എം.ടി.വാസുദേവന്‍ നായരുടെ പ്രഥമ നോവലായ നാലുകെട്ടിണ്റ്റെ സുവര്‍ണജൂബിലി ആഘോഷിക്കാനുള്ള കേരള സാഹിത്യ അക്കാദമിയുടെ തീരുമാനത്തിനെതിരെ എഴുത്തുകാര്‍ രംഗത്ത്. സാഹിത്യത്തിലെ ഒരു ദുര്‍ബലമായ കൃതിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനത്തിലൂടെചരിത്രത്തെ തെറ്റായി വായിക്കാന്‍ വായനക്കാരെ സജ്ജമാക്കുകയാണ് ചെയ്യുന്നതെന്ന് കെ എല്‍ മോഹനവര്‍മ്മ, എം.തോമസ് മാത്യു, ബാലചന്ദ്രന് വടക്കേടത്ത് തുടങ്ങിയ ഏതാനും എഴുത്തുകാര്‍ ആരോപിച്ചു. ഉറൂബിണ്റ്റെ "സുന്ദരികളും സുന്ദരന്മാരും". അക്കിത്തത്തിണ്റ്റെ "ഇരുപതാം നൂറ്റാണ്ട്", കോവിലണ്റ്റെ "ഏമൈനസ് ബി" തുടങ്ങിയവ ഒഴിവാക്കിയാണ് നാലുകെട്ടിണ്റ്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. ഇത്തരം തീരുമാനത്തിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമാണ്.
സാഹിത്യനായകന്മാരുടെ ജന്മ, ചരമദിന ശതാബ്ദികള്‍ വേണ്ടപോലെ നടത്തുന്നില്ല. സ്മൃതിമണ്ഡപം അടച്ചിട്ടിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളോട് ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയില്‍ രാമചന്ദ്രന്, ടി.എം.ഏബ്രഹം, എം. കെ. ചന്ദ്രശേഖരന്, വി. വി. പ്രഭാകരന്, നെടുമുടി ഹരികുമാര്‍, യു. കെ. കുമാരന് എന്നിവരും ഒപ്പിട്ടിട്ടുണ്ട്.
എന്തായാലും സാഹിത്യകാരന്മാര് തമ്മിലുള്ള പോര്‍വിളിക്ക് തുടക്കമിട്ടുകൊണ്ട് പുതിയൊരു വിവാദവും അരങ്ങേറിയിരിക്കുകയാണ്. മറ്റ് സാഹിത്യകാരന്മാരുടെ പ്രതികരണത്തിനുവേണ്ടി നമുക്ക് കാത്തിരിക്കാം
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
12 comments:
എംടിയുടെ കരകൌശലമൊഴിച്ചാല്...
അതിനെന്തു സാമൂഹ്യ പ്രസക്തിയാണുള്ളത്?
ജീര്‍ണ്ണിച്ച ജാതിപൊങ്ങച്ചത്തിന്റെ വരാന്തയിലൂടെ നാലുകെട്ടിന്റെ പാരംബര്യത്തിന്റെ മാറാപ്പുമായി ഒരു അനാഥന്. തികച്ചും വ്യക്തിപരമായ കാര്യം.
മോഹന്‍ലാലിന്റെ 25 വര്‍ഷം ആഘോഷിച്ചതുപോലെ ഭക്ത ശിരോമണികള്‍ക്ക് ആഘോഷിക്കാം.
എം.ടി. ഫാന്‍സ് !!!
കേരളത്തില്‍ യാതൊരു ലോപവുമില്ലാതെ വരുന്ന ഒരു കാര്യം മാത്രമേയുള്ളു - വിവാദം. വന്നതുപോലെ അത് കെട്ടടങ്ങുകയും, അടുത്ത വിവാദത്തെ തോളിലേറ്റി ജനം മുന്നോട്ടു പോവുകയും ചെയ്യും.ദൈവത്തിന്റെ സ്വന്തം നാടെന്നതു മാറ്റി ‘വിവാദങ്ങളുടെ സ്വന്തം നാടെന്ന്’ തങ്ങളുടെ പരസ്യ വാചകം തിരുത്താന്‍ ടൂറിസം വകുപ്പ് ശ്രദ്ധിക്കണമെന്നപേക്ഷ.
ഓരോ സമയത്തും അക്കാദമി ഭരിക്കുന്ന ആള്‍ക്കാരുടെ താല്‍പ്പര്യത്തിനനുസരിച്ചായിരിക്കും തീരുമാനങ്ങള്‍ വരുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ അവാര്‍ഡ് പ്രഖ്യാപനസമയത്തുമുണ്ടാവാറില്ലേ ഓരോ വിവാദങ്ങള്‍? മലയാള സാഹിത്യത്തിനോ, മലയാളിക്കോ എം.ടി.യുടെ സംഭാവനകളെ കണ്ടില്ലെന്നു നടിക്കാനാവുമോ? പിന്നെ ഓരോ എഴുത്തുകാരെയുമെടുത്ത് മറ്റുള്ളവൊരോടു താരതമ്യം ചെയ്ത് ആരാണ് വലിയവന്‍ എന്നു തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ വഴിതെറ്റിപ്പോകാനേ ഉപകരിക്കുകയുള്ളു. കാരണം വിവാദങ്ങളുടെ അകമ്പടിയില്ലാതെ ഒരെഴുത്തുകാരനെയോ, ഒരു കൃതിയെയോ ഉയര്ത്തിക്കാട്ടുവാന് അറിവിന്റെ കാര്യത്തില്‍ വളരെ ഔന്ന്യത്യത്തില്‍ നില്ക്കുന്ന നമുക്കാര്‍ക്കും കഴിയില്ല എന്നത് നമ്മുടെ ദൌര്ഭാഗ്യമാവാം.
ചിത്രകാരന്റെ പേരില്‍ മാത്രമേ കലയോട് എന്തെങ്കിലും ബന്ധമുള്ള ഒരു വാക്കുള്ളൂ, വാക്കിലും വിചാരത്തിലും ശൂന്യനാണ് അയാള്‍. നാലുകെട്ട് അവസാനിക്കുന്നത്, ‘ഈ നാലുകെട്ട് പൊളിക്കാന്‍ ഏര്‍പ്പാട് ചെയ്യണം, ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീട് മതി’ എന്ന പുതിയ സങ്കല്പത്തിലാണെന്ന് ചിത്രകാരന് വായിച്ചുകാണില്ല.
പാലക്കാടന്‍ നായര്‍ തറവാടിന്റെ കഥ പെരിങ്ങോടനു ഗൃഹാതുരത്വമായിരിക്കും. എനിക്കത് എം.ടിയുടെ മറ്റു ചവറുകള്‍ പോലെ പോലെ തന്നെയായിരുന്നു. നാലുകെട്ട് പൊളിക്കാനൊക്കെ അവസാനം പറയുന്നത് എം.ടിയുടെ ഒരുതരം ഗിമ്മിക്ക് അല്ലേ...പിന്നെന്തേ അയാള്‍ അസുരവിത്തും മറ്റൊരുപാട് കഥകളുമായി നാലുകെട്ടിന്റെ പരിസരത്തു തന്നെ കഴിഞ്ഞു?
മഞ്ഞ് നല്ല പുസ്തകമായിരുന്നു. രണ്ടാമൂഴം ശില്പഭംഗിയുള്ള രചനയായിരുന്നു. മലയാളത്തിന് എം.ടിയുടെ ഏറ്റവും വലിയ സംഭാവന അദ്ദേഹം സംവിധാനം ചെയ്ത സിനിമകളായിരുന്നു.
എം.ടിയെ പോലെ കളിയറിയാവുന്നവര്‍ മലയാളത്തില്‍ വേറെ ആരുണ്ട്...?
ബഷീറിനോ വിജയനോ ആനന്ദിനോ കിട്ടാത്ത ജ്ഞാനപീഠം എം.ടിയ്ക്കെങ്ങിനെ കിട്ടി?
എം.ടി സ്വന്തം കൈയില്‍ നിന്നും കാശു മുടക്കി അഘോഷിക്കട്ടെ. പല സിനിമകളും 100 ദിവസമൊക്കെ അഘോഷിക്കുന്നതു പോലെ.
റോബീ,
അസുരവിത്ത് നാലുകെട്ടിനു പുറത്തുവന്ന് (അത്തരത്തിലുള്ള നായര്‍ സാമൂഹികതയില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ട്) ഇതര സമുദായത്തിലുള്ളവരോടൊപ്പം ചേര്‍ന്ന് അക്കാലത്തെ norms എല്ലാം തെറ്റിച്ചു കലഹിച്ചു ജീവിക്കുന്ന ഒരാളുടെ കഥയാണ്. നാലുകെട്ട് അതിന്റെ ബാക്ക്ഡ്രോപ്പാണ്, നാലുകെട്ടിന്റെ ഗൃഹാതുരതയെ പ്രൊമോട് ചെയ്യുന്ന ഒരു കൃതിയല്ല അസുരവിത്ത് [ഇത്രയും എഴുതിയതിനര്ഥം അത് നല്ലൊരു നോവലാണെന്നല്ല, ആ നോവല്‍ ഒരു കാലഘട്ടത്തിലെ ഒരു സമൂഹത്തിനെ സൂചിപ്പിക്കുന്നതായിരുന്നു]
എസ്.കെയുടെ ദേശത്തിന്റെ കഥ എനിക്ക് വളരെ അടുപ്പമുള്ള രണ്ടു സ്ത്രീവായനക്കാര്ക്ക് ഞാന്‍ വായിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആദ്യത്തെ മൂന്നോനാലോ പേജിനപ്പുറം വായിക്കാനാവാത്ത ബോറ് എന്ന് അവര്‍ അഭിപ്രായപ്പെട്ടു. ദേശത്തിന്റെ കഥയ്ക്കും ജ്ഞാനപീഠം ലഭിച്ചു അല്ലേ? എസ്.കെ എം.പി ആയതുകൊണ്ടു അടിച്ചുമാറ്റിയതാകുമോ ;)
ദേശത്തിന്റെ കഥയെ കുറിച്ചു എന്റെ സുഹൃത്തുക്കള്‍ക്കുള്ള അഭിപ്രായം എന്തായിരുന്നാലും അതിനെ ഞാന്‍ കാണുന്നത് ഒരു കാലഘട്ടത്തിലെ കോഴിക്കോടിനെ രേഖപ്പെടുത്തിയ കൃതി എന്ന നിലയ്ക്കാണ്. നാലുകെട്ട്, അസുരവിത്ത്, കാലം തുടങ്ങി എംടിയുടെ കൃതികള്‍ പുതിയൊരു ഭാവുകത്വത്തെയാണ് അക്കാലത്ത് ഉണര്‍ത്തിയിരുന്നത് (എന്‍.എസ്സിന്റെ ലന്തന്‍ബത്തേരിയിലെ പരാമര്‍ശം കാണുക). ഇന്നത്തെ സാഹിത്യവുമായി തട്ടിച്ച് അമ്പതുകൊല്ലം മുന്നത്തെ ഒരു നോവലിനെ പൈങ്കിളി എന്ന് പറയുന്നതിലും വലിയ കാര്യമില്ല, വിജയനു മുമ്പ് അടുത്തബന്ധങ്ങള്ക്കിടയിലെ ലൈംഗികതയെ എംടി സ്പര്‍ശിച്ചതു പോലെ (മലയാളം വായനക്കാരുടെ സാമൂഹികതയില്‍ ഇത് മുഖംചുളിക്കലുകളായാണ് പരിണമിച്ചത്) മറ്റാരെങ്കിലും സ്പര്‍ശിച്ചിരുന്നുവോ? വലിയ ഒരു എസ്സേയ്ക്ക് ഞാന്‍ മുതിരുന്നില്ല, എംടിയുടെ നോവലുകളെ ഞാന്‍ പഠിച്ചിട്ടില്ല. മലയാളത്തിലെ ഒട്ടനവധിപേര്‍ ഇപ്പോഴും വായിക്കുന്ന ഒരു എഴുത്തുകാരന്റെ നാല്പതിലേറെക്കൊല്ലത്തെ സാഹിത്യജീവിതവും പ്രാദേശികനേട്ടങ്ങളും ജ്ഞാനപീഠക്കാരെപ്പോലും വഴിതെറ്റിച്ചെങ്കില് അത്ഭുതമില്ല. അതിന് എരിവും പുളിവും നല്കുന്നെങ്കില് ആവാം, മറുവാദവുമായി ഞാനുണ്ടാവില്ല.
ഈ പോസ്റ്റ് വായിച്ച് കുറെ നല്ല ചര്‍ച്ചക്ക് തുടക്കമിട്ട ചിത്രകാരനും, മോഹന്സാറിനും പെരിങ്ങോടനും റോബിക്കും നന്ദി പ്രകടിപ്പിക്കുന്നു. എണ്റ്റെ അഭിപ്രായത്തില്‍ കേരള സാഹിത്യ അക്കാദമി മുന്‍കൈയെടുത്ത് ഇങ്ങനെ ഒരു കൃതിയുടെ മാത്രം സുവര്‍ണ്ണജൂബിലി ആഘോഷിക്കേണ്ട കാര്യമുണ്ടോ എന്നാണ് ?. എം.ടി യുടെ ആരാധകവൃന്ദം ഇതേറ്റെടുത്താല്‍ പോരെ. നാലുകെട്ടിണ്റ്റെ മാത്രം സുവര്‍ണ്ണജൂബിലി നടത്തുകയും ബഷീറിണ്റ്റെയോ മറ്റ് എഴുത്തുകാരുടെയോ കൃതികള്‍ക്ക് ഇങ്ങനെയൊരു ബഹുമതി നല്‍കാതിരിക്കുകയും ചെയ്യുന്നത് നീതികേടല്ലേ !
പെരിങ്ങോടാ,
എം.ടി കൃതികളുടെ ഭാവുകത്വമാണ് ഞാനുദ്ദേശിച്ചത്. അല്ലാതെ അത് ഏതുതരം സാമൂഹികവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു എന്നല്ല. എം.ടിയുടെ രചനകളുടെ വലിയ പ്രത്യേകത അവയിലെ വിഷ്വല്‍സ് ആണ്. ഈ രചനകളെല്ലാം തരുന്നത് ഒരേ വിഷ്വല്‍സ് ആണ്. സംഭാഷണ ശൈലി, ആഖ്യാന ശൈലി എന്നിവയിലും മാറ്റങ്ങള്‍ കാണാവുന്നില്ല. എം.ടിയെ സവര്‍ണ്ണ ഫ്യൂഡലിസ്റ്റ് എന്നൊന്നും വിളിക്കാന്‍ ഞനൊരുക്കവുമല്ല. ഞാനതൊക്കെ വായിച്ചിട്ട് പത്തു വര്‍ഷമെങ്കിലും ആയി. എന്റെ ഓര്‍മ്മയില്‍ ബാക്കി നില്‍ക്കുന്നത് ഞാന്‍ പറഞ്ഞതുപോലെ എന്തൊക്കെയോ ആണ്.
എസ്.കെ യുടെ ദേശത്തിന്റെ കഥ വായിച്ചിട്ടുമില്ല. എന്നാല്‍ തെരുവിന്റെ കഥ ഒന്നാംതരം സാധനമായിരുന്നു.(ഭാഷ ക്ഷമിക്കുക)എന്നാല്‍ വിഷകന്യക പള്‍പ്പായിരുന്നു. എന്നാല്‍ അതും കുടിയേറ്റക്കാരുടെ ജീവിതത്തെ രേഖപ്പെടുത്തിയില്ലേ. മാത്യു മറ്റത്തിന്റെ കഥകളും ഏതെങ്കിലുമൊക്കെ ജീവിതാവസ്ഥകളെയല്ലേ രേഖപ്പെടുത്തിയത്?
ഏതെങ്കിലും ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്നു എന്നു കരുതി കൃതികള്‍ മഹത്തരമാകണോ. ബഷീറിന്റെ കഥകളും, ആനന്ദിന്റെ ചില കൃതികളും ഒരു ജീവിതാവസ്ഥകളെയും കുറിക്കുന്നതല്ലല്ലോ.
പിന്നെ റീഡബിലിറ്റി...അതും കൃതിയുടെ മഹത്വവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. ദസ്തയെവ്സ്കിയെ ഓര്‍ത്തു നോക്കൂ. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും {രെദബ്ലെ നൊവെല്} എന്നൊക്കെ കേട്ട് യുളീസസ് വായിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവനാണ് ഞാന്‍. അപ്പോള്‍ അത് തികച്ചും വ്യക്തിപരമല്ലേ...
എം.ടിയെ സുഖിപ്പിച്ചാല്‍ നിരൂപകനാകമെന്നതായിരുന്നു തൊണ്ണൂറുകളിലെ സ്ഥിതി. അങ്ങനെ കുറെപേര് നിരൂപകന്മാരായിട്ടുണ്ട് കേരളത്തില്‍. വി. ആര് സുധീഷൊക്കെ.
മീനാക്ഷിയുടെയും ചിത്രകാരന്റെയും അഭിപ്രായത്തോടു യോജിക്കുന്നു. ഇത് ഒരു വാദത്തിനല്ല. മറ്റൊരു വായനക്കാരന്റെ(ചിത്രകാരന്റെ) വായനയെ, അയാളുടെ ചിന്താശേഷിയെത്തന്നെ അടച്ചാക്ഷേപിക്കുമ്പോള്‍ എനിക്കും പറയണമെന്നു തോന്നി.
അതിനെന്തു സാമൂഹ്യ പ്രസക്തിയാണുള്ളത്?
ജീര്‍ണ്ണിച്ച ജാതിപൊങ്ങച്ചത്തിന്റെ വരാന്തയിലൂടെ നാലുകെട്ടിന്റെ പാരംബര്യത്തിന്റെ മാറാപ്പുമായി ഒരു അനാഥന്
നാലുകെട്ട് അവസാനിക്കുന്നത്, ‘ഈ നാലുകെട്ട് പൊളിക്കാന്‍ ഏര്‍പ്പാട് ചെയ്യണം, ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീട് മതി’ എന്ന പുതിയ സങ്കല്പത്തിലാണെന്ന് ചിത്രകാരന് വായിച്ചുകാണില്ല.
ഈ സാമൂഹികപ്രസക്തി പറഞ്ഞപ്പോള്‍ അത് ഗിമ്മിക്കാണെന്ന് റോബി പറയുന്നു, മറുവാദമായി അസുരവിത്ത് വീണ്ടും നാലുകെട്ട് പരിസരത്താണെന്ന് പറയുന്നു. അതല്ല അതിനു പുറത്തുള്ള സാമൂഹികവ്യവസ്ഥിതിയെ കുറിച്ചാണെന്ന് പറയുമ്പോള്‍ അതിനു സാമൂഹികപ്രസക്തിയുമുണ്ടെന്നാണ് ഉദ്ദേശിക്കുന്നത്. ഇനി അതല്ല ഷാജി കൈലാസ് സിനിമയിലെ പോലെ അഴിമതിക്കാരന് രാഷ്ട്രീയക്കാരന്റെ തോല്വിയെന്നോണം നായര്‍ കാരണവന്മാരുടെ ക്രൂരതയെ തോല്പിക്കുന്ന കഥകളെഴുതി തുടര്‍ച്ചയായി ഗിമ്മിക്ക് കാണിച്ചു വളരെക്കാലം മലയാളി വായനയെ വഴിതെറ്റിച്ചു വിട്ട എംടി എന്നാണ് പറഞ്ഞു വരുന്നതെങ്കില്‍ അതിന് ഈ പാസിങ് കമന്റ് പോരല്ലോ. മനഃപൂര്‍വ്വം തെറ്റായി വായിക്കുന്നതാണെങ്കില്‍ ചിത്രകാരനു പറഞ്ഞ മറുപടിയേ ഉള്ളൂ. വിടി ഒരു നമ്പൂതിരി ആയതുകൊണ്ടും, അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് ആ സമൂഹത്തിന്റെ മാത്രം ജീര്‍ണതകളെ സ്പര്ശിച്ചതുകൊണ്ടു് ഒരു കൃതി എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ നമ്മള് രണ്ടുവട്ടം ചിന്തിക്കുകയില്ലല്ലോ. ജ്ഞാനപീഠം ലഭിച്ച മലയാളം എഴുത്തുകാരുടെ കൃതികളുടെ ഭാവുകത്വമല്ല ഇന്നത്തേത്, തകഴിയെ പോലും സഹിക്കാവുന്നില്ല പലപ്പോഴും. ജ്ഞാനപീഠം ലഭിച്ചിട്ടില്ലെങ്കിലും പെരുമ്പടവത്തിന്റെ ലക്ഷത്തില്‍ പരം കോപ്പികള്‍ വിറ്റഴിഞ്ഞ സങ്കീര്‍ത്തനം പോലെ എനിക്ക് ശുദ്ധബൊറായാണ് തോന്നിയത്. വ്യക്തിപരതയെ ഞാനും കണക്കിലെടുക്കുന്നില്ല, സാമൂഹികപ്രസക്തിയെ കുറിച്ച് ചിത്രകാരന് വലിയ ബോധമൊന്നുമില്ലാത്ത പാസിങ് കമന്റിട്ടപ്പോള്‍ അയാളുടെ ചിന്താശക്തിയെ കളിയാക്കിയതില്‍ വലിയ അപാകതയും തോന്നിയിരുന്നില്ല, ഇപ്പോഴും തോന്നുന്നുമില്ല. നായര്‍ സമൂഹത്തിനു മാത്രം പ്രസക്തമായത് എന്നൊരു സങ്കുചിതബോധം എനിക്കുണ്ടെന്ന് കരുതിയുള്ളതല്ല റോബിയുടെ ആദ്യകമന്റ് എന്ന് കരുതുന്നു, ആണെങ്കില്‍ ഈ സംവാദത്തിനു വലിയ പ്രസക്തിയില്ല.
പത്തുകൊല്ലം മുമ്പേ വായിച്ചതാണ്, എംടിയെ സുഖിപ്പിച്ചാല്‍ നിരൂപകനാകാം എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്കൊരു ഗുണവും ചെയ്തില്ല, വ്യക്തിപരമായി എംടിയെ ഇഷ്ടമാണോ അല്ലയൊ എന്നല്ലല്ലോ നമ്മള് ചര്‍ച്ച ചെയ്തിരുന്നത്. Btw നാലുകെട്ടിന്റെ ജൂബിലി ആഘോഷത്തിനു അനുകൂലിച്ചുള്ള ഒരു വാദമായിരുന്നില്ല എന്റേത്, ചിത്രകാരന്റെ തെറ്റായ വായനയെ അപഹസിക്കുക തന്നെയായിരുന്നു ഉദ്ദേശം. ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിനു കയറെടുത്തു ജാതിയുടെ ജീര്‍ണ്ണതയില്‍ കുരുക്കുവാന്‍ ഓടുന്നത് അന്ധതയാണ്, അത് കണ്ടപ്പോള്‍ എനിക്കും പറയണമെന്നു തോന്നി :-)
എന്തോ, പെരിങ്ങോടന്റെ അവസാനത്തെ കമന്റില്‍ നിന്നും എനിക്കൊന്നും മനസ്സിലാകുന്നില്ല.
തീര്‍ച്ചയായും സങ്കുചിതബോധമേതുമില്ലാതെയാണ് ആദ്യത്തെ കമന്റില്‍ നായര്‍ തറവാടുകളെക്കുറിച്ചു പറഞ്ഞത്.
പിന്നെ എം.ടി മലയാളവായനയെ മനപൂര്‍വം വഴിതെറ്റിച്ചു എന്നും കരുതുന്നില്ല. പറഞ്ഞു വന്നതിത്രയേ ഉള്ളൂ...സര്‍ക്കാര്‍ ചെലവില്‍ ജൂബിലി ആഘോഷിക്കാനുള്ള മഹത്വമൊന്നും എം.ടിയുടെ ഒരു പുസ്തകത്തിനുമില്ല. എം.ടിയെ പൂജിച്ച് കുറെപേര് ആളായിട്ടുണ്ട്. അവരൊക്കെ തന്നെയാണ് ഇങ്ങനെയുള്ള ആഘോഷങ്ങള്‍ക്കു കുടപിടിക്കുന്നതെന്നു പറയുകയായിരുന്നു. പിന്നെ പത്തു വര്‍ഷത്തിനു ശേഷം ഓര്‍മ്മിക്കുമ്പോള്‍, ഓര്‍മ്മിക്കത്തക്കതൊന്നും ആ പുസ്തകങ്ങളില്‍ നിന്നു കിട്ടിയിട്ടില്ല എന്നു സൂചിപ്പിക്കുകയായിരുന്നു.
ജ്ഞാനപീഠം കിട്ടിയപ്പോള്‍ എം.ടി തന്നെ ഒരു കമന്റിറക്കിയിരുന്നു...വിജയനു കിട്ടാത്ത ജ്ഞാനപീഠത്തിന്റെ പ്രസക്തിയെക്കുറിച്ച്. എന്നാല്‍ വിജയനു കിട്ടേണ്ടിയിരുന്ന പുരസ്കാരം തന്റെ ലോബിയിങ്ങിലൂടെ എം.ടി കരസ്ഥമാക്കിയതാണെന്നു ഞാന്‍ കരുതുന്നു. [വെറും ആരോപണം മാത്രം]. മരണം വരെ വിജയനു ജ്ഞാനപീഠം കിട്ടാതെ നോക്കാനും എം.ടിയ്ക്കു കഴിഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ രണ്ടു ശരാശരി പുസ്തകങ്ങള്‍ മാത്രമെഴുതിയ അദ്ദേഹം ഇന്നും സാംസ്കാരിക നായകനായി നിറഞ്ഞു നില്ക്കുന്നു എന്നതു തന്നെ എന്താണു സൂചിപ്പിക്കുന്നത്..?
അദ്ദേഹത്തിനു ജ്ഞാനപീഠം കിട്ടിയ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടക്കം മുതല്‍ ഒടുക്കം വരെ എം.ടി മാത്രമായിരുന്നു. അന്നദ്ദേഹം അതിന്റെ എഡിറ്ററായിരുന്നു എന്നോര്‍ക്കണം. (എം.ടിയോടുള്ള ഭക്തി കാരണം അന്നു ഞാനതെടുത്തു സൂക്ഷിച്ചു വെച്ചു.) ഞാനിതൊക്കെ പറഞ്ഞതിന്റെ പൊരുള്‍ പെരിങ്ങോടനു മനസ്സിലായികാണും എന്നു കരുതുന്നു. എം.ടിയ്ക്ക് മലയാളസാഹിത്യത്തില്‍ ഇന്നുള്ള സ്ഥാനം അദ്ദേഹത്തിനു അര്‍ഹതപ്പെട്ടതു തന്നെയോ എന്നു തന്നെയാണ് എന്റെ സന്ദേഹം.
Post a Comment