Tuesday, 26 August 2008

ബുദ്ധദേവും ബന്ദും വൈകിവരുന്ന ബുദ്ധിയും

ഹിമാലയന്‍ ബ്ളണ്ടര്‍ എന്നൊന്നും പറയാന്‍ ബുദ്ധദേവ്‌ ശ്രമിക്കില്ല, പക്ഷെ ബ്ളണ്ടര്‍ എന്ന് എന്തിനെപ്പറ്റിയെങ്കിലും തോന്നിയാല്‍ ഉടന്‍ തന്നെ ബുദ്ധിവികസിച്ച്‌ രണ്ട്‌ പള്ള് പറഞ്ഞിട്ടെ ഭട്ടാചാര്യ പിന്‍മാറുകയുള്ളൂ. സംഭവം എന്താണന്നല്ലേ ? ബന്ദിനും ഹര്‍ത്താലിനുമെതിരെ സി.പി.ഐ എം നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു ബുദ്ധദേവ്‌. ഇനി ഒരു തരത്തിലും ഇതൊന്നും ബംഗാളില്‍ വച്ച്‌ പൊറുപ്പിക്കുകയില്ല എന്നും വാശിയോടെ പുള്ളിക്കാരന്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്‌ കേരളത്തിലെ സി.പി.എം നേതൃത്വമാണ്‌. ഭട്ടാചാര്യക്ക്‌ ധൈര്യമായി ഇതൊക്കെ ബംഗാളില്‍ പറയാം, കാരണ കുറേ വര്‍ഷങ്ങളായി ഭരണം സി പി എമ്മിണ്റ്റെ കയ്യില്‍ തന്നാണല്ലോ? ഭരണത്തിനെതിരെ പ്രതിഷേധിക്കാന്‍ അവിടെ പ്രതിപക്ഷത്തിന്‌ വേണ്ടതല്ലേ ബന്ദെന്ന ആയുധം. ഇവിടങ്ങനെയാണോ. ഓരോ അഞ്ചു വര്‍ഷവും അധികാരം വെച്ച്‌ മാറിക്കൊണ്ടിരിക്കുകയല്ലേ. അടുത്ത ഇലക്ഷന്‍ കഴിയുമ്പോള്‍ പതിവ്‌ തെറ്റിയില്ലെങ്കില്‍ പ്രതിപക്ഷത്തിരുന്നു കൊണ്ട്‌ “ബന്ദാണെന്‍ സമരായുധം” എന്ന് ഉറക്കെ പ്രഖ്യാപിക്കാനായിരിക്കുമ്പോഴായിരുന്നു ഭട്ടാചാര്യയുടെ ഈ ഉള്‍വിളി പുറത്തായത്‌.




ഇനി ബുദ്ധദേവിനെ പാര്‍ട്ടി തിരുത്തുന്നതിനായി കാത്തിരിക്കാം അല്ലെങ്കില്‍ ബുദ്ധദേവ്‌ പറഞ്ഞതിനോട്‌ ഒരു * കൂടി ചേര്‍ക്കുക എന്നിട്ട്‌ വളരെ ചെറിയ അക്ഷരത്തില്‍ എഴുതിവക്കുക. "വ്യവസ്ഥകള്‍ ബാധകം, കേരളത്തിനു വെളിയില്‍ മാത്രം ഈ ഓഫര്‍ "

Monday, 18 August 2008

ഹൌസ്ബോട്ടിലൊരു "ബഡാ" ബ്ളോഗ്‌ ക്യാമ്പ്‌



               "ഇവന്‍ താന്‍ടാ ഹൌസ്‌ ബോട്ട്‌"



രാവിലെ 9 മണിക്ക്‌ ആരംഭിക്കുമെന്ന് പറഞ്ഞതിനാല്‍ കൃത്യം 8.30 ന്‌ തന്നെ പുന്നമടജെട്ടിയില്‍ എത്തിച്ചേര്‍ന്നു. അവിടെയെത്തിയപ്പോള്‍ കുറേപ്പേര്‍ തകര്‍ത്ത്‌ സംസാരിക്കുന്നുണ്ട്‌. യാത്രക്കാരാണോ ബ്ളോഗ്ഗേര്‍സാണോ എന്നൊരു സംശയം. പതുക്കെ അവരുടെ അടുത്തൊക്കെ ചെന്നു നിന്നിട്ട്‌ "ബ്ളോ" എന്ന വാക്ക്‌ കേള്‍ക്കുന്നുണ്ടെങ്കില്‍ ചാടിക്കേറി കമണ്റ്റിടാനായി ഞാന്‍ മനസ്സില്‍ പദ്ധതിയിട്ടു. അതുവരെ "അനോണിമസ്‌" ആയിനിന്നിരുന്ന നമ്മുടെ കുത്തിവര ബ്ളോഗര്‍ ഒരു ചെറിയ ചിരിയിലൊരു കമണ്റ്റ്‌ പാസ്സാക്കി. അതിണ്റ്റെ ബലത്തില്‍ ഞങ്ങള്‍ പരിചയപ്പെട്ടു, പിന്നെ അടുത്ത്‌ നിന്നിരുന്ന ഓരോരുത്തരും ബൂലോകവാസികളാണെന്ന് ഞങ്ങള്‍ കണ്ടെത്തുകയും ചെയ്തു.




               "പൂമുഖപ്പടിയില്‍ ബ്ളോഗരെയും കാത്ത്‌"



ഗായകന്‍ പ്രദീപ്‌ സോമസുന്ദരവുമായുള്ള ഫോട്ടോ സെഷന്‍ വരെ ആ പരിചയപ്പെടലുകള്‍ എത്തി. ഇതിനിടയില്‍ സമയം വൈകി പത്തുമണിയാവുന്നത്‌ കണ്ട്‌ ഞങ്ങള്‍ സംഘാടകനായ കെന്നിയോട്‌ ആശങ്ക പ്രകടിപ്പിച്ചു. ബോട്ട്‌ കഴുകിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ബോട്ടെത്തിച്ചേരുമെന്നും കെന്നി ഉറപ്പ്‌ നല്‍കി. വരുന്ന ഓരോ ഹൌസ്‌ ബോട്ടും ഞങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന് വിശ്വസിച്ച്‌ മണ്ടന്‍മാരായിക്കൊണ്ട്‌ നിന്നപ്പോള്‍ രണ്ട്‌ നിലയുള്ള ഒരു ഹൌസ്ബോട്ട്‌ ജെട്ടിയിലേക്കെത്തിച്ചേര്‍ന്നു. ഇത്ര വലിയ ബോട്ട്‌ എന്തായാലും നമുക്കുള്ള തല്ലെന്ന് കരുതി ഒരിക്കല്‍ കൂടി മണ്ടരാവരുതെന്ന ഉദ്ദേശ്യത്തോടെ കത്തിയടി തുടര്‍ന്നപ്പോഴാണ്‌ ആനന്ദ്‌ വന്നു പറയുന്നത്‌ ഇതു ബ്ളോഗ്ഗേര്‍സിണ്റ്റെ ബോട്ട്‌ ആണെന്ന്.



               "ഈ തണലില്‍ ഇത്തിരിനേരം"

പിന്നെ കത്തിയടിക്ക്‌ ലാല്‍ സലാം പറഞ്ഞുകൊണ്ട്‌ ബോട്ടിലൊരു ഓട്ടപ്രദക്ഷിണം. ബോട്ടിനകത്ത്‌ ഏവരുടെയും ക്യാമറകള്‍ മിന്നി മറഞ്ഞു. ഈ ക്യാമ്പില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു അടിപൊളി യാത്രകൂടി നഷ്ടപ്പെടുമായിരുന്നുവെന്ന് മനസ്സില്‍ പറഞ്ഞു.


ബ്ളോഗ്‌ ക്യാമ്പ്‌ ഹൌസ്ബോട്ടിലൂടെ അതിണ്റ്റെ ജൈത്രയാത്ര ആരംഭിച്ചു. അദ്യത്തെ പത്തു മിനിട്ടുനേരം എല്ലാവരുടെയും ശ്രദ്ധ ഇരുവശത്തുമുള്ള കാഴ്ചകളിലേക്ക്‌ നീങ്ങി. പിന്നീട്‌ ഏവരും സ്വയം പരിചയപ്പെടുത്തി. അപ്പോഴാണ്‌ കാരിക്കേച്ചറുകള്‍നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ചുകൊണ്ട്‌ "കേരള ഹാ ഹാ ഹാ" ബ്ളോഗ്ഗര്‍ സജീവേട്ടന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്‌. പിന്നെക്കണ്ടത്‌ മാവേലിസ്റ്റോറുകളുടെ മുന്‍പില്‍ കാണുന്നത്പോലെ ഒരു നീണ്ട ക്യൂ. സ്വന്തം കാരിക്കേച്ചറുകള്‍ കിട്ടാന്‍ വേണ്ടി ബൂലോകം സജീവേട്ടണ്റ്റെ മുന്‍പില്‍ ക്ഷമയോടെ നില്‍ക്കുന്നു. പിന്നെ ക്ളാസ്സുകള്‍ . ഒരു സായിപ്പിണ്റ്റെ (പേരോര്‍മ്മയില്ല ) voice recognition software ക്ളാസ്സും മണികാര്‍ത്തിക്കിണ്റ്റെ, ബ്ളോഗിലൂടെ മണി സമ്പാദിക്കുന്നതിനുള്ള എളുപ്പവഴികളും കൂടിയായപ്പോള്‍ സമയം പോയത്‌ അറിഞ്ഞില്ല. പക്ഷെ വിശപ്പ്‌ വന്നത്‌ എല്ലാവരും നന്നായി അറിഞ്ഞു തുടങ്ങി, കാരണം 2 മണിയായിത്തുടങ്ങിയിരുന്നു.


പിന്നായിരുന്നു എല്ലാ ബൂലോകരുടെയും യഥാര്‍ത്ഥ Performance. കപ്പ, കരിമീന്‍ ഫ്രൈ , മുളകരച്ച മത്തിക്കറി, ചിക്കന്‍ ഫ്രൈ, താറാവ്‌ കറി, പിന്നെ ഒരു കല്യാണ സദ്യക്കുള്ള സാധാരണ വിഭവങ്ങളും കൂടിയായപ്പോള്‍ ബൂലോകരുടെ മനസ്സുനിറഞ്ഞു, അതിലേറെ വയറും . പിന്നെ സേമ്യ പായസം കൂടിയായപ്പോള്‍ താഴെയുള്ള റൂമിലെവിടെയെങ്കിലും പോയി കിടന്നാലോയെന്നും തോന്നി പ്പോയി

ഊണിനുശേഷം പ്രദീപ്‌ സോമസുന്ദരത്തിണ്റ്റെ "എണ്ണക്കറുപ്പിന്നേഴഴക്‌ " എന്ന മനോഹരമായ ഗാനം കൂടിയായപ്പോള്‍ ക്യാമ്പ്‌ അവിസ്മരണീയം. അദ്ദേഹത്തിണ്റ്റെ "Audio Blogging " എന്നതിനെക്കുറിച്ചുള്ള ക്ളാസ്സ്‌ ഏവരും ആസ്വദിക്കുന്നുണ്ടായിരുന്നു. ജോധാ അക്ബറിലെ “Jashn-E-Bahaaraa” എന്ന ഗാനം അദ്ദേഹം പാടിയത്‌ Neundo എന്ന Software ഉപയോഗിച്ച്‌ Mixing നടത്തിയതും വോക്കല്‍ ശബ്ദത്തില്‍കൂടുതല്‍ sound effects കൊടുത്തതും ഒരു പുതിയ അറിവും അനുഭവവുമായിരുന്നു



               "Not Only "BOAT" Also"


വൈകിട്ടായപ്പോള്‍ പഴം പൊരിയും ചായയും . പിന്നെ ബ്ളോഗ്ഗിലെ സജീവ സാന്നിദ്ധ്യമായ "കേരള ഫാര്‍മറിണ്റ്റെ" മലയാളം ബ്ളോഗ്ഗിങ്ങിനെക്കുറിച്ചുള്ള ക്ളാസ്സും റബ്ബറിണ്റ്റെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്ന പ്രസണ്റ്റേഷനും വളരെ informative ആയിരുന്നു. ക്യാമ്പില്‍ ബൂലോകരില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തി കേരള ഫാര്‍മര്‍ ആയിരുന്നെങ്കിലും ക്യാമ്പിലുടനീളം അദ്ദേഹം പ്രകടിപ്പിച്ച യുവത്വം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കെന്നിയുടെ കാമ്പസ്‌ ബ്ളോഗ്ഗിങ്ങിനെക്കുറിച്ചുള്ള ക്ളാസ്സ്‌ ബൂലോകത്തെ വിദ്യാര്‍ത്ഥിസംഘത്തിന്‌ തീര്‍ച്ചയായും ഒരു പ്രചോദനമായിരുന്നു.

ആറുമണിയോടെ ബോട്ട്‌ പുന്നമടയെത്തിയപ്പോഴേക്കും എല്ലാവരും ഒരു ആത്മനിര്‍വൃതിയിലെത്തിയ പോലെയായിരുന്നു. അവിസ്മരണീയമായ ഒരു ബൂലോകകൂട്ടായ്മ,. ആനന്ദത്തിണ്റ്റെ പാരമ്യത്തിലൊരു ഹൌസ്‌ ബോട്ട്‌ യാത്ര.

Thursday, 14 August 2008

House Boat ല്‍ ആദ്യമായി ഒരു ബ്ളോഗ്‌ ക്യാമ്പ്‌ (Blog Camp On a House Boat)





കേരളത്തിലെ ബ്ളോഗ്ഗേര്‍സിണ്റ്റെയും international bloggersണ്റ്റെയും ഒരു കൂട്ടായ്മ ആലപ്പുഴ യില്‍ ഹൌസ്‌ ബോട്ടില്‍ August 16 ന്‌.

മേരീ ആവാസ്‌ സുനോ ഫെയിം പ്രദീപ്‌ സോമസുന്ദരത്തിണ്റ്റെ Audio Blogging നെ കുറിച്ചുള്ള ക്ളാസ്സ്‌,

അങ്കിളിണ്റ്റെ മലയാളം ബ്ളോഗിംഗിനെകുറിച്ചുള്ള ക്ളാസ്സ്‌,

ഇത്തരമൊരു ആശയത്തിണ്റ്റെ മുഖ്യ സംഘാടകനായ

Kenney Jacob

" The future of campus publication" എന്ന വിഷയത്തിലും

മറ്റൊരു സംഘാടകനായ

Anand Subramanian (TheAnand)



"Blogging Ideas -
Write a better post blog for your blog "
എന്ന വിഷയത്തിലും ക്ലാസ്സുകള്‍ ഏടുക്കുന്നു

Mani Karthik ണ്റ്റെ

"Earning a living from blogging -
How SEO and Social Media can help you."
എന്ന വിഷയത്തിലുള്ള ക്ലാസ്സും ബ്ളോഗ്ഗേര്‍സിന്‌ ഒരു മുതല്‍ക്കൂട്ടാവും തീര്‍ച്ച !

ഈ ബൂലോക കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എന്നെപ്പോലെ ഭാഗ്യം ലഭിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.

മറ്റുള്ളവര്‍ നിരാശപ്പെടരുതെ "Better Luck Next Time"


മറ്റ്‌ വിശേഷങ്ങള്‍ ക്യാമ്പിനുശേഷം!



Friday, 8 August 2008

ഷോക്ക്‌ ട്രീറ്റ്മെന്‍റ്റ്‌(Shock Treatment)

തോമാച്ചന്‍ കൈക്കൂലി വാങ്ങിക്കാറുണ്ട്‌, പക്ഷെ ചോദിച്ച്‌ വാങ്ങിക്കുന്ന ശീലം അയാള്‍ക്കില്ല. പാവപ്പെട്ടവരുടെ വീട്ടില്‍ ഫ്യസ്‌ പോയാല്‍ പലപ്പോഴും ഒരു നയാപൈസ പോലും വാങ്ങാതെ അയാള്‍ അത്‌ ശരിയാക്കികൊടുക്കുമായിരുന്നു. പണക്കാര്‍ അറിഞ്ഞു തരുന്ന പണം (കറണ്ട്‌ പോകുമ്പോള്‍ വിളിച്ചാല്‍ വീണ്ടും വരണമെന്ന ഉദ്ദേശത്തോടെ തരുന്ന പണം) ഒരു ഉളുപ്പുമില്ലാതെ വാങ്ങാനും തോമ മടികാട്ടിയിരുന്നില്ല.

അങ്ങനെയിരിക്കെ തോമാക്കൊരുനാള്‍ പോലീസ്‌ സ്റ്റേഷനില്‍ കയറേണ്ടി വന്നു. കൈക്കൂലികേസിനൊന്നുമല്ല. തോമ ബൈക്കില്‍ ഡ്യൂട്ടി കഴിഞ്ഞുവന്നപ്പോള്‍ വളവില്‍ വച്ച്‌ ഒരാട്ടോയുമായി തട്ടി. നിസ്സാരമായി ഒതുക്കാവുന്ന സംഭവം രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനിലെത്തി. അപ്പോഴാണ്‌ വാദിക്കും പ്രതിക്കും യഥാര്‍ത്ഥ അമളി മനസ്സിലാവുന്നത്‌, വണ്ടി ശരിയാക്കുന്നതിനേക്കാളും നല്ലൊരു തുക സ്റ്റേഷനില്‍ കോഴ നല്‍കിയാലെ വണ്ടി തിരിച്ചു കിട്ടു എന്ന അവസ്ഥയെത്തി. ഓട്ടോക്കാരന്‌ പോലീസുകാരുമായി പരിചയം ഉള്ളതിനാല്‍ ചെറിയ തുക നല്‍കി അയാള്‍ രക്ഷപെട്ടു. സ്റ്റേഷന്‍ തോമായുടെ കറണ്ടിണ്റ്റെ അധികാരപരിധിയില്‍ വരുന്ന മേഖലയായതിനാല്‍ തോമാക്ക്‌ എസ്‌ ഐയെ പരിചയമുണ്ടായിരുന്നു. പക്ഷെ എസ്‌. ഐ അന്നത്തെ ദിവസം ലീവ്‌ ആയതിനാല്‍ തോമ വലഞ്ഞു. അഡീഷണല്‍ എസ്‌ ഐ കോഴയുടെ ഉസ്താദാണെന്ന് തോമ കേട്ടിട്ടുണ്ടായിരുന്നു.


തോമ 250 രൂപയുമെടുത്ത്‌ ASI രാജനെ സമീപിച്ചു. പണം കൈപ്പറ്റിയശേഷം രാജന്‍ പറഞ്ഞു. "എടേ ഇതൊന്നിനും ഇല്ലല്ലോ വണ്ടി കൊണ്ട്‌ പോകണ്ടേടേ?"
250 കൂടി എടുത്ത്‌ നീട്ടിയപ്പോള്‍ ആ കറുത്ത മുഖത്ത്‌ മിന്നല്‍ വീഴുന്നതുപോലെ കുറെ പല്ലുകള്‍ തെളിഞ്ഞ്‌ഒരു ചിരി വന്നത്‌ തോമാ കണ്ടു. എല്ലാം ഒതുക്കി എന്നാശ്വാസത്തോടെ ബൈക്കെടുക്കാന്‍ ചെന്ന തോമായെ എ എസ്‌ ഐ കൈ കൊട്ടി വിളിച്ചു.
"എടെ താനാളു കൊള്ളാമല്ലോ, അകത്ത്‌ എഴുതാനൊക്കെ ആളിരിക്കുന്നത്‌ കണ്ടില്ലേ, അവര്‍ക്കുള്ള പങ്ക്‌ ഞാന്‍ കൊടുക്കണോ ? "
തോമ 250 രൂപകൂടി കൊടുത്തശേഷം ഇനിയും പടിയുണ്ടോ എന്ന് ശങ്കിച്ചു നിന്നു. അപ്പോള്‍ രാജനെസ്സൈ പാറാവുനിന്ന വനിതാപോലീസിനോട്‌ ഒരു ചോദ്യം
"ഒരു 50 രൂപ കാപ്പികുടിക്കാന്‍ തന്നാല്‍ താന്‍ വാങ്ങിക്കുമോ ?"
അവര്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏടേ ഒരന്‍പത്‌ രൂപ കൂടി എടുത്തേക്കൂ" തോമ അന്‍പതിണ്റ്റെ നോട്ടെടുത്ത്‌ നീട്ടി
“താന്‍ ഏതാപ്പീസിലാ വര്‍ക്ക്‌ ചെയ്യുന്നത്‌ ?
“K.S.E.B”
തോമ കലിയടക്കി പറഞ്ഞു. അപ്പോള്‍ ഇനി കറണ്ട്‌ ബില്ലടക്കാന്‍ വരുമ്പോള്‍ കാണാം ! ഇങ്ങനെ പറഞ്ഞ്‌ പാറാവുകാരിക്ക്‌ അന്‍പതുരൂപയും കൊടുത്ത്‌ കുടവയറും കുലുക്കി എ എസ്‌ ഐ അകത്തേക്ക്‌ കയറി.


ഒരു ബൈക്കപകടത്തിന്‌ തനിക്ക്‌ നല്‍കേണ്ടിവന്ന വിലയോര്‍ത്ത്‌ തോമാക്കുറക്കം വന്നില്ല. രാത്രി പത്ത്‌ മണിയായപ്പോള്‍ തന്നെ അയാള്‍ സഹലൈന്‍മാനെ ഫോണില്‍ വിളിച്ചെന്തൊക്കെയോ പറഞ്ഞു. അരമണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ തോമാ പ്രതീക്ഷിച്ചിരുന്ന പോലെ ഫോണ്‍ വന്നു. "ഹലോ തോമായല്ലേ ഞാന്‍ ASI രാജന്‍ , എടോ എണ്റ്റെ വീട്ടില്‍മാത്രം കറണ്ട്‌ പോയി. അടുത്ത വീട്ടിലൊക്കെ കറണ്ടുണ്ട്‌, താന്‍ ഒന്നു ശരിയാക്കണേ , ഉഷ്ണം കാരണം ഉറങ്ങാന്‍ കഴിയുന്നില്ല"


"ഏത്‌ രാജന്‍ എനിക്കറിയില്ലല്ലോ , ആരാ മനസ്സിലായില്ലല്ലോ "

"എടേ തണ്റ്റെ ബൈക്കിണ്റ്റെ കാര്യം സോള്‍വ്‌ ചെയ്ത "
"ഓ സാറാണോ, അയ്യോ സാറേ എനിക്കിന്നു ഓഫാ, ഇല്ലെങ്കില്‍ശരിയാക്കിത്തരാമായിരുന്നു.”
"ശരിയാക്കിത്തരാടാ" തോമാ മനസ്സില്‍ പറഞ്ഞു
അന്നു രാത്രി മുഴുവന്‍ ASI വിയര്‍ത്ത്‌ കുളിച്ച്‌ കിടന്നുറങ്ങി.
പിറ്റേന്ന് പകല്‍ സമയം മുഴുവന്‍ കറണ്ടില്ലായിരുന്നു. സന്ധ്യക്ക്‌ തോമാ രാജണ്റ്റെ വീട്ടിലെത്തി 200 രൂപയും വാങ്ങിച്ച്‌ കറണ്ട്‌ ശരിയാക്കിക്കൊടുത്തു. പക്ഷെ രാത്രി 8 മണിയായപ്പോള്‍ വീണ്ടും ഇരുട്ട്‌ വീണു. രാജന്‍ ദേഷ്യത്തോടെ ഫോണെടുത്ത്‌ തോമായെ വിളിച്ചു.
"എടോ താന്‍ എന്തോന്നാ ചെയ്തിട്ടു പോയത്‌, രാത്രി വീണ്ടും കറണ്ട്‌ പോയല്ലോ "
"സാര്‍ ഞാന്‍ ശരിയാക്കിയതാണല്ലോ, ലോഡ്‌ നില്‍ക്കുന്നില്ലായിരിക്കും" തോമ കള്ളച്ചിരിയോടെ പറഞ്ഞു.

വീണ്ടും ഉറക്കമില്ലാത്ത രാത്രി, രാജനെസ്സൈ പല്ലുകടിച്ച്‌ കൈകള്‍ കൂട്ടിത്തിരുമ്മി എന്തോ മനസ്സിലുറപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ തോമയുടെ ഫോണില്‍ ഒരു വിളി. "ഹലോ തോമായല്ലെ, സ്റ്റേഷനില്‍ വരെ വരണം, കറണ്ടിണ്റ്റെ കാര്യം സംസാരിക്കാന്‍ !" തോമ അറച്ചറച്ച്‌ സ്റ്റേഷനിലെത്തി , അകത്ത്‌ നിന്നുകൊണ്ട്‌ രാജനെസ്സൈ കൈ കാട്ടിവിളിച്ചു. പക്ഷെ തോമ അതു ശ്രദ്ധിക്കാതെ എസ്‌ ഐ യുടെ റൂമിലേക്ക്‌ നടന്നു കയറി.
"സാര്‍ സ്റ്റേഷനില്‍ കറണ്ടില്ലേ ! "
“ ഉണ്ടല്ലോ തോമാ എന്താ കാര്യം "

“അല്ല ഇവിടെനിന്നും കറണ്റ്റിണ്റ്റെ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞൊരു ഫോണ്‍ വന്നിരുന്നു"
“തോമാ പൊയ്ക്കോളൂ, ഇവിടെ ഒരു കുഴപ്പവുമില്ല”
. ഉടന്‍ തന്നെ തോമാ സ്റ്റേഷന്‍ വിട്ടിറങ്ങി. പുറകെ രാജനെസ്സൈയും
"തോമാ വെറുതെ നീ കറണ്റ്റില്ലാതാക്കി രാത്രി പണിതരരുത്‌. ആകപ്പാടെ വല്ലവിധേനയും ക്ഷീണം തീര്‍ക്കുന്നത്‌ രാത്രിയില്‍ ഉറങ്ങിയാ! ഇതാ നിണ്റ്റെ കൈയ്യില്‍ നിന്നും വാങ്ങിയ 350 രൂപ, 200നീ നേരത്തെ വാങ്ങിയല്ലോ”
"സാര്‍ സാറൊന്നുകൊണ്ടും വിഷമിക്കണ്ട ഞാന്‍ വിശദമായൊന്നുനോക്കട്ടെ! നമുക്ക്‌ പരിഹാരമുണ്ടാക്കാം "
കാശും വാങ്ങിച്ച്‌ തോമ ബൈക്കില്‍ കയറി ഓഫീസിലേക്ക്‌ വാണം വിട്ടപോലെ പോയി.

Tuesday, 5 August 2008

A.T.M തട്ടിപ്പുകള്‍

റിസ്ക്കുകളില്ലാതെ എങ്ങനെ പണം സമ്പാദിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌ ഇന്നത്തെ ഹൈടെക്ക്‌ മോഷ്ടാക്കള്‍. A.T.M ഇതിനൊരു പ്രധാന മാര്‍ഗമായിക്കൊണ്ടിരിക്കുന്നു എന്നുള്ള സത്യം ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ പ്രായം ചെന്ന മാതാപിതാക്കള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക്‌ ഇരയായേക്കാം. അടുത്തിടെ എണ്റ്റെ ഒരു സുഹൃത്തിണ്റ്റെ പിതാവിനെ ഒരു മോഷ്ടാവ്‌ സമര്‍ത്ഥമായി കബളിപ്പിച്ചു. A.T.M. Counter നുള്ളില്‍ പണമെടുക്കാന്‍ കയറിയപ്പോള്‍ മോഷ്ടാവും കൂടെ കയറി. സാധാരണ ഇദ്ദേഹത്തിണ്റ്റെ അച്ഛന്‍ അവിടെയുള്ള സെക്യൂരിറ്റിയുടെ സഹായത്താലായിരുന്നു പണം എടുത്തുകൊണ്ടിരുന്നത്‌. അന്ന് അദ്ദേഹത്തെ കാണാഞ്ഞതിനാല്‍ , നല്ല ടിപ്പ്‌ ടോപ്പില്‍ ഡ്രസ്സ്‌ ചെയ്ത ഈ Gentleman മോഷ്ടാവിണ്റ്റെ സഹായം തേടുകയായിരുന്നു.. അച്ഛന്‌ ആവശ്യമുള്ള പണം (1000 രൂപ) അക്കൌണ്ടില്‍ നിന്നും ഏടുത്തശേഷം അയാള്‍ കാര്‍ഡ്‌ തിരിച്ചുനല്‍കി. നന്ദിയും പറഞ്ഞുകൊണ്ട്‌ ആ പിതാവ്‌ വീട്ടിലേക്ക്‌ തിരിച്ചുപോയി. പിന്നീട്‌ ഒരാഴ്ച കഴിഞ്ഞ്‌ പെന്‍ഷന്‍ എടുക്കാനായി കൌണ്ടറിലെത്തി സെക്ക്യുരിറ്റിയെ കാര്‍ഡ്‌ ഏല്‍പ്പിച്ചപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്താവുന്നത്‌. ഈ പിതാവിണ്റ്റെ കയ്യില്‍ മോഷ്ടാവ്‌ കൈമാറിയത്‌ മറ്റാരുടെയോ A.T.M കാര്‍ഡ്‌ ആയിരുന്നു. ഇതിനകം ആ അക്കൌണ്ടിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ ആ മോഷ്ടാവ്‌ തട്ടിയെടുത്ത്‌ കഴിഞ്ഞിരുന്നു. അന്വേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും മോഷ്ടാവിനെ കണ്ടെത്തിയിട്ടില്ല. കൂട്ടുകാരണ്റ്റെ പിതാവിനു നല്‍കിയ വ്യാജകാര്‍ഡിണ്റ്റെ ഉടമയെ പോലീസ്‌ കണ്ടെത്തിയെങ്കിലും അതും ഇതുപോലെ കബളിപ്പിക്കപ്പെട്ടെ ഒരു ഹതഭാഗ്യണ്റ്റെ കാര്‍ഡ്‌ ആയിരുന്നു.


A.T.M കൌണ്ടറിനുള്ളില്‍ ഒരാല്‍ മാത്രമെ പ്രവേശിക്കാവൂ എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടെങ്കിലും നിയമലംഘനത്തില്‍ എന്നും അത്യുത്സാഹം പ്രകടിപ്പിക്കുന്ന നമ്മള്‍ A.T.M നുള്ളില്‍ തിങ്ങി നിറഞ്ഞാണ്‌ നില്‍ക്കുന്നത്‌. ഇത്‌ വിരുതന്‍മാരായ മോഷ്ടാക്കള്‍ മുതലാക്കുകയും നമ്മള്‍ കബളിപ്പിക്കപ്പെടാന്‍ ഇടയാവുകയും ചെയ്യുന്നു. അതിനാല്‍ ജാഗ്രതൈ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS