വൈകിട്ട് നാലരകഴിഞ്ഞപ്പോള്‍ ഒരു കാള്‍ വന്നു
" അളിയാ നമ്മുടെ മനുവിണ്റ്റെ കല്യാണം നാളെയല്ലെ. ഞാന്‍ നിണ്റ്റെ ഓഫീസിലേക്കിപ്പോള്‍ വരാം . ഗോപനും സജീദുമൊക്കെ ഇപ്പോള്‍ മനുവിണ്റ്റെ വീട്ടില്‍ വരും . അവരെല്ലാവരും അവിടെ കാത്തുനില്‍ക്കും.ഞാന്‍ ഉടനെ തന്നെ അങ്ങോട്ടു വരാം."
ഇത്രയും പറഞ്ഞ് കാള്‍ കട്ട് ചെയ്തു. വിളിച്ചത് ബാലുവാണ്, അവണ്റ്റെ സ്ഥിരം നമ്പര്‍ ഇതാണ്, നമ്മുടെ അഭിപ്രായം പോലും ചോദിക്കാതെ ഓരോ പരിപാടികള്‍ ആസൂത്രണം ചെയ്യും. കൂട്ടുകാരെയെല്ലാവരും ഒത്തുകൂടുന്ന അവസരമായതിനാല്‍ എങ്ങനെയെങ്കിലും അതില്‍ പങ്കെടുക്കാമെന്ന് വിചാരിച്ച് ഞാനും നേരത്തെയിറങ്ങി. പുറത്ത് ഒരു കള്ളചിരിയുമായി അവന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
"നിനക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ നേരത്തെ ഇറങ്ങാന്‍"
അവണ്റ്റെ എരിതീയില്‍ എണ്ണയൊഴിക്കുന്ന ശീലം എനിക്ക് നന്നായി അറിവുള്ളതിനാല്‍ അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ഞാന്‍ ബൈക്കെടുത്തു
"മനുവിണ്റ്റെ വീട് വരെ ഞാന്‍ ഓടിക്കാം നീ ചാവിയിങ്ങെട്?"
"ഏടാ പോലീസ് ചെക്കിംഗ് വല്ലതും വന്നാല്‍ കുഴപ്പമാവില്ലെ”
“ഓ പിന്നെ വന്നാല്‍ വരുന്നടത്തുവെച്ച് കാണാടാ!”
പുറകില്‍ കേറിയിരുന്നാല്‍ നന്നായി വായ്നോട്ടം നടത്താന്‍ അവസരമുള്ളതിനാല്‍ ഞാന്‍ അതിന് സമ്മതിച്ചു എണ്റ്റെ പുറകിലിരുന്നുള്ള വിശാലമായ റേഞ്ച് നോട്ടം കണ്ടിട്ടാവാം അവന്‍ സഹികെട്ട് പറഞ്ഞു.
"അളിയാ ഇങ്ങനങ്ങ് തിന്നാതെ , കാര്യം
"രണ്ട് ദര്‍ശനസുഃഖം സമം ഒരു സ്പര്‍ശനസുഃഖം" ആണെങ്കിലും മുന്‍പില്‍ ഇതൊന്നും കണ്ട് ആസ്വദിക്കാനാവാതെ ഒരുത്തന്‍ വണ്ടി ഓടിക്കുന്നകാര്യം നീ മറക്കരുത്.”
അവണ്റ്റെ ഉപമ കേട്ട് ആസ്വദിച്ച് ചിരിച്ചുകൊണ്ടിരുന്നപ്പോഴാണ് അടിപൊളി ഒരു ഐറ്റം ഇരുന്നിരുന്ന ബൈക്ക് ഞങ്ങളുടെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തുപോയത്. ഞാന്‍ പുറകിലിരുന്നു അവനെ തോണ്ടി സിഗ്നല്‍ കൊടുത്തു.
"അളിയാ കൂടുതലങ്ങ് വടകണ്ടാ, നടുക്ക്
Trophy യിരിക്കുന്നതു കണ്ടില്ലേ , വിട്ടേരെ"
രണ്ട് വയസ്സുള്ള കുട്ടി നടുക്കിരിക്കുന്ന കണ്ടപ്പോഴാണ് അവണ്റ്റെ ട്രോഫി പ്രയോഗം എനിക്ക് മനസ്സിലായത്. അപ്പോഴാണ് ശകുനം മുടക്കികളായി അവര്‍ പ്രത്യക്ഷപ്പെട്ടത്. ബാലു പതുക്കെ ബൈക്ക് ചവിട്ടി നിര്‍ത്തി. പുറകെ ഞാനും ഇറങ്ങി.
ലൈസന്‍സില്ലാത്ത അവന് ലൈ പറയാനുള്ള സെന്‍സുള്ളതിനാല്‍ എങ്ങെനെയെങ്കിലും രക്ഷപെടും എന്നു വിചാരിച്ചിരിക്കുമ്പോഴാണ് അവന്‍ എന്നെ ദയനീയമായി നോക്കിയത്. അവണ്റ്റെ ആവനാഴിയില്‍ അസ്ത്രങ്ങളില്ലെന്ന് അറിഞ്ഞപ്പോള്‍ എണ്റ്റെ പോക്കറ്റ് ഉടന്‍ തന്നെ കാലിയാകുമെന്ന് തോന്നി
"ഇങ്ങോട്ട് മാറിനിക്കെടാ. "
കേരളാപോലീസിണ്റ്റെ വളരെ മാന്യമായ പെരുമാറ്റം കേട്ട് ഞങ്ങള്‍ ഒതുങ്ങിനിന്നു.
ഇപ്പോള്‍ ലൈസെന്‍സെവിടെ എന്നു ചോദിക്കും , ഉടനെ കരഞ്ഞു കാലു പിടിക്കണം, നിമിഷനേരം കൊണ്ട് നിരവധി നിരവധി ആശയങ്ങള്‍ മനസ്സിലൂടെ കടന്നുപോയി
"യമഹാ എന്നു പറയടാ"
ഞങ്ങള്‍ അന്തിച്ച് പരസ്പരം നോക്കി.
“എന്താടാ പൊട്ടന്‍മാരാന്നോ ?”
അതുകേട്ടതും ബാലു വാ തുറന്ന് യമഹാ എന്നലറി. തൊട്ടുപുറകെ എക്കോ എന്നപോലെ ഞാനും അമറി. എന്തോ എണ്റ്റെ യമഹാ SI സാറിന് ഇഷ്ടപ്പെട്ടില്ലെന്നു തോന്നി
അദ്ദേഹം എന്നോട് മുന്‍പോട്ട് വന്നിട്ട് വീണ്ടും പറയാന്‍ പറഞ്ഞു.
ഞാന്‍ ഒരു വലിയ യമഹാ പാസ്സാക്കി. ഇപ്പോള്‍ ഏമാനതിഷ്ടപ്പെട്ടെന്ന് എനിക്കു തോന്നി
“ഉം രണ്ടാളും പൊയ്ക്കോ!
ഇതെന്ത് മറിമായം എന്നറിയാതെ , പുന്നെല്ല് കണ്ട് എലി ചിരിക്കുന്നതുപോലെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ബൈക്കില്‍ കയറിയ എന്നെ തോണ്ടിക്കൊണ്ട് ബാലു ഞങ്ങള്‍ക്ക് വളരെ പുറകിലായി വച്ചിരിക്കുന്ന BAR എന്ന ബോര്‍ഡ് കാണിച്ചുതന്നപ്പോഴാണ് യമഹായുടെ ഹായില്‍നിന്നും വരുന്ന മാദകഗന്ധമായിരുന്നു ഏമാന്‍മാര്‍ ചെക്ക് ചെയ്തതെന്ന് മനസ്സിലായത്.