കുഞ്ഞി കുശുമ്പ്
രണ്ടര വയസ്സുള്ള ഉണ്ണിക്കുട്ടന് ആഹാരം കൊടുക്കുന്നതാണ് ശ്രമകരമായ ജോലി. അതിലും ബുദ്ധിമുട്ടാണ് നാലുവയസ്സുള്ള അമ്മുവിന് ആഹാരം കൊടുക്കാന്‍. ആദ്യ കുട്ടി ആയതിനാല്‍ അമ്മയും അച്ഛനും അതിലേറെ അപ്പൂപ്പനും അമ്മൂമ്മയും ലാളിച്ച് വഷളാക്കിയതാണ് അമ്മുവിനെ എന്നാണ് അയല്പക്കക്കാര്‍ രഹസ്യമായി പറയുന്നത്. അല്ലെങ്കില്‍പിന്നെ നാലുവയസ്സുള്ള കുട്ടിയെ ഊട്ടണ്ട വല്ല കാര്യവുമുണ്ടോ ? എത്രയോകുട്ടികള് തനിയെ അടുക്കളയിലിരുന്ന് ആഹാരം കഴിക്കുന്നു. അമ്മുവിനെന്തെങ്കിലും കൊടുക്കുന്നത് ഇച്ചിരി പുതുമ തന്നെ, ഒന്നുകില്‍ പറമ്പില്‍ കൊണ്ട് നടന്നുള്ള തീറ്റി , അല്ലെങ്കില്‍ കഥ പറഞ്ഞുകൊണ്ടുള്ള അമ്മൂമ്മയുടെ special ഊട്ട്. വേലക്കാരി വഴിയില്‍വച്ച് ആരോടോ ഇതൊക്കെ പറഞ്ഞ് നെടുവീര്‍പ്പിടുന്നതും ഞാന്‍ കണ്ടതാണ്.
അങ്ങനെയാണ് രസകരമായ ആ സംഭവവും ഞാന്‍ അറിയുന്നത്. ഉണ്ണിക്കുട്ടന് അമ്മു നല്ല അടികൊടുത്ത കഥയായിരുന്നു അത്. സംഭവം ഇങ്ങനെ. അമ്മുവും അച്ചനും അമ്മയും കൂടി സിനിമ കാണാന്‍ പോയപ്പോള്‍ ഉണ്ണിക്കുട്ടനെ വീട്ടിലേല്‍പ്പിച്ചിട്ടാണ് പോയത്. സിനിമ കണ്ട് വന്നയുടെനെ അമ്മു അച്ചാമ്മയുടെ അടുത്തേക്കോടി
"എങ്ങനുണ്ട് മോളെ സിനിമ "?
അച്ചാമ്മ കണ്ടയുടെനെ ചോദിച്ചു. അതൊന്നും തീരെ ശ്രദ്ധിക്കാതെ ഉടനെ അമ്മു ചോദിച്ചു
"അച്ചാമ്മെ, ഉണ്ണിക്കുട്ടന് ചോറുകൊടുത്തതാരാ ?
" അച്ചാമ്മ, എന്താ മോളേ? "
ഉത്തരം പറയുന്നതിന്‌മുന്‍പേ അമ്മു വെളിയിലോട്ടോടി
പിന്നെ കേട്ടത് ഉണ്ണിക്കുട്ടണ്റ്റെ കരച്ചിലായിരുന്നു എല്ലാവരും അതുകേട്ട് ഓടിവന്നു
“എന്തോ ചെയ്തെടി എണ്റ്റെ കൊച്ചിനെ നീ ?”
അമ്മ ഉച്ചത്തില്‍ ചോദിച്ചു.
അമ്മു അടിച്ചു എന്ന് കരഞ്ഞുകൊണ്ട് ഉണ്ണികുട്ടന്‍ തന്നെ പറഞ്ഞു.
“എന്തിനാടി കൊച്ചിനെ നോവിച്ചത്? ”
അമ്മയുടെ ദേഷ്യം കൂടുന്നുണ്ടായിരുന്നു
“അച്ചാമ്മയല്ലെ കുട്ടന് ചോറ് കൊടുത്തത് ? ”
“അതിന്?”
“എന്നോട് പറഞ്ഞ മുഴുവന്‍ കഥകളും അച്ചാമ്മ ഇവനോടും പറഞ്ഞിട്ടുണ്ടാവും എന്തിനാ അങ്ങനെ ചെയ്തത് ?”
കുഞ്ഞികുശുമ്പ് കേട്ട് അടിക്കാന്‍ വന്നവര്‍ കൂടി ചിരിച്ചുപോയി