Monday, 29 September 2008

സാഹിത്യവാരഫലത്തെ എതിര്‍ക്കുന്നവര്‍

"സാഹിത്യവാരഫലം എഴുതി മലയാള ഭാവുകത്വത്തെ മലീമസപ്പെടുത്തിയ എം. കൃഷ്ണന്‍ നായരാണ് ആനുകാലികങ്ങളും പുസ്തകങ്ങളും ഓടിച്ചുനോക്കിയും ആധികാരികമായി അഭിപ്രായം പറയാം എന്ന അയഞ്ഞ മൂല്യബോധം നാല് ദശാബ്ദത്തെ സേവനകാലം കൊണ്ടുണ്ടാക്കിയത്. "

കെ.പി.നിര്‍മ്മല്‍കുമാര്‍


സാഹിത്യനിരൂപണം ജനകീയമാക്കുന്നതിനും , ആര്‍ക്കും മനസ്സിലാവാത്തവിധത്തില്‍ കഥയും കവിതയും എഴുതിപടച്ചുവിട്ടുകൊണ്ടിരുന്ന ബുദ്ധിജീവികോമരങ്ങളുടെ എഴുത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും ധൈര്യം കാട്ടിയ എം. കൃഷ്ണന്‍ നായര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അദ്ദേഹം മരിച്ചിട്ടും തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിര്‍മ്മല്‍ കുമാറിനെ പോലെയുള്ള "ജനപ്രിയ എഴുത്തുകാരുടെ " ഇത്തരം ജല്‍പ്പനങ്ങള്‍.

മുകളില്‍ സൂചിപ്പിച്ച ജനപ്രിയ എഴുത്തുകാരന്റെ ഏതെങ്കിലും പുസ്തകങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നവര്‍ വായിച്ചിട്ടുണ്ടാകും അല്ലേ. എന്നാല്‍ ഞാന്‍ ധൈര്യ പൂര്‍വ്വം പറയട്ടെ, ഒരു തവണയെങ്കിലും സാഹിത്യവാരഫലം വായിച്ചിട്ടുള്ളവര്‍ നിര്‍മ്മലിന്റെ ഇത്തരം അറുബോറന്‍ കണ്ടുപിടുത്തങ്ങളെ
പുച്ഛത്തോടെയേ വീക്ഷിക്കൂ.

വിദേശ സാഹിത്യത്തെയും അവിടിറങ്ങുന്ന ഓരോ പുതിയ പുസ്തകങ്ങളെ പറ്റിയും രസകരമായ ശൈലിയില്‍ വായനക്കാരോട് സംവദിച്ചിരുന്ന സാഹിത്യ വാരഫലം കലാകൌമുദിക്കും മലയാളം വാരികക്കും നേടിക്കൊടുത്ത പ്രചാരവും നമ്മള്‍ നേരിട്ടു കണ്ടതാണല്ലോ. സാഹിത്യവാരഫലം കലാകൌമുദിയില്‍നിന്നും മാറി മലയാളം വാരികയിലേക്ക് വന്നപ്പോള്‍സര്‍ക്കുലേഷന്റെ കാര്യത്തില്‍ മലയാളം കലാകൌമുദിയെ കടത്തിവെട്ടിയതും ചരിത്രം.


ഇതൊന്നും സ്വപ്നത്തില്‍പോലും നേടിയെടുക്കാന്‍ കഴിയാത്ത ഇന്നത്തെ എഴുത്തുകാര്‍ ആശയപരമായ ദാരിദ്ര്യം കാരണം ചിരകാലപ്രശസ്തി നേടിയ മറ്റ് എഴുത്തുകാരുടെ മേല്‍ കുതിര കയറി പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും ഇതുപോലെയുള്ള കണ്ടെത്തലുകള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ ബഷീറിനെയും എം.ടിയെയും ഒന്നും വെറുതെ വിടരുത്. അവരുടെയും കുറ്റങ്ങളും കുറവുകളും കണ്ടെത്തി മലയാള സാഹിത്യത്തിനു നവജീവന്‍ നല്‍കാന്‍ശ്രമിക്കുന്ന ഇത്തരം നിര്‍മ്മല ഹൃദയന്മാര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കൊതുകുകള്‍ക്കുംജീവിക്കണ്ടേ, അന്യന്റെ ചോര കുടിച്ചാണെങ്കിലും!

Friday, 19 September 2008

ബൂലോകശ്രദ്ധക്ക്‌.

ബ്ളോഗുകള്‍ ആവിഷ്ക്കാരസ്വാതന്തൃത്തിനും, അഭിപ്രായപ്രകടനങ്ങള്‍ക്കും ഉള്ള വേദിയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി ബ്ളോഗെഴുതുന്നവര്‍ ജാഗ്രതൈ! ഒരു വനിതാ ജഡ്ജിയെ ആക്ഷേപിച്ച്‌ ബ്ളോഗില്‍ ലേഖനമെഴുതിയമലയാളിയായ അമേരിക്കന്‍ പൌരന്‍ അറസ്റ്റിലായിരിക്കുന്നു. ഗോപാലന്‍ നായര്‍ (58) എന്ന അഭിഭാഷകനെയാണ്‌ കോടതി മൂന്ന് മാസത്തേക്ക്‌ ശിക്ഷിച്ചത്‌. നേരത്തെ സിംഗപ്പൂര്‍ പൌരത്വം ഉണ്ടായിരുന്ന ഇയാള്‍, ആധുനിക സിംഗപ്പൂരിണ്റ്റെ പ്രഥമ പ്രധാനമന്ത്രിയായ ലീ ക്വാന്‍ യൂവും ഇപ്പോഴത്തെ പ്രധാനമന്ത്രിയും കക്ഷികളായ കേസില്‍ ജഡ്ജിയായ ബെലിന്‍ഡ വിചാരണവേളയില്‍ ലീ ക്വാന്‍ യുവിണ്റ്റെ ദാസിയെപ്പോലെയാണ്‌ പെരുമാറിയത്‌ എന്ന് ബ്ളോഗിലെഴുതി. ജഡ്ജിയെ ആക്ഷേപിച്ച്‌ ലേഖനമെഴുതിയതിന്‌ കിട്ടിയത്‌ മൂന്ന് മാസം തടവ്‌ ശിക്ഷ.

ബ്ളോഗുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നകാലം വിദൂരമല്ല എന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു. ഭരണാധികാരികള്‍ തന്നെ ആശങ്കയോടെയാണ്‌ ബ്ളോഗുകളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ പാര്‍ട്ടിക്കെതിരെ ബ്ളോഗുകളിലൂടെ നടക്കുന്ന ആക്രമണങ്ങളെ ശ്രദ്ധിക്കണമെന്ന് സി. പി. എം രഹസ്യരേഃഖ ഇറക്കിയത്‌ വെറുതെയാണോ ?

Saturday, 13 September 2008

യോദ്ധാ രണ്ടാം ഭാഗം വരുന്നു.

മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച്‌ അനശ്വരമാക്കിയ യോദ്ധായുടെ രണ്ടാംഭാഗത്തിന്‌ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 1992 ല്‍ പുറത്തിറങ്ങിയ യോദ്ധായുടെ മുഖ്യ സവിശേഷതകളിലൊന്നായി വിലയിരുത്തുന്നത്‌ അന്ന് പ്രശസ്തനല്ലാതിരുന്ന A.R.റഹ്മാണ്റ്റെ സംഗീതമായിരുന്നു. പിന്നിട്‌ സിനിമയുടെ വന്‍ വിജയത്തിന്‌ റഹ്മാണ്റ്റെ സംഗീതവും കാരണമായി എന്നത്‌ ചരിത്രം . മലയാളത്തില്‍ പശ്ചാത്തലസംഗീതത്തിണ്റ്റെ കാര്യത്തില്‍ യോദ്ധയെ അതിശയിപ്പിക്കുന്ന ഒരു സിനിമ എറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ഒരു പക്ഷേ റഹ്മാണ്റ്റെ വര്‍ക്കുകളില്‍ Background Scoreല്‍ മികച്ചു നില്‍ക്കുന്ന ഒന്നായി യോദ്ധായെ കാണാം. അപ്പുക്കുട്ടനെയും അക്കോസേട്ടനേയും തമ്മില്‍ കാണിക്കുമ്പോഴുള്ള രസകരമായ സംഗീതവും, ഹോമകര്‍മ്മങ്ങള്‍ക്ക്‌ അകമ്പടിയായുള്ള പശ്ചാത്തല സംഗീതവും യോദ്ധാ എന്ന ചിത്രത്തിന്‌ ഏറെ പുതുമ നല്‍കിയിരുന്നു.


യോദ്ധായുടെ രണ്ടാംഭാഗത്തില്‍ റഹ്മാണ്റ്റെ രണ്ടാം വരവ്‌ പ്രതീക്ഷിക്കുന്ന അദ്ദേഹത്തിണ്റ്റെ ആരാധകര്‍ നിരാശപ്പെട്ടെ മതിയാവു. മറ്റൊരു സൂപ്പര്‍ സംഗീതസംവിധായകണ്റ്റെ മലയാളാത്തിലെ അരങ്ങേറ്റം കൂടിയാവുന്നു യോദ്ധാ-2. മറ്റാരുമല്ല ഹാരിസ്‌ ജയരാജിണ്റ്റെ. മിന്നലെ, കാക്ക കാക്ക, ഗജിനി, അന്യന്‍, വേട്ടയാട്‌ വിളയാട്, ഭീമ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ തീര്‍ച്ചയായും മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുള്ളതാണ്‌. ഹാരിസ്‌ ജയരാജിണ്റ്റെ മാന്ത്രികസംഗീതംഈ ചിത്രങ്ങളുടെ വിജയത്തിണ്റ്റെ‌ മുഃഖ്യ ഘടകമായിരുന്നു. റഹ്മാനോളം വരികയില്ലെങ്കിലും അദ്ദേഹത്തിണ്റ്റെ അഭാവത്തില്‍ യോദ്ധാക്ക്‌ സംഗീതം നല്‍കാന്‍ അദ്ദേഹത്തിണ്റ്റെ അസിസ്റ്റണ്റ്റായി വര്‍ക്ക്‌ ചെയ്തിട്ടുള്ള ഹാരിസ്‌ തികച്ചും യോഗ്യന്‍ തന്നെ. റഹ്മാണ്റ്റെ അവസരം ലഭിക്കാതിരുന്നപ്പോള്‍ അന്യന്‍ എന്ന ചിത്രത്തിന്‌ വേണ്ടി സൂപ്പര്‍ ഡയറക്ടര്‍ ശങ്കര്‍ പോലും തിരഞ്ഞെടുത്തത്‌ ഹാരിസിനെയായിരുന്നല്ലോ . അടുത്തിടെ ഏഷ്യാനെറ്റിനും കൊച്ചിയിലെ FM ചാനലിനും നല്‍കിയ അഭിമുഃഖത്തില്‍ ഹാരിസ്‌ തണ്റ്റെ മലയാള സിനിമയെ പറ്റി സൂചിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്താന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഈ സംഗീതസംവിധായകന്‍ ഇപ്പോഴും ഈ പ്രോജക്റ്റ്‌ പൂര്‍ണ്ണമായും അംഗീകാരമായിട്ടില്ലെന്നാണ്‌ പറഞ്ഞത്‌. സംവിധായകന്‍ സംഗീത്ശിവന്‍ ഇങ്ങനെ ഒരു നീക്കവുമായി തന്നെ സമീപിച്ചുവെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. എന്തായാലും മറ്റൊരു സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനും നല്ല കുറെ പാട്ടുകള്‍ക്കും, അതിലേറെ നല്ല തമാശകള്‍ക്കും വേണ്ടി നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം.

Thursday, 4 September 2008

കാണം വിറ്റും ഉണ്ണുന്ന ഓണക്കാലം.

മലയാളികള്‍ വരവിനേക്കാളേറെ ചിലവഴിക്കാന്‍ ശ്രമിക്കുന്ന ഓണക്കാലം. തുണിക്കടകളില്‍ മാവേലിസ്റ്റോറിനേക്കാള്‍ തിരക്കാണിപ്പോള്‍. ബന്ധുബലമേറെയുള്ളവര്‍ ഏറെ സാമ്പത്തികബാധ്യതക്കടിമപ്പെടുന്നത്‌ ഓണക്കാലത്ത്‌ തന്നെ. ആര്‍ക്കെങ്കിലും തുണിയെടുക്കാന്‍ വിട്ടുപോയാല്‍ പരിഭവങ്ങളായി പരാതികളായി. സര്‍ക്കാരിണ്റ്റെ ബോണസും, അലവന്‍സുമെല്ലാം തുണിക്കടക്കാരും, സൂപ്പര്‍മാര്‍ക്കറ്റുകളും വീതിച്ചെടുക്കുന്ന ഓണക്കാലം പോലൊരു കാലം വേറെയില്ലല്ലോ. ആഘോഷങ്ങളെല്ലാം കഴിയുമ്പോളാണ്‌ ഫിനാന്‍സുകാരുടെയും കൊള്ളപ്പലിശക്കാരുടെയും യഥാര്‍ത്ഥ ഓണം വരുന്നത്‌. എല്ലാം ചിലവഴിച്ച്‌, (കുടിയന്‍മാരാണെങ്കില്‍ ബാറിലേക്കു കെട്ടിവച്ച തുകയും കൂടി കൂട്ടുമ്പോള്‍ ഫിറ്റായി ബോധം പോയേക്കാം) പാപ്പരായി നില്‍ക്കുമ്പോള്‍ രക്ഷക്കെത്തുന്ന ഇവര്‍ വാമനവേഷം പൂണ്ട്‌ നമ്മളെ വീണ്ടും കടക്കെണിയിലേക്കു ചവിട്ടിത്താഴ്ത്തിയേക്കാം. എങ്കിലും കാണം വിറ്റ്‌ ഓണം ഉണ്ട ഒരു സമാധാനം മന്‍സ്സിലുണ്ടാവും അല്ലേ. അല്ലെങ്കില്‍ പിന്നെ കാണം വിറ്റ്‌ ഓണം ഉണ്ണണം എന്ന ചൊല്ലിനെന്തു പ്രസക്തി അല്ലേ. എല്ലാ ബൂലോകര്‍ക്കും ഓണാശംസകള്‍ നേരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS