ്ധിയും അമിതമായ ആത്മവിശ്വാസവുമാണ്‌ പോണ്ടിംഗിനെയും കൂട്ടരെയും തോല്‍പ്പിച്ചത്‌

കള്ളത്തരങ്ങളിലൂടെ ടെസ്റ്റ്‌ ജയിച്ചതുമുതല്‍ ആസ്ത്രേലിയക്കാര്‍ക്ക്‌ ടീമെന്ന നിലയിലുള്ള മാന്യത നഷ്ടപ്പെടുകയായിരുന്നു. പിന്നെ ലോകചാമ്പ്യന്‍മാരെന്ന ധാര്‍ഷ്ട്യവും, ബോക്സിംഗ്‌ റിങ്ങില്‍ കിട്ടിയാല്‍ ഇഷാന്ത്‌ ശര്‍മായെ ഇടിച്ചിടുമായിരുന്നു എന്നു പറഞ്ഞ ഹെയ്ഡണ്റ്റെ വമ്പു പറച്ചിലും ഇതിനെല്ലാം പുറമെ ഹര്‍ഭജനെതിരെയുള്ള കള പ്രയോഗവും ഈ വിജയത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു

വാല്‍ക്കഷണം: വെറും കളയെന്ന് ഹെയ്ഡന്‍ വിശേഷിപ്പിച്ച ഹര്‍ഭജന്‍ തന്നെ ഹെയ്ഡനെയും സൈമണ്ട്സിനെയും രണ്ട്‌ ഫൈനലിലും പുറത്താക്കിയെന്നോര്‍ക്കുമ്പോള്‍ ഇവര്‍ക്കു രണ്ട്‌ പേര്‍ക്കും ഉറക്കം വരുമോ ?

Monday, 3 March 2008

ബീമര്‍ ബ്രെറ്റ്‌ലിയും ബ്ളാസ്റ്റര്‍ സച്ചിനും (Beamer Brett Lee & Blaster Sachin)

ആസ്ത്രേലിയയും ഇന്ത്യയും തമ്മിലുള്ള കോമണ്‍ വെല്‍ത്ത്‌ ബാങ്ക്‌ സീരീസിണ്റ്റെ ആദ്യ ഫൈനലില്‍ 99റണ്‍സില്‍ നില്‍ക്കുമ്പോള്‍ ബ്രെറ്റ്‌ലിയെറിഞ്ഞ ബീമറില്‍നിന്ന് കഷ്ടിച്ച്‌ രക്ഷപെട്ട സച്ചിന്‍ , സെഞ്ച്വറിയടിക്കുകയും ഇന്ത്യയെ നിര്‍ണ്ണായകമായ ആദ്യഫൈനലില്‍ വിജയിപ്പിക്കുകയും ചെയ്തു. പക്ഷെ അങ്ങനെ ഒരു ബീമറെറിയാന്‍ ലീയെ പ്രേരിപ്പിച്ചതെന്തായിരിക്കും. എന്തായാലും കൈയ്യില്‍നിന്നും ബാള്‍ വഴുതിപ്പോവാനുള്ള സാധ്യത വിരളമെന്ന് Umpire തന്നെ പോണ്ടിംഗിനോട്‌ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടായിരുന്നു 99 ല്‍ നില്‍ക്കുന്ന ടെണ്ടുല്‍ക്കറെ സമ്മര്‍ദത്തിലാഴ്ത്താനാണോ ലീ ഇത്തരം വൃത്തികെട്ട മാര്‍ഗം നോക്കിയത്‌. പക്ഷെ അങ്ങനെ ഏറിഞ്ഞതില്‍ ലീ ഉടനെ തന്നെ ഖേഃദം പ്രകടിപ്പിക്കുകയും സച്ചിന്‍ അത്‌ ഉള്‍ക്കൊള്ളുകയും ചെയ്തതു ക്രിക്കറ്റിലെ മാന്യതയായി നമുക്ക്‌ കാണാം. ആസ്ത്രേലിയക്കാരുടെ അപരാജിതരെന്ന അഹങ്കാരത്തിനും ഹെയ്ഡണ്റ്റെയും സൈമണ്ട്സിണ്റ്റെയും ധാര്‍ഷ്ട്യത്തിനും ഉള്ള നല്ല മറുപടിയായിരുന്നു ഇന്ത്യയുടെ അനായാസ വിജയം. ഹെയ്ഡണ്റ്റെയും സൈമണ്ട്സിണ്റ്റെയും വിക്കറ്റ്‌ വീഴ്ത്തി രണ്ടുപേരുടെയും വിടുവായത്തരങ്ങള്‍ക്ക്‌ മറുപടി ബൌളിങ്ങിലൂടെ നല്‍കിയ ഹര്‍ഭജനും, ക്ഷമയോടെ സച്ചിന്‌ നന്നായി പിന്തുണ നല്‍കിയ രോഹിത്‌ ശര്‍മ്മയും ഈ വിജയത്തില്‍ നിസ്തുലമായ പങ്കാണ്‌ വഹിച്ചത്‌.



പിന്നെ സച്ചിന്‍ ലോകോത്തര ബാറ്റ്സ്മാനായിട്ടു കൂടി, ലാറ ഒറ്റക്ക്‌ കളി ജയിപ്പിച്ചതുപോലെ ഒരു performance സച്ചിണ്റ്റെ ബാറ്റില്‍നിന്നും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനത്തിനു ഒരു താല്‍ക്കാലിക മറുപടിയായി ഇന്നലത്തെ മത്സരം. ആസ്ത്രേലിയക്കെതിരെ അവരുടെ നാട്ടില്‍ വച്ച്‌ ആദ്യ സെഞ്ച്വറി കരസ്ഥമാക്കിയ സച്ചിനും കൂട്ടരും ചൊവ്വാഴ്ച്ചത്തെ മത്സരവും ജയിച്ച്‌ ഇന്ത്യക്ക്‌ പരമ്പര നേടിക്കൊടുക്കട്ടെ !

Sunday, 2 March 2008

മോഹന്‍ലാല്‍ പറഞ്ഞത്‌ സത്യം

“ചാനലുകളില്‍ നൃത്ത, ഗാന മത്സരത്തിനെത്തുന്ന കുട്ടികളുടെ കൈകള്‍ ശ്രദ്ധിച്ചാല്‍ കാണാം ധാരാളം ചരടുകള്‍, പലതരം മോതിരങ്ങള്‍..യുവജനോത്സവത്തിന്‌ കുട്ടികളെ കൊണ്ടുപോകുന്ന ഒരധ്യാപിക പറഞ്ഞത്‌ പലരും വരുന്നത്‌ മന്ത്രവാദിയെ കണ്ട ശേഷമാണെന്നാണ്‌. കുട്ടി കളിക്കുമ്പോള്‍ ബന്ധു ഒരു മുട്ടയുമായി സദസ്സിലിരിക്കും. എതിരാളികളുടെ കുതന്ത്രം തടയാനാണിത്‌. നല്ല കലാകാരനെ തടയാന്‍ ഏതു മുട്ടയ്ക്കാണ്‌ കഴിയുക.”

Mohan Lal


മോഹന്‍ലാല്‍ പറഞ്ഞതല്ലേ സത്യം. ഇപ്പോള്‍ എല്ലാവരും അന്ധവിശ്വാസങ്ങള്‍ക്കു പുറകെ പായുകയാണ്‌. രത്നം പതിച്ച അത്ഭുതമോതിരങ്ങളും ഏലസ്സുകളും വിപണിയില്‍ സജീവം.

പണ്ടൊക്കെ നമ്മുടെ അമ്പലങ്ങളില്ലാത്ത എന്തൊക്കെ പൂജകളാണിന്നുള്ളത്‌. അതില്‍ ഏടുത്തുപറയത്തക്ക ഒരു പൂജയാണ്‌ കാര്യസിദ്ധിപൂജ. ഇപ്പോള്‍ പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണല്ലോ ഭക്തി.

മതത്തിണ്റ്റെയും ഭക്തിയുടെയും കാര്യത്തില്‍ പ്രാകൃതമായിക്കൊണ്ടിരിക്കുകയാണ്‌ ആധുനിക കാലത്തെ മനുഷ്യന്‍. വിശ്വാസങ്ങള്‍ ചിലപ്പോള്‍ പല പ്രതിബന്ധങ്ങളെയും നേരിടാന്‍ ചിലര്‍കെങ്കിലും കരുത്തേകും. പക്ഷെ ലാല്‍ സൂചിപ്പിച്ചതുപോലെ ജപിച്ചുകൊണ്ടുവന്ന ഒരു മുട്ട കൊണ്ട്‌ കലാകാരന്‍മാരും കലാകാരികളുമാവാന്‍ ശ്രമിക്കുന്നവരെ പറ്റി എന്ത്‌ പറയാന്‍. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ അല്ലേ !

Saturday, 1 March 2008

ആസ്ത്രേലിയയുടെ അഹങ്കാരത്തിന്‌ തിരിച്ചടി

ആസ്ത്രേലിയ ഒരു ടീമെന്ന നിലയില്‍ അപരാജിതരായിരുന്നപ്പോഴായിരിക്കാം "വിനാശകാലെ വിപരീതബുദ്ധി" എന്ന പോലെ മറ്റ്‌ ടീമുകളെ പുച്ഛത്തോടെ കാണുകയും ഒരു വല്യേട്ടന്‍ ചമയുകയും ചെയ്തുതുടങ്ങിയത്‌. എല്ലാ അഹങ്കാരികള്‍ക്കും പറ്റുന്ന ആസന്നമായ വിനാശത്തിലേക്ക്‌ ആ ടീമെത്തിക്കഴിഞ്ഞിരിക്കുന്നു, അതിന്‌ തെളിവാണ്‌ തോല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ sledgingണ്റ്റെ നാനാര്‍ത്ഥങ്ങള്‍ തേടി അലയുകയും തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ടീമിലെ കളിക്കാര്‍ക്കെതിരെ തെറിവിളിച്ചുകൊണ്ട്‌ സ്വയം കുഴി തോണ്ടുകയും ചെയ്യുന്നത്‌. ആജാനുബാഹുവായ ഹെയ്ഡണ്റ്റെ കുട്ടിത്തം നിറഞ്ഞ വിടുവായകള്‍ക്കുള്ള മറുപടി ശ്രീലങ്കന്‍ ടീമില്‍ നിന്നും കിട്ടിക്കഴിഞ്ഞിരിക്കുന്നു. ശ്രീലങ്കയുടെ ചെറിയ സ്കോറായ 221 നെതിരെ ശക്തമായ രീതിയില്‍ മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ആസ്ത്രേലിയ എതിരാളികളെ വെറും ദുര്‍ബലരായിക്കണ്ട്‌ ആഞ്ഞടിച്ചപ്പോള്‍ചീട്ടുകൊട്ടാരം പോലെ 208 ല്‍ തകര്‍ന്നുവീണു.


ജയവര്‍ധനയുടെ ക്യാപ്റ്റന്‍സിയില്‍ ആസ്ത്രേലിയക്കെതിരെ ശ്രീലങ്ക നേടിയ ആദ്യജയം ഇന്ത്യക്ക്‌ ആത്മവിശ്വാസം നല്‍കിയെങ്കില്‍ എന്നുമനസ്സുകൊണ്ട്‌ ആഗ്രഹിച്ചുപോകുകയാണ്‌. അഹങ്കാരത്തിണ്റ്റെ താരരാജാക്കന്‍മാരുള്ള ആസ്ത്രേലിയക്കാര്‍ക്ക്‌ ചുട്ട മറുപടി നല്‍കുമോ അതോ, സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുമോ നമ്മുടെ അത്യുജ്ജല യുവനിര. കാത്തിരുന്നു കാണാം

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS