Sunday 13 January 2008

വാട്ടര്‍ കമോണ്‍.

നളിനിക്ക്‌ എങ്ങനെയെങ്കിലും മകന്‍ നല്ലവണ്ണം ഇംഗ്ളീഷ്‌ സംസാരിക്കണമെന്ന ഒരാഗ്രഹമേയുള്ളൂ. അവന്‍ മമ്മിയെന്ന് വിളിക്കാതെ അമ്മയെന്ന് വിളിക്കുന്നത്‌ അവള്‍ വിഷമത്തോടെ സഹിക്കും. ഡാഡിയെ അച്ചായെന്ന് വിളിക്കുന്നതിനെതിരെ നളിനി പലപ്പോഴും മകനെ കണക്കറ്റ്‌ ശകാരിക്കാറുണ്ട്‌.എന്നാലും അവന്‍ അനുസരിക്കാറില്ല, ദേവേട്ടണ്റ്റെ മൌനമായ പിന്തുണ കൂടി ഉള്ളതിനാലാണ്‌ അവന്‍ തീരെ അനുസരിക്കാതിരിക്കുന്നതെന്ന് അവള്‍ക്ക്‌ നന്നായി അറിയാം. മകനെ ഇംഗ്ളീഷ്‌ മീഡിയത്തില്‍ പഠിപ്പിക്കാന്‍ സമ്മതിച്ചത്‌ താന്‍ എത്ര തൊണ്ട കീറിയിട്ടാണെന്ന് നളിനിക്കേ അറിയൂ. മകനെ സമരം ധാരാളമുള്ള, അച്ചടക്കം തീരെയില്ലാത്ത ഗവണ്‍മണ്റ്റ്‌ സ്കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതോടെയാണ്‌ അവന്‍ തന്നില്‍ നിന്നും അകന്നതെന്നും നളിനി കരുതുന്നുണ്ട്‌.

തന്നില്‍നിന്ന്‌ താല്‍ക്കാലികമായി അകന്നാലും മകന്‍ ഇംഗ്ളീഷ്‌ ഇടതടവില്ലാതെ സംസാരിക്കുന്നത്‌ അഭിമാനത്തോടെ കേള്‍ക്കുന്ന കാലം വിദൂരമല്ലെന്ന വിശ്വാസത്തിലാണ്‌ അവള്‍. തനിക്ക്‌ നേടിയെടുക്കാന്‍ പറ്റാഞ്ഞത്‌ മക്കളിലൂടെ നേടിയെടുക്കാനാണല്ലോ ഓരോ മാതാപിതാക്കളും ശ്രമിക്കുന്നത്‌. അങ്ങനെയൊരു ചിന്തയും നളിനിക്കുമുണ്ടായിരുന്നു.

ഫ്ളാറ്റിലെ കൂട്ടുകാരികള്‍ അനായാസം ഇംഗ്ളീഷ്‌ സംസാരിക്കുന്നത്‌ കാണുമ്പോള്‍ തണ്റ്റെ ഗ്രാമത്തില്‍ ഇംഗ്ളീഷ്‌ മീഡിയം സ്കൂളില്ലാതിരുന്നതിനെക്കുറിച്ച്‌ വേദനയോടെ ഓര്‍ത്തുപോകാറുണ്ട്‌. പക്ഷെ മലയാളം മീഡിയത്തില്‍ പഠിച്ചിരുന്ന ദേവേട്ടന്‍ അനായാസം ഇംഗ്ളീഷ്‌ സംസാരിക്കുന്നത്‌ കാണുമ്പോള്‍ അവള്‍ക്കതൊരു അത്ഭുതമായിരുന്നു. ഒരു തവണ അവള്‍ തണ്റ്റെ സംശയം ഭര്‍ത്താവിണ്റ്റെ മുമ്പില്‍ അവതരിപ്പിച്ചു.
"ദേവേട്ടന്‍ എങ്ങനെയാണ്‌ ഇത്ര മനോഹരമായി ഇംഗ്ളീഷ്‌ സംസാരിക്കുന്നത്‌"

"നമ്മള്‍ ഗ്രാമ്മര്‍ നോക്കി സംസാരിക്കാന്‍ശ്രമിക്കുന്നതിനാലാണ്‌ ഇംഗ്ളീഷ്‌ സംസാരിക്കാന്‍ അറയ്ക്കുന്നത്‌. മലയാളം സംസാരിക്കുമ്പോല്‍ വ്യാകരണം നോക്കാറുണ്ടോ. ആശയം പ്രകടിപ്പിക്കാനുള്ളതാണ്‌ ഭാഷ. അതിനെ അങ്ങനെയെ കാണാവൂ, അല്ലാതെ STATUS SYMBOL ആകരുത്‌ ഭാഷ"

അവസാനമെപ്പോഴും തനിക്കിട്ടൊരു കുത്തുവാക്ക്‌ കാണുമെന്ന്‌ നളിനിക്കുറപ്പുള്ളതിനാല്‍ അവള്‍ അതുകേട്ടിട്ട്‌ മൌനം പാലിച്ചു. പക്ഷെ ഭര്‍ത്താവിണ്റ്റെ വാക്കുകള്‍ അവള്‍ വേദവാക്യമായി എടുത്തൂ. താന്‍ പാസ്സായില്ലെങ്കിലും എന്തായാലും പ്രീഡിഗ്രി വരെ പോയതല്ലെ, ധൈര്യത്തൊടെ ഇംഗ്ളീഷ്‌ സംസാരിക്കാന്‍ അവള്‍ മനസ്സുകൊണ്ടുറച്ചു. കുറെ വാക്കുകള്‍ , ഇംഗ്ളീഷ്‌ പഠനസഹായി വഴി ഹൃദിസ്ഥമാക്കി. ഇനി തണ്റ്റെ അറിവ്‌ പ്രകടമാക്കാന്‍ ഒരു വേദിക്ക്‌ വേണ്ടി അവള്‍ കാത്തിരുന്നു.

അങ്ങനെയിരിക്കെ ഫ്ളാറ്റിലെ പുതുവത്സരാഘോഷപരിപാടികള്‍, സ്ത്രീരത്നങ്ങളുടെ നേതൃത്വത്തില്‍ തകൃതിയായി അരങ്ങേറുകയായിരുന്നു. നാരികള്‍ക്ക്‌ ആഘോഷിക്കാം , കാരണം പുരുഷരത്നങ്ങളില്‍ ഭൂരിഭാഗവും പാമ്പായും വാളായും മറ്റ്‌ സ്ഥലങ്ങളില്‍ നിലയുറപ്പിക്കാന്‍ പാടുപെട്ടുകൊണ്ട്‌ പുതുവത്സരം ആഘോഷിക്കുകയായിരുന്നു. അങ്ങനെ പരിപാടികളെല്ലാം കഴിഞ്ഞ്‌ പുതുവത്സര വിരുന്നും തരുണീമണികള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ , നളിനിക്ക്‌ വെള്ളം കൊടുക്കുവാന്‍ വൈകി. കുറേനേരം കാത്തിരുന്നിട്ടും നളിനി ദേഷ്യത്തോടെ, തണ്റ്റെ അറിവ്‌ പ്രകടിപ്പിക്കാന്‍, കാറ്ററിംഗ്‌ സര്‍വ്വീസിലെ പയ്യനെ നോക്കി ഉച്ചത്തില്‍ പറഞ്ഞു.

ഹേയ്‌, ബോയ്‌, കം ഹിയര്‍, വാട്ടര്‍ കമ്മോണ്‍( Hey, BOY Come Here, WATER COME ON)
കൂട്ടച്ചിരികള്‍ക്കിടയില്‍ പയ്യന്‍ അടുത്തുവന്നിട്ട്‌ നളിനിയോട്‌ രഹസ്യമായി പറഞ്ഞു. "What a Simple and Powerful English, nice Madam"

ഇതുംകൂടികേട്ടപ്പോള്‍ നളിനിയുടെ മുഃഖം ഒന്നുകൂടി വിളറി, വെള്ളം എത്ര കുടിച്ചിട്ടും അവളുടെ തൊണ്ടവരണ്ട്‌ തന്നെയിരുന്നു. അപ്പോള്‍ അവളുടെ മനസ്സിലേക്ക്‌ ദേവേട്ടണ്റ്റെ വാക്കുകള്‍ ഓടിയെത്തി.
“ആശയം പ്രകടിപ്പിക്കാനുള്ളതാണ്‌ ഭാഷ. അതിനെ അങ്ങനെയെ കാണാവൂ, അല്ല്ലാതെ STATUS SYMBOL ആകരുത്‌ ഭാഷ”

3 comments:

സുല്‍ |Sul said...

അതു ശരി. അപ്പൊ അതാണ് കാര്യം :)
-സുല്‍

ശ്രീ said...

“ആശയം പ്രകടിപ്പിക്കാനുള്ളതാണ്‌ ഭാഷ. അതിനെ അങ്ങനെയെ കാണാവൂ, അല്ല്ലാതെ STATUS SYMBOL ആകരുത്‌ ഭാഷ”

അതു നന്നായി.
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ അതാണ് സംഭവം ഹ്മം,:)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS